"സ്റ്റുപ്പിഡ്... സ്റ്റുപ്പിഡ്... സ്റ്റുപ്പിഡ്..." പരാമർശം യഥാർഥത്തിൽ ചേരുക വിരാടിനാണെന്നും ഇന്ത്യൻ ആരാധകരിൽ ചിലർ കൂട്ടിച്ചേർത്തു
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ലെജൻഡ് വിരാട് കോഹ്‌ലിക്കെതിരെ വാളോങ്ങി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകർ. മെൽബണിൽ റിഷഭ് പന്തിനെ വിമർശിക്കാൻ സുനിൽ ഗവാസ്കർ പ്രയോഗിച്ച "സ്റ്റുപ്പിഡ്... സ്റ്റുപ്പിഡ്... സ്റ്റുപ്പിഡ്..." പരാമർശം യഥാർഥത്തിൽ ചേരുക വിരാടിനാണെന്നും ഇന്ത്യൻ ആരാധകരിൽ ചിലർ കൂട്ടിച്ചേർത്തു.
സിഡ്നി ടെസ്റ്റിൽ നിന്ന് രോഹിത് ശർമ പിന്മാറിയതോടെ വിമർശകരുടെ ശ്രദ്ധ മുഴുവൻ കോഹ്‌ലിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പരമ്പരയിൽ എട്ട് തവണയും ഓഫ് സൈഡിന് പുറത്തെ പന്തിൽ ബാറ്റ് വെച്ച് ഓസീസ് ഫീൽഡർമാർക്ക് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങുകയാണ് വിരാട് ചെയ്തത്. നിരന്തരം വിമർശിക്കപ്പെട്ടിട്ടും ഓസ്ട്രേലിയയിലെ ബൗൺസും മൂവ്‌മെൻ്റ്സും ലഭിക്കുന്ന പിച്ചിൽ തൻ്റെ ടെക്നിക്കോ സ്റ്റാൻഡിങ് പൊസിഷനോ മെച്ചപ്പെടുത്താൻ കോഹ്‌ലിക്ക് സാധിക്കാത്തതാണ് വിമർശിക്കപ്പെടുന്നത്.
കടുത്ത ഭാഷയിലാണ് ആരാധകർ കോഹ്‌ലിയെ വിമർശിക്കുന്നത്. "താങ്കളുടെ സേവനങ്ങൾക്ക് പെരുത്ത് നന്ദിയുണ്ട്, ഇനി രാജിവെച്ച് പുറത്തുപോകൂ," എന്നൊരാൾ എക്സിൽ കുറിച്ചു.
കോഹ്ലിയുടെ മനോഹരമായ കവർ ഡ്രൈവുകൾ കണ്ടിരുന്ന പാകത്തിലുള്ള പന്തുകളിലാണ് ഇപ്പോൾ അദ്ദേഹം പുറത്താകുന്നതെന്ന് മറ്റൊരു ആരാധകൻ എക്സിൽ കുറിച്ചു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ മാത്രം എട്ട് തവണയാണ് സമാനമായ രീതിയിൽ ഓസീസ് ടീമൊരുക്കിയ ഓഫ് സൈഡ് ട്രാപ്പിൽ കോഹ്‌ലി വീണത്.
ഇന്ത്യൻ ബാറ്റർമാരുടെ കൈക്കുഴകൾ ചലിപ്പിച്ചു കൊണ്ടുള്ള, റിസ്റ്റ് ഷോട്ടുകളോടുള്ള അമിതമായ ആരാധനയാണ് ഓസീസ് ബൗളർമാർ മുതലെടുക്കുന്നത്. ഗാംഗുലിയും ദ്രാവിഡും മാത്രമാണ് ഓഫ് സൈഡിൽ മികവ് അവകാശപ്പെടാവുന്ന മുൻ താരങ്ങളെന്നും ഒരു ഇന്ത്യൻ ആരാധകൻ എക്സിൽ കുറിച്ചു.
ALSO READ: ഞാൻ രണ്ടു കുട്ടികളുടെ പിതാവ്, എപ്പോൾ പോകണമെന്ന് പറയേണ്ടത് പുറത്തുള്ളവരല്ല: രോഹിത് ശർമ