വാട്ടർ ടാങ്ക് ക്ലീനിംഗ് സ്ഥാപനം നടത്താനായി ജെൻസൺ പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് ഏഴര ലക്ഷം രൂപ ലോൺ എടുത്തിരുന്നു. വൃക്കരോഗിയായ പിതാവ് ജയനോ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്യുന്ന മാതാവ് മേരിക്കോ ഈ ബാധ്യത താങ്ങാവുന്നതല്ല.
മലയാളികളെ ഏറെ വേദനിപ്പിച്ചതായിരുന്നു വയനാട് അമ്പലവയൽ സ്വദേശി ജെൻസന്റെ മരണം. ഉരുൾപൊട്ടലിനിടെ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെ ചേർത്ത് പിടിച്ച് മലയാളികളുടെ മനസ്സിലിടം നേടിയ ജെൻസൻ്റെ കുടുംബം ഇപ്പോൾ കുടിയിറക്ക് ഭീഷണിയിലാണ്. ബിസിനസ് ആവശ്യത്തിനായി ജെൻസൺ എടുത്ത ലോൺ തുകയാണ് കുടുംബത്തെ ജപ്തിയുടെ വക്കിലെത്തിച്ചിരിക്കുന്നത്.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായി 41 ദിവസം കൂടെ നിന്ന ജെൻസൻ ഇരുവരുടെയും വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വാഹനാപകടത്തിൽ മരിച്ചത്. ഉള്ളുനീറി ജീവിതം മുമ്പോട്ട് പോകുന്നതിനിടെയാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കി ജപ്തി നോട്ടീസ് എത്തിയത്. വാട്ടർ ടാങ്ക് ക്ലീനിംഗ് സ്ഥാപനം നടത്താനായി ജെൻസൺ പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് ഏഴര ലക്ഷം രൂപ ലോൺ എടുത്തിരുന്നു. കൊവിഡ് സമയത്ത് പോലും മുടങ്ങാതിരുന്ന അടവ് പക്ഷെ ജെൻസന്റെ വിയോഗത്തിന് പിന്നാലെ മുടങ്ങി. വൃക്കരോഗിയായ പിതാവ് ജയനോ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്യുന്ന മാതാവ് മേരിക്കോ ഈ ബാധ്യത താങ്ങാവുന്നതല്ല.
കടമെടുത്ത ഏഴ് ലക്ഷത്തിൽ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെ ജെൻസൺ മുടങ്ങാതെ അടച്ചുപോന്നിരുന്നു. എന്നാൽ മകൻ്റെ മരണശേഷം അടവ് മുടങ്ങുകയായിരുന്നെന്ന് ജെൻസൻ്റെ പിതാവ് ജയൻ പറഞ്ഞു. അംഗനവാടിയിലെ ചെറിയ ജോലി കൊണ്ട് എങ്ങനെ അടവടച്ച് തീർക്കുമെന്നാണ് അമ്മ മേരിയുടെ ചോദ്യം.
മാസം 14,500 രൂപയാണ് ലോണിന്റെ അടവ്. കെട്ടിടവാടക കുടിശ്ശികയായതോടെ സ്ഥാപനവും പൂട്ടി. വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പിന്നോക്ക വികസന കോർപറേഷനും ലീഗൽ സർവീസ് അതോറിറ്റിക്കും അപേക്ഷ നൽകി. എന്നാൽ വായ്പ തുകയുടെ പകുതി അടച്ചാൽ മാത്രമേ ഇളവിന് പരിഗണിക്കാൻ കഴിയുകയുള്ളൂ എന്നാണ് പിന്നാക്ക കോർപറേഷന്റെ നിലപാട്.
മൂന്ന് ലക്ഷം രൂപയെങ്കിലും അടച്ചാൽ മാത്രമെ വായ്പ എഴുതിതള്ളാൻ കഴിയൂ എന്ന് പിന്നാക്ക കോർപ്പറേഷൻ അറിയച്ചതായി ജെൻസൻ്റെ പിതാവ് പറയുന്നു. മൂന്ന് ലക്ഷമെന്ന തുക തങ്ങൾക്ക് നിലവിൽ താങ്ങാൻ കഴിയാവുന്നതിലപ്പുറമാണെന്ന പറഞ്ഞ ജയൻ, മകനുണ്ടായിരുന്നെങ്കിൽ കൃത്യമായി അടവ് പൂർത്തിയാക്കുമായിരുന്നെന്നും വേദനയോടെ കൂട്ടിച്ചേർത്തു.
ജനപ്രതിനിധികൾക്കടക്കം അപേക്ഷ നൽകിയെങ്കിലും ഇതുവരെ ഒരു പരിഹാരവുമായിട്ടില്ലെന്നും കുടുംബം പറയുന്നു. മറ്റ് കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ഭീമമായ ലോൺ തുക മാത്രം ഒഴിവാക്കിത്തരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.