രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്ത സിറ്റഡേല്‍ ഹണി ബണ്ണിയിലാണ് സമാന്ത അവസാനമായി അഭിനയിച്ചത്
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഒരു വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സമാന്ത സിനിമ മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമ മേഖലയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ചും അഭിനയം തന്റെ ആദ്യ പ്രണയമാണെന്നതിനെ കുറിച്ചും സംസാരിച്ചു. ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. ബന്‍ഗാരം എന്ന ചിത്രത്തിലൂടെ നിര്‍മാതാവ് ആകുന്നതിനെ കുറിച്ചും തന്റെ ഏറ്റവും പുതിയ സീരീസായ രക്ത് ഭ്രഹ്‌മാണ്ഡിനെ കുറിച്ചും താരം സംസാരിച്ചു.
'എനിക്ക് രാജ് ആന്‍ഡ് ഡികെയുടെ രക്തഭ്രഹ്‌മാണ്ഡിന്റെ ചിത്രീകരണം ബാക്കിയുണ്ട്. അതിന് ശേഷം രണ്ട് മാസത്തിനുള്ള അടുത്ത സിനിമ ആരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ നിരവധി ജോലികള്‍ വരുന്നുണ്ട്. പിന്നെ എനിക്ക് തോന്നുന്നു ഞാന്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത് നിര്‍ത്തി. ഇതെന്റെ ആദ്യ പ്രണയമാണ്', സമാന്ത പറഞ്ഞു.
രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്ത സിറ്റഡേല്‍ ഹണി ബണ്ണിയിലാണ് സമാന്ത അവസാനമായി അഭിനയിച്ചത്. വരുണ്‍ ധവാനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിരുന്നു. ഹോളിവുഡ് സീരീസായ സിറ്റഡേലിന്റെ ഹിന്ദി വേര്‍ഷനായിരുന്നു ഹണി ബണ്ണി. അതേസമയം രക്ത് ഭ്രഹ്‌മാണ്ഡില്‍ ആദിത്യ റോയ് കപൂര്‍, വാമിക ഗബ്ബി, അലി ഫസല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
അഭിമുഖത്തില്‍ തന്റെ പ്രണയ ജീവിതത്തെ കുറിച്ചും സമാന്ത തുറന്ന് സംസാരിച്ചു. തന്റെ പ്രണയ ജീവിതം വ്യക്തിപരമായ കാര്യമാണെന്നാണ് താരം പറയുന്നത്. 'സമാന്ത സിങ്കിളാണ്. ഞാന്‍ എന്റെ പ്രണയ ജീവിതം ഒരിക്കലും ഇനി പൊതു ഇടത്തില്‍ ചര്‍ച്ച ചെയ്യില്ല. അത് എന്റെ ജീവിതത്തിലെ വ്യക്തിപരമായ കാര്യമാണ്. അതേ കുറിച്ച് ഞാന്‍ ഇനി സംസാരിക്കില്ല', എന്നും സമാന്ത കൂട്ടിച്ചേര്‍ത്തു.