fbwpx
രാജ്യത്തെ പൊതു തെരഞ്ഞെടുപ്പുകൾക്ക് പുതിയ മുഖം! എന്താണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'
logo

ലിന്റു ഗീത

Last Updated : 17 Dec, 2024 10:28 AM

രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും നിശ്ചിത സമയപരിധിക്കുള്ളിൽ സമന്വയിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാരിൻ്റെ പരിഗണനയിലുള്ള ഒരു നിർദ്ദേശമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്

EXPLAINER


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, 2014ൽ ബിജെപി സർക്കാർ അധികാരത്തിലേറിയതു മുതലാണ് അത് വീണ്ടും ചർച്ചയാകുന്നത്. രാജ്യത്തുടനീളം ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പ്രാഥമികമായി ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യം പഠിക്കാനായി രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. മറ്റു രാജ്യങ്ങളിലെ മികച്ച തെരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ച് പാനൽ പഠിച്ചു.

39 രാഷ്ട്രീയ പാർട്ടികൾ, സാമ്പത്തിക ശാസ്ത്രജ്ഞർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരുമായി ചർച്ചകൾ നടത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് വലിയ പിന്തുണ ലഭിച്ചെന്നും, നിലവിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ പൊളിച്ചെഴുതാൻ പാകത്തിനുള്ള നിയമപരവും സുസ്ഥിരവുമായ പുതിയ സംവിധാനം വേണമെന്നും പലരും അഭിപ്രായപ്പെട്ടുവെന്നാണ് ആശയത്തെക്കുറിച്ച് പഠിച്ച സമിതി പറഞ്ഞത്. ആ പഠന റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രി സഭ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.


എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്?

രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും നിശ്ചിത സമയപരിധിക്കുള്ളിൽ സമന്വയിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാരിൻ്റെ പരിഗണനയിലുള്ള ഒരു നിർദേശമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം, അല്ലെങ്കിൽ നിശ്ചിത കാലാവധിക്കുള്ളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക എന്നതാണ് പ്രധാനമായും മുന്നോട്ട് വെക്കുന്ന നിർദേശം. 100 ദിവസത്തിനുള്ളിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.


അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഒരു പുതിയ ആശയമല്ല. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ ഏതാനും പൊതു തെരഞ്ഞെടുപ്പുകൾ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ഒരേസമയമാണ് നടന്നിരുന്നത്. 1952, 1957, 1962, 1967 വർഷങ്ങളിലാണ് രാജ്യത്ത് ഇത്തരത്തിൽ തെരഞ്ഞെടുപ്പുകൾ നടന്നത്. 1968ലും 1969ലും ചില സംസ്ഥാന നിയമ സഭകൾ കാലാവധി തീരും മുന്നേ പിരിച്ചുവിട്ടതോടെ രാജ്യത്ത് ഈ സംവിധാനം ഇല്ലാതാവുകയായിരുന്നു. 2014ൽ ബിജെപി സർക്കാർ അധികാരത്തിലേറിയതു മുതലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും ചർച്ചകളിൽ ഇടം നേടുന്നത്.


ALSO READ: നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


പൊതുപണം ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കുമെന്നും വികസന പ്രവർത്തനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുമെന്നും പ്രസ്താവിച്ചുകൊണ്ടാണ് അന്ന് കേന്ദ്രം ഈ ആശയം വീണ്ടും അവതരിപ്പിച്ചത്. പിന്നീടിങ്ങോട്ടായി പലഘട്ടങ്ങളിലും ബിജെപിയും എൻഡിഎ സർക്കാരും ഇതേ ആവശ്യം ഉയർത്തിയിട്ടുണ്ട്. തുടർന്ന് 2015 നു ശേഷം മൂന്ന് സമിതികൾ ഇതിനെപറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമ-നീതിന്യായ പർലമെന്ററി സറ്റാൻഡിങ് കമ്മിറ്റി 2015 ലും, നിതി ആയോഗ് 2017 ലും, നിയമ കമ്മീഷൻ 2018 ലും ആണ് ഇതേപ്പറ്റിയുള്ള റിപ്പോർട്ട് നൽകിയത്. മൂന്ന് സമിതികളും രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്.

രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഇതിനെപ്പറ്റിയുള്ള സർക്കാരിൻ്റെ യുക്തിയെക്കുറിച്ചുള്ള രൂപരേഖ നൽകുകയും ഉണ്ടാകാനിടയുള്ള ചില തടസ്സങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്തിരുന്നു. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതോടെ പോളിംഗ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയും വിന്യസിക്കുന്നത് വെട്ടിക്കുറയ്ക്കുകയും, പൊതു ഖജനാവും രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രചാരണത്തിന്റെ ചെലവ് കുറയ്ക്കുകയും ചെയ്യുന്നതോടെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് മേഘ്‌വാൾ മുന്നോട്ട് വയ്ക്കുന്നത്.

ALSO READ: ഇന്ത്യൻ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്രത്തിന് സര്‍വാധികാരം നല്‍കാനുള്ള അജണ്ട; 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി'നെതിരെ മുഖ്യമന്ത്രി


അടിക്കടി ഉണ്ടാകുന്ന വോട്ടെടുപ്പുകളിൽ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നത്, കേന്ദ്രമോ സംസ്ഥാനമോ മുന്നോട്ട് വയ്ക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ഒറ്റത്തവണയുള്ള തെരഞ്ഞെടുപ്പ് വോട്ടർമാരുടെ പോളിംഗിനെ മെച്ചപ്പെടുത്തുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.


ALSO READ: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതി നടപ്പിലാകുമോ? ബിജെപി മുന്നൊരുക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ട്



2015 ലെ പോൾ പാനൽ റിപ്പോർട്ട്

ഒമ്പത് വർഷം മുമ്പ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് ഒരു സാധ്യതാ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സർക്കാരുകൾ പരാജയപ്പെടുന്ന സമയം, പുതിയ മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ നാമനിർദ്ദേശം ചെയ്യുമ്പോൾ അവരും അവിശ്വാസ പ്രമേയം നേരിടുന്നതടക്കമുള്ള കാര്യങ്ങൾ അതിൽ ഉൾപ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.


കൂടാതെ ആദ്യ ഗവൺമെന്റിനെ പിരിച്ചു വിടുമ്പോൾ ശേഷിക്കുന്ന കാലയളവിലേക്ക് ഒരു സർക്കാരിനെ തെരഞ്ഞെടുക്കാൻ ഒരു ഹ്രസ്വകാല തെരഞ്ഞെടുപ്പ് മാത്രമേ നടത്താവൂ എന്നും അത് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയകൾ സമന്വയിപ്പിക്കാൻ സഹായിക്കുന്നതിനാവശ്യമായ നിബന്ധനകൾ നീട്ടുകയോ ചുരുക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള വിവിധ നടപടികളും അത് നിർദ്ദേശിച്ചു.


വിമർശനങ്ങൾ



ഇത്തരമൊരു സംവിധാനം നിലവിൽ സാധ്യമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.  ഭരണഘടനയുടെ അടിസ്ഥാന ഘടനയെ അട്ടിമറിക്കാനുള്ള ഒരു രൂപകൽപ്പനയാണ് ഇത് എന്നാണ് മമത വിശേഷിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിലും സമാനമായ വിമർശനം ഉന്നയിച്ചിരുന്നു. ജനാധിപത്യ വികേന്ദ്രീകരണത്തിനുള്ള ഭീഷണി എന്നാണ് സ്റ്റാലിൻ ഇതിനെ വിശേഷിപ്പിച്ചത്. ഇത് അപ്രായോഗികമാണ് എന്നും ഇന്ത്യൻ ഭരണഘടനയിൽ ഇതിനെപ്പറ്റി പരാമർശമില്ല എന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്ററി ജനാധിപത്യം എന്ന ആശയത്തെയും ഭരണഘടനയുടെ അടിസ്ഥാന ഘടനയെയും ഇത് തകർക്കുമെന്നാണ് എഎപി മേധാവി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്.


ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് കോൺഗ്രസും ആരോപിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും വ്യക്തമാക്കിയിരിക്കുന്നു. നിലവിലെ ഭരണഘടനയ്ക്ക് കീഴിൽ അത് നടപ്പിലാക്കുക സാധ്യമല്ല. അതിനു കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ആവശ്യമാണ്. എന്നാൽ ആ ഭരണഘടനാ ഭേദഗതികൾ ലോക്‌സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാനുള്ള ഭൂരിപക്ഷം മോദിക്കില്ല എന്നും ചിദംബരം പറഞ്ഞിരുന്നു.


വെല്ലുവിളികൾ


ഒരു ഭരണഘടനാ ഭേദഗതി നടപ്പിലാക്കുകയും ആ ഭേദഗതി രാജ്യത്തെ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ അംഗീകരിക്കുകയോ ചെയ്യാതെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നടപ്പിലാക്കാൻ കഴിയില്ല. ഇതിനായി ഭരണഘടനയിലെ അഞ്ച് ആർട്ടിക്കിൾ എങ്കിലും ഭേദഗതി ചെയ്യേണ്ടി വരും. എന്നാൽ അത് ഫെഡറലിസത്തിൻ്റെ ആശയങ്ങളെ ഇല്ലാതാകുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

പാർലമെൻ്റിൻ്റെ കാലാവധിയെ പറ്റിപറയുന്ന ആർട്ടിക്കിൾ 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടൽ- ആർട്ടിക്കിൾ 85, സംസ്ഥാന നിയമസഭകളുടെ കാലാവധി- ആർട്ടിക്കിൾ 172, സംസ്ഥാന നിയമസഭകളുടെ പിരിച്ചുവിടൽ-ആർട്ടിക്കിൾ 174, രാഷ്ട്രപതി ഭരണം- ആർട്ടിക്കിൾ 356 എന്നിവയിലാണ് ഭേദഗതി ആവശ്യമായി വരിക.


ഇത്തരത്തിൽ നിയമ ഭേദഗതികൾ വരുത്തി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സംവിധാനം നിലവിൽ വന്നാൽ തന്നെയും ഒരു സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ വരികയോ സർക്കാർ പിരിച്ചുവിടുകയോ ചെയ്യപ്പെട്ടാൽ ഉണ്ടാവുന്ന പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്നതാണ് ഈ നിയമം നടപ്പിലാവുന്നതോടെയുള്ള പ്രധാന വെല്ലുവിളി. അതായത് ഇതോടെ സംസ്ഥാനങ്ങളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടുക അസാധ്യമാകും.

ലോക്സഭയിലേയ്ക്കും രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും രാജ്യത്തെ മുഴുവൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രാദേശിക പ്രശ്നങ്ങൾക്ക് ലഭിക്കേണ്ട പ്രാധാന്യം കുറയുമെന്നുള്ളതാണ് എതിർക്കുന്നവരുടെ വാദം. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചയാകുന്നതിന് പകരം രാഷ്ട്രീയം കേന്ദ്രത്തിലെ പൊതുവിഷയങ്ങളിലേക്ക് ചുരുങ്ങും. ഇത് ഫെഡറലിസത്തിൻ്റെ ആശയങ്ങൾക്ക് വിരുദ്ധമാണ്.


ALSO READ: നിലവിലെ ഭരണഘടനയ്ക്ക് കീഴിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല, പ്രധാനമന്ത്രി പറയുന്നത് മുഴുവൻ വിശ്വസിക്കരുത്; പി. ചിദംബരം


ഈ ശുപാർശ നടപ്പിലാക്കിയാൽ നിലവിൽ സംസ്ഥാനങ്ങളിലും മറ്റും ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ കാലാവധി കുറയുമെന്നതായാണ് പ്രധാന വിമർശനം. അതായത് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും തെരഞ്ഞെടുപ്പ് നടത്താനാണ് സമിതിയുടെ ശുപാർശ. അങ്ങനെയാണെങ്കിൽ 2026ലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിൻ്റെ കാലാവധി മൂന്നു വർഷം മാത്രമായിരിക്കും.


കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വാങ്ങുന്നതിനുള്ള ആവർത്തിച്ചുള്ള ചെലവും വെല്ലുവിളിയാണ്. ഇത് 15 വർഷം കൂടുമ്പോൾ 10,000 കോടി രൂപയോളം വരുമെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.

നേട്ടങ്ങൾ

രാജ്യത്തെ പൊതു തെരഞ്ഞെടുപ്പുകൾക്കായി മുടക്കുന്ന തുകയുടെ ചെലവ് ചുരുക്കുക തന്നെയാണ് ഇത് കൊണ്ടുള്ള പ്രധാന നേട്ടം. രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് വഴി പൊതു പണം ലാഭിക്കാം എന്നാണ് ഇതിനെ അനുകൂലിക്കുന്ന ഭരണകക്ഷികൾ മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദം.


കൂടാതെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ കഴിയുമെന്നും, ഭരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. കാരണം പലസമയങ്ങളിലുള്ള തെരഞ്ഞെടുപ്പുകൾ മൂലം ഇതിൽ ഏർപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഭരണപരമായ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിയില്ലെന്നാണ് വിമർശനം. സുരക്ഷാ സേനകളുടെ അമിത ജോലിയും ഒറ്റ തെരഞ്ഞെടുപ്പ് വഴി ഇല്ലാതാക്കാൻ കഴിയും.

KERALA
സിഎംആര്‍എല്‍ എക്‌സാലോജിക്കിന് പണം നൽകിയത് തടസമില്ലാത്ത പ്രവര്‍ത്തനത്തിന്;  അഴിമതി തന്നെയെന്ന് എസ്എഫ്‌ഐഒ
Also Read
user
Share This

Popular

KERALA
KERALA
വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി