ലോണുകൾ എഴുതിത്തള്ളുക എന്നത് സർക്കാരിൻ്റെ നയത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന വിഷയം സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പരിഗണിക്കാമെന്ന് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാറിൻ്റെ വിശദീകരണം. ലോണുകൾ എഴുതിത്തള്ളുക എന്നത് സർക്കാരിൻ്റെ നയത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.
തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര സർക്കാർ. വായ്പ എഴുതിത്തള്ളാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും എന്നാൽ അതിനായി ദേശീയ ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി കൂടി തീരുമാനമെടുക്കണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അതേസമയം, വായ്പ എഴുതിത്തള്ളാനായി ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും കേന്ദ്ര സർക്കാർ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 9ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വയനാട് ദുരന്തബാധിതരുടെ ലോൺ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചിരുന്നു. വായ്പകൾ എഴുതിത്തള്ളാൻ ആവില്ലെന്നും വേണമെങ്കിൽ മൊറട്ടോറിയം അനുവദിക്കാമെന്നുമാണ് കേന്ദ്രം അറിയിച്ചത്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ, എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്ന ഹർജിയിലാണ് കേന്ദ്രത്തിൻ്റെ നിലപാട് കേരളം അറിയിച്ചത്.
ALSO READ: "ദുരന്തബാധിതർക്ക് കടാശ്വാസമില്ല"; കേന്ദ്ര നിലപാട് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ
കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ ദുരന്തബാധിതരോട് കാണിക്കുന്ന കേന്ദ്ര അവഗണനയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അന്ന് വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം നൽകി മുതലും പലിശയും പുനഃക്രമീകരിക്കാൻ തീരുമാനമായെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്.