അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഓള്‍ ഇന്ത്യ തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത്
77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമായ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' 2024 നവംബറില്‍ പുറത്തിറങ്ങും. റാണാ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ വിതരണം ചെയ്യുന്ന ഈ ചിത്രം രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഓള്‍ ഇന്ത്യ തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത്.
കാന്‍ ഫിലിം ഫെസ്റ്റിവല്‍ മുതല്‍ ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2 ന് ഫ്രഞ്ച് തിയേറ്ററുകളില്‍ അരങ്ങേറ്റം കുറിച്ച ഈ ചിത്രം അവിടെ കോണ്ടോര്‍ ഡിസ്ട്രിബ്യൂഷന്‍ 185 തിയേറ്ററുകളില്‍ റിലീസ് ചെയ്തു. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയ ഈ ചിത്രം ഫ്രാന്‍സിലെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
ഈ നവംബറിലെ ഇന്ത്യന്‍ റിലീസിനെക്കുറിച്ച് താന്‍ വളരെ ആവേശത്തിലാണ് എന്നും അത് കാണാന്‍ ധാരാളം ആളുകള്‍ എത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സംവിധായിക പായല്‍ കപാഡിയ പറഞ്ഞു. ഏതൊരു ചലച്ചിത്ര നിര്‍മ്മാതാവിനും ഇത് ഒരു അത്ഭുതകരമായ വികാരമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് അപ്രതീക്ഷിതമായ ഒരു സമ്മാനം ലഭിക്കുമ്പോള്‍ അസ്വസ്ഥയാകുന്ന നഴ്‌സ് പ്രഭയുടെ ജീവിതത്തെ പിന്തുടരുന്ന ചിത്രം, മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രഭയുടെ റൂംമേറ്റ് അനു, അവളുടെ കാമുകനുമായി അടുപ്പത്തിലാകാന്‍ നഗരത്തില്‍ ഒരു സ്ഥലം കണ്ടെത്താന്‍ വ്യര്‍ത്ഥമായി ശ്രമിക്കുന്നു. ആശുപത്രിയിലെ പാചകക്കാരിയായ പാര്‍വതി, പ്രഭയുടെ സുഹൃത്തും വിശ്വസ്തയുമാണ്. മൂന്ന് സ്ത്രീകളും രത്‌നഗിരിയിലെ ഒരു ബീച്ച് ടൌണിലേക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുന്നതും, അത് അവരുടെ ജീവിത തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കുന്നതുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
മാമിയില്‍ നിന്ന് ആരംഭിച്ച് ഈ നവംബറില്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നതില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്ന് സ്പിരിറ്റ് മീഡിയ സ്ഥാപകന്‍ റാണാ ദഗ്ഗുബതി പറഞ്ഞു. അവിശ്വസനീയമായ ഈ ചിത്രവുമായുള്ള പങ്കാളിത്തം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആകര്‍ഷകവും ചലനാത്മകവുമായ കഥകള്‍ എല്ലായിടത്തുമുള്ള പ്രേക്ഷകര്‍ക്ക് എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഒരു ചുവടുവെപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ഹക്കിം, ജൂലിയന്‍ ഗ്രാഫ് (പെറ്റിറ്റ് കായോസ്), സീക്കോ മൈത്ര (ചാക്ക് ആന്‍ഡ് ചീസ് ഫിലിംസ്), രണബീര്‍ ദാസ് (അനദര്‍ ബര്‍ത്) എന്നിവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പായല്‍ കപാഡിയക്കൊപ്പം സഞ്ചരിച്ചാണ് ഈ മനോഹരമായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
2024 നവംബറില്‍ ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ വികാരങ്ങളെക്കുറിച്ച് ചിന്തനീയമായ പ്രതിഫലനം നല്‍കുന്ന, ഒന്നിലധികം ഭാഷകളും വ്യക്തിഗത ചരിത്രങ്ങളും സമന്വയിപ്പിച്ചു കൊണ്ട് മനോഹരമായി രൂപകല്‍പ്പന ചെയ്ത ഒരു ചലച്ചിത്രാനുഭവം തന്നെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.