2022ല്‍ യുഎസ് സുപ്രീം കോടതി ഗർഭചിദ്രത്തിനുള്ള ഫെഡറല്‍ പരിരക്ഷ റദ്ദാക്കിയതിനു ശേഷം റിപ്പബ്ലിക്കന്‍ പാർട്ടിയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥിയായ ട്രംപ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രത്യുല്‍പാദന അവകാശങ്ങള്‍
യുഎസിൽ രണ്ടാം വട്ടവും അധികാരത്തിലെത്തിയാല്‍ ഇന്‍ വിട്രോ ഫെർട്ടിലൈസേഷന്‍ (ഐവിഎഫ്) ചെലവുകള്‍ സർക്കാര്‍ ഏറ്റെടുക്കുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ച് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ആവശ്യമുള്ള എല്ലാ അമേരിക്കക്കാർക്കും, ഐവിഎഫ് ചെലവുകള്‍ സർക്കാരോ ഇന്‍ഷൂറന്‍സ് കമ്പനികളോ ലഭ്യമാക്കുമെന്നായിരുന്നു ട്രംപിന്‍റെ വാഗ്ദാനം. എന്നാല്‍, എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുക എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ട്രംപ് വ്യക്തമാക്കിയില്ല. മിഷിഗണിലെ പോട്ടർവില്ലെയിൽ റിപ്പബ്ലിക്കന്‍ പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ട്രംപിന്‍റെ ഈ പ്രഖ്യാപനം.
2022ല്‍ യുഎസ് സുപ്രീം കോടതി ഗർഭഛിദ്രത്തിനുള്ള ഫെഡറല്‍ പരിരക്ഷ റദ്ദാക്കിയ ശേഷം, റിപ്പബ്ലിക്കന്‍ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായ ട്രംപ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രത്യുല്‍പാദന അവകാശങ്ങള്‍. സുപ്രീം കോടതിക്ക് പിന്നാലെ അലബാമ കോടതി കൃത്രിമ ഗർഭധാരണത്തിനായി സൂക്ഷിക്കുന്ന ശീതീകരിച്ച ബീജങ്ങളേയും കുട്ടികളായി പരിഗണിക്കണമെന്ന് ഉത്തരവിട്ടത് ട്രംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. കോടതിയുടെ തീരുമാനത്തിന് പിന്നാലെ പല ക്ലിനിക്കുകളും ഐവിഎഫ് ചികിത്സ നിർത്തിവെച്ചിരുന്നു. എന്നാല്‍ താന്‍ ഐവിഎഫ് ചികിത്സയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തുകയായിരുന്നു.
അമേരിക്കയില്‍, ഒറ്റത്തവണ ഐവിഎഫ് ചികിത്സ നടത്താനായി 20,000 ഡോളറോ അതിലധികമോ ചെലവ് വരും. ഈ തുക സർക്കാർ വഹിക്കുമെന്നാണ് ട്രംപ് പറയുന്നത്. മാത്രമല്ല, അടുത്ത വട്ടം അധികാരത്തിലെത്തിയാല്‍ പ്രസവവുമായി ബന്ധപ്പെട്ട് ടാക്സ് ഇളവുകള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ കുടുംബങ്ങള്‍ക്കൊപ്പമാണ്' എന്നായിരുന്നു ട്രംപിന്‍റെ ആഹ്വാനം.
അലബാമ കോടതി വിധിക്ക് ശേഷം കൃത്രിമ ഗർഭധാരണം സംബന്ധിച്ച് ട്രംപിന് ഉറച്ച നിലപാടാണുള്ളത്. എന്നാല്‍ ഗർഭഛിദ്രത്തില്‍ വലിയതോതില്‍ നിലപാടുമാറ്റങ്ങള്‍ കഴിഞ്ഞ കുറച്ച് കാലമായി റിപ്പബ്ലിക്കന്‍ സ്ഥാനാർഥി വരുത്തിയിട്ടുണ്ട്. യുഎസിലെ വിവിധ സ്റ്റേറ്റുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഗർഭഛിദ്ര നിയമങ്ങളെന്നാണ് നിലവിലെ ട്രംപിന്‍റെ നിലപാട്. തെരഞ്ഞെടുപ്പില്‍ സ്വിങ് സ്റ്റേറ്റുകളെ കൂടെ നിർത്താനുള്ള തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നയത്തെ വിലയിരുത്തുന്നത്.