വിധി വരും വരെ കുറ്റക്കാർ എന്നു പറയാനാകില്ലെന്നത് ശരി. പക്ഷേ, കുറ്റാരോപിതർക്കും രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടാകാൻ പാടില്ല. അത്രയ്ക്കു സുതാര്യത പൊതുജീവിതത്തിൽ കാണിക്കണം. ഡൽഹിയിലെ ജനത ഇപ്പോൾ ഉയർത്തിപ്പിടിച്ചത് ആ ധാർമികതയുടെ പതാകയാണ്
ഇന്ത്യൻ ജനാധിപത്യത്തിലെ രാഷ്ട്രീയ ധാർമികതയാണ് ഡൽഹിയിൽ വിധിഎഴുതിയത്. രണ്ടാം യുപിഎ സർക്കാരും ഷീലാ ദീക്ഷിതും തോറ്റ അതേ കാരണങ്ങൾ കൊണ്ട് അരവിന്ദ് കേജ്രിവാളും തോറ്റു. ഇതു വർഗീയമായ വിധിയെഴുത്ത് എന്നു ചുരുക്കിയാൽ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ഇതേ ജനതതന്നെ ആംആദ്മി പാർട്ടിയെ ജയിപ്പതെങ്ങനെ? 81.75 ശതമാനം ഹിന്ദുക്കളുള്ള സംസ്ഥാനം 25 വർഷമായി ബിജെപിയെ അടുപ്പിക്കാതിരുന്നത് എങ്ങനെ?
15 വർഷം ഭരിച്ച ഷീലാ ദീക്ഷിത്തും 10 വർഷം ഭരിച്ച അരവിന്ദ് കെജ്‌രിവാളും പുറത്തായത് ഒരേ കാരണം കൊണ്ടാണ്. രാഷ്ട്രീയ വിരോധം തീർക്കാൻ ബിജെപി പിടിച്ചു ജയിലിലിട്ടതാണെന്നു തന്നെ കരുതുക. അതു കോടതിയിൽ തെളിയിച്ച് കുറ്റവിമുക്തനായി അരവിന്ദ് കേജ്രിവാളിന് മടങ്ങിവരാം. അതാണ് ഡൽഹി ജനത നൽകിയ വിധി. ഇന്ദിരാ ഗാന്ധി മുതൽ ജെ. ജയലളിത വരെ അങ്ങനെ ജയിലിൽ പോയ ശേഷം അധികാരത്തിലേക്ക് മടങ്ങിവന്നവരാണ്.
ഡൽഹിയിൽ വിധിയെഴുതിയ യഥാർത്ഥ ആം ആദ്മി
വർഗീയവൽക്കരിക്കപ്പെട്ട ഫലം എന്ന് ഈ ഡൽഹി വിധിയെ ഇനിയും വിളിക്കരുത്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഏറ്റവും ആദ്യം വർഗീയവൽക്കരിക്കപ്പെട്ട സംസ്ഥാനം ഡൽഹിയാണ്. 1951ലെ ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘം 30 ശതമാനം വോട്ടും അഞ്ച് സീറ്റും നേടിയതാണ് ഡൽഹിയിൽ. രാജ്യത്തെ രണ്ടാമത്തെ പാർട്ടിയായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് അന്ന് ഡൽഹിയിൽ 24 ശതമാനം വോട്ടേ ലഭിച്ചുള്ളു. ഒരു സീറ്റു പോലും കിട്ടിയതുമില്ല.
ഇത്ര വ്യക്തമായി ബിജെപി അനുകൂല സാഹചര്യമുണ്ടായിരുന്ന ഡൽഹി കഴിഞ്ഞ 25 വർഷമാണ് ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തിയത്. ഇതിനിടെ ഡൽഹിയിലെ എല്ലാ ലോക്സഭാ സീറ്റുകളും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ബിജെപി ജയിക്കുകയും ചെയ്തു. ഇത്തവണ ബിജെപി തിരികെ വന്നത് ആം ആദ്മിക്ക് ബദലായി വേറൊരു പാർട്ടിയും ഇല്ലാതിരുന്നതിനാലാണ്. അതാണ് ആംആദ്മി അഥവാ സാധാരണക്കാരന്‍റെ ശക്തി. പേരിലല്ല ആം ആദ്മി ഉണ്ടാകേണ്ടത്. പാർട്ടിക്ക് പിന്നിലാണ് ആം ആദ്മി അണിനിരക്കേണ്ടത്. പാർട്ടിയുടെ ചിഹ്നമായല്ല ചൂൽ ഉണ്ടാകേണ്ടത്.
അഴിമതിയെയും കെടുകാര്യസ്ഥതയേയും അടിച്ചു പുറത്താക്കാനാണ് ചൂല് ഉപയോഗിക്കേണ്ടത്. ഇത്തവണ അരവിന്ദ് കെജ്‌രിവാളിന് പിന്നിൽ സാധാരണക്കാർ എന്ന ആം ആദ്മി അണിനിരന്നില്ല. അതിന് കാരണം സുവ്യക്തമായി പറയാം. അതു ഡൽഹി മദ്യനയ അഴിമതിക്കേസ് തന്നെയാണ്. ബിജെപിയും കോൺഗ്രസും തമ്മിൽ ആം ആദ്മി പാർട്ടിക്ക് ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞുവച്ചതാണ് ആ കേസ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയിലിൽ കിടന്നത് ഈ രാജ്യത്തെ നിയമസംവിധാനങ്ങൾ ജാമ്യം നിഷേധിച്ചതുകൊണ്ടാണ്. വിധി വരും വരെ കുറ്റക്കാർ എന്നു പറയാനാകില്ലെന്നത് ശരി. പക്ഷേ, കുറ്റാരോപിതർക്കും രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടാകാൻ പാടില്ല. അത്രയ്ക്കു സുതാര്യത പൊതുജീവിതത്തിൽ കാണിക്കണം. ഡൽഹിയിലെ ജനത ഇപ്പോൾ ഉയർത്തിപ്പിടിച്ചത് ആ ധാർമികതയുടെ പതാകയാണ്.
എന്തുകൊണ്ട് അതീഷി നയിച്ചില്ല?
ജയിലിൽ കിടന്ന കാലം മുഴുവൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാതിരുന്നയാളാണ് അരവിന്ദ് കെജ്‌രിവാൾ. ജയിലിനു പുറത്തിറങ്ങിയ ശേഷം അതു രാജിവച്ചത് ധാർമികതയുടെ പേരിലല്ല. കേസുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക രേഖകളും കാണുകയോ പരിശോധിക്കുകയോ ചെയ്യരുത് എന്ന കോടതി പരാമർശം കൊണ്ടാണ്. മുഖ്യമന്ത്രിയായി തുടരാൻ അതോടെ കഴിയില്ലായിരുന്നു എന്നതാണ് പച്ചപ്പരമാർഥം. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മൂന്നാമനായ സഞ്ജയ് സിങ് എംപിയും ഒരേ കേസിലെ പ്രതികളാണ്. അങ്ങനെ അതീഷി സിങ് മുഖ്യമന്ത്രിയായി.
നാലു മാസത്തിനു ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പ് സ്വാഭാവികമായും നയിക്കേണ്ടത് ആരായിരുന്നു? അത് അതിഷിയല്ലാതെ മറ്റാരാണ്? അവിടെ മനീഷ് സിസോദിയ മുതൽ സഞ്ജയ് സിങ് വരെ കെജ്‌രിവാളാണ് അടുത്ത മുഖ്യമന്ത്രി എന്നു പ്രഖ്യാപിച്ചു. നയിക്കുന്നത് താൻ തന്നെ ആയിരിക്കുമെന്ന് ദിവസവും കെജ്‌രിവാളും ആവർത്തിച്ചു. അതിഷി സിങ് ഈ തെരഞ്ഞെടുപ്പ് നയിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നു പൂർണമായും കരുതാൻ കഴിയില്ല. അതിഷിയെ മുന്നിൽ നിർത്തി കെജ്‌രിവാളിന്‍റെ ഭരണം എന്നൊരു പ്രതീതി നാലുമാസം കൊണ്ടു ഉണ്ടായിരുന്നു. മുഖ്യമന്ത്രിയാണെന്ന് ജനങ്ങൾക്കു മുന്നിൽ തെളിഞ്ഞു നിന്നു സ്ഥാപിക്കാൻ അതിഷിക്കും കഴിഞ്ഞില്ല.
ആം ആദ്മി പാർട്ടി നേടിയ വോട്ടുകൾ
ജയിച്ച ബിജെപിക്കും തോറ്റ ആംആദ്മി പാർട്ടിക്കും വോട്ട് വിഹിതത്തിൽ കാര്യമായ വ്യത്യാസമില്ല. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുൻമുഖ്യമന്ത്രിമാരുടെ മക്കളായ വർവേഷ് സാഹിബിന്‍റേയും സന്ദീപ് ദീക്ഷിതിന്‍റേയും മുന്നിൽ അക്ഷരാർത്ഥത്തിൽ വിയർത്തു. മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടും അതിഷി സിങ്ങിന് സംഭവിച്ചതു കണ്ടു. ഇത്രയേറെ സ്ത്രീവിരുദ്ധ മനുഷ്യവിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്ന രമേശ് ബിദുരിയായിരുന്നു അവിടെ എതിരെന്ന് മറക്കരുത്. അതീഷിക്കും പ്രിയങ്ക ഗാന്ധിക്കും എതിരേ രമേശ് ബിദുരി പറഞ്ഞ വഷളത്തരങ്ങളും മറക്കാനാവില്ല. എന്നിട്ടും ഈ ഭൂരിപക്ഷം ഇങ്ങനെ ആയെങ്കിൽ അതിനു കാരണം മുഖ്യമന്ത്രി എന്ന നിലയിൽ നിസ്സഹായയായി അതിഷി നിന്ന മാസങ്ങളാണ്.
അതീഷി ഭേദപ്പെട്ട എംഎൽഎയും മന്ത്രിയുമായിരുന്നു. പക്ഷേ, തികഞ്ഞ പരാജയമായ മുഖ്യമന്ത്രിയും വേറാരുമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് മാസങ്ങളേ ഉണ്ടായിരുന്നുള്ളു. എന്നാൽ ആ ദിവസങ്ങൾ മുഴുവൻ കെജ്‌രിവാളിന്‍റെ എംഎൽഎ ഓഫിസിൽ ഹാജർ വയ്ക്കുകയും അവിടെ നിന്നു പറയുന്നതു മാത്രം നടപ്പാക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു. ഡൽഹി സർക്കാരിന്‍റെ വാർത്താ സമ്മേളനങ്ങളിൽ പോലും അധ്യക്ഷക്കസേരയിൽ ഇരുന്നത് അരവിന്ദ് കെജ്‌രിവാളാണ്. അടുക്കള ഭരണമേ അതിഷിക്കുള്ളൂ എന്ന തോന്നലാണ് ഈ മാസങ്ങൾ ഉണ്ടാക്കിയത്. അടുക്കള മോശം സ്ഥലമല്ലെങ്കിലും പൂമുഖത്ത് ഞെളിഞ്ഞിരിക്കുന്ന വേറെ ആണുങ്ങളെയാണ് ജനം കണ്ടത്. അവർ അതിനു നൽകിയ വോട്ടാണ് ഡൽഹിയിൽ ഇപ്പോൾ കണ്ടത്.
വർഗീയതയ്ക്ക് മേൽ അഴിമതി
ബിജെപി ഹിന്ദുത്വ പാർട്ടിയാണ്. ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസ് ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്ന സംഘടനയുമാണ്. എന്നാൽ അതിലേറെ വർഗീയ നീക്കങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കാണിച്ചത്. സനാതന ധർമ രക്ഷാ സംഘം രൂപീകരിക്കാൻ ആം ആദ്മി പാർട്ടിക്ക് എന്താണ് കാര്യം? രാജ്യത്തിന്‍റെ ജനാധിപത്യത്തിന് സനാതന ധർമവും ഇസ്ലാമിക ധർമവും ക്രൈസ്തവ ധർമവും ബൗദ്ധ ധർമവും ജൈനധർമവും സിഖ് ധർമവും ഒക്കെ ഒരുപോലെയാണ്. അതിൽ ഏതെങ്കിലും ഒന്നിനേയുമോ എല്ലാത്തിനേയുമോ പ്രോൽസാഹിപ്പിക്കേണ്ടത് ആരുടെ കടമയാണ്. അതൊരിക്കലും ഭരണാധികാരികളുടെയോ രാഷ്ട്രീയ പാർട്ടികളുടേയോ ജോലിയല്ല.
ആം ആദ്മി പാർട്ടി ആ സനാതന ധർമ പ്രചാരണം പ്രഖ്യാപിച്ചും പൂജാരിമാർക്ക് മാസം തോറും 18,000 രൂപ വീതം പ്രഖ്യാപിച്ചും നടത്തിയത് ജനാധിപത്യ അഴിമതിയാണ്. വോട്ടു കിട്ടാൻ പച്ചയ്ക്ക് വർഗീയത കാണിക്കുകയാണ് ചെയ്തത്. ഹിന്ദുത്വ പാർട്ടി അപ്പുറത്തുള്ളപ്പോൾ ആം ആദ്മി പാർട്ടിയുടെ ഹിന്ദുത്വയ്ക്ക് വോട്ട് കിട്ടും എന്നു കരുതിയത് തന്നെയാണ് ഈ തിരിച്ചടിയുടെ കാരണം. കോൺഗ്രസിനെക്കുറിച്ച് നേരത്തെ മൃദു ഹിന്ദുത്വ എന്നായിരുന്നു ആരോപണം. ആം ആദ്മി പാർട്ടി പറഞ്ഞു കൊണ്ടിരുന്നതും ഹിന്ദുത്വ തന്നെയായിരുന്നു. അതിനൊപ്പം അഴിമതിയുടെ കാര്യത്തിലും വ്യത്യാസമില്ല എന്നൊരു പ്രതിച്ഛായ വന്നുകൂടി. അതാണ് അധികാര നഷ്ടത്തിന്‍റെ കാരണം.
അഴിമതി കേസിൽ അപ്പീലില്ല
വിഷയം അഴിമതിയാണെങ്കിൽ ഒരു അപ്പീലും പരിഗണിക്കാതെ വിധിയെഴുതുന്നവരാണ് ഇന്ത്യൻ ജനത. മദ്യനയം മാറ്റിയപ്പോൾ നേട്ടമുണ്ടാക്കിയ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയില്ല എന്നു സ്ഥാപിക്കാൻ ആദ്യഘട്ടത്തിൽ കെജ്‌രിവാളിന് കഴിഞ്ഞില്ല. രാഷ്ട്രീയ പ്രേരിതമായി ബിജെപി ഇടപെടലോടെ എടുത്ത കേസ് ആണെന്നു തന്നെ കരുതുക. അവിടെ സുതാര്യമായി നിഷ്കളങ്കത തെളിയിക്കാൻ കഴിയണം. കൽക്കരി കേസിലും ടുജി കേസിലും ഇതു കണ്ടതാണ്. അന്ന് അഴിമതി പുറത്തുകൊണ്ടുവരാൻ യത്നിച്ചയാളാണ് കെജ്‌രിവാൾ. സുതാര്യമാണ് ആ പ്രതിച്ഛായയെങ്കിൽ എന്തുകൊണ്ട് ജനത്തിന് വിശ്വാസമായില്ല.
ആദ്യ തെരഞ്ഞെടുപ്പിൽ വേണ്ടത്ര ഭുരിപക്ഷം ലഭിക്കാതെ പോയപ്പോൾ രണ്ടുമാസം തികയും മുൻപ് തെരഞ്ഞെടുപ്പ് ജനത്തിനു വിട്ടുകൊടുത്ത് രാജിവച്ചയാളാണ് കെജ്‌രിവാൾ. അന്ന് വർധിച്ച ഭൂരിപക്ഷത്തിൽ തിരികെ വരാൻ കാരണം അഴിമതി വിരുദ്ധ പ്രതിച്ഛായ തന്നെയായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് കെജ്‌രിവാൾ പറഞ്ഞത് ജനങ്ങളുടെ കോടതി തീരുമാനിക്കും എന്നാണ്. ജനങ്ങളുടെ കോടതിയുടെ വിധി ഇങ്ങനെയാണ്. ഒരേയൊരു ചോദ്യം ഇനി കെജ്‌രിവാളിനെ വേട്ടയാടും.
കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിലോ? കുറഞ്ഞത് പത്തു സീറ്റിൽ എങ്കിലും കൂടുതലായി ജയിക്കാമായിരുന്നു. അതുമതിയായിരുന്നു ഭരണം പിടിക്കാൻ. ഇന്ത്യാ സഖ്യത്തിലെ മറ്റു പാർട്ടികളെയെല്ലാം അഴിമതിക്കാരാക്കി പുച്ഛത്തോടെ കണ്ടിരുന്ന കെജ്‌രിവാളിന് നിലത്തിറങ്ങി ആലോചിക്കാനുള്ള സമയമാണ് ഇനി. ഇന്ത്യയിലെ ആം ആദ്മി നല്ല ധാർമിക ശക്തിയുള്ളവരാണ്.