അഫാൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ മാതാവ് ഷെമി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്
തിരുവനന്തപുരം വെഞ്ഞാറമൂടിൽ കൂട്ടക്കുരുതിക്ക് ഇരയായവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. മുഖ്യപ്രതി അഫാൻ്റെ സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്.
പിതാവിനൊപ്പം വിദേശത്തായിരുന്ന പ്രതി ഏതാനും നാളുകൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. അഫാൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ മാതാവ് ഷെമി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാലുപേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും, രണ്ടുപേരെ വെട്ടുകയുമായിരുന്നു. സ്വന്തം വീട്ടിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചുമാണ് അഫാന്‍ കൊലപാതകം നടത്തിയത്. പുല്ലംപാറ, പാങ്ങോട്, ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരന്‍ കൊലപാതകം നടത്തിയത്. മൂന്നിടങ്ങളിലായി നടന്ന ക്രൂരകൃത്യം വളരെ ആസൂത്രിതമായാണ് അഫാന്‍ നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സാമ്പത്തിക പരാധീനതകളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഫര്‍സാനയുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിലുള്ള പകയാണ് അരുംകൊലയ്ക്ക് കാരണമെന്ന സംശയത്തിലാണ് പൊലീസ്. ഇതിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പിതാവിന്റെ ഉമ്മ സല്‍മാ ബീവി താമസിക്കുന്ന പാങ്ങോടുള്ള വീട്ടിലെത്തി പ്രണയത്തെ കുറിച്ച് പറഞ്ഞെങ്കിലും സല്‍മാ ബീവിയും അംഗീകരിച്ചില്ല. തുടര്‍ന്ന് സല്‍മാ ബീവിയെ ആദ്യം കൊലപ്പെടുത്തി മറ്റിടങ്ങളിലെത്തി കൊലപാതകം തുടര്‍ന്നുവെന്നുമാണ് പ്രാഥമിക നിഗമനം.
ALSO READ: അഫാന്‍ ലഹരിക്ക് അടിമ; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഞെട്ടല്‍ മാറാതെ കേരളം
ട്യൂഷന് പോകുകയാണെന്ന പേരും പറഞ്ഞ് വീട് വിട്ടിറങ്ങിയ ഫര്‍സാനയെ പ്രതി വിളിച്ച് വരുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം എലി വിഷം കഴിച്ച പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. പ്രതി നേരത്തെയും ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനായിരുന്നു പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അഫാന്‍ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊന്നെന്നായിരുന്നു പ്രതി പറഞ്ഞത്. പൊലീസുകാര്‍ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തി. വീടിന്റെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയിരുന്നു. താഴുതകര്‍ത്ത് അകത്ത് കയറിയപ്പോള്‍ മുന്‍വാതിലും പൂട്ടിയിട്ടുണ്ടായിരുന്നു. എല്ലാ ജനാലകളും അടച്ചിരുന്നു. അടുക്കളവാതില്‍ തകര്‍ത്ത് പൊലീസും നാട്ടുകാരും ഉള്ളില്‍ കയറിയപ്പോള്‍ പാചകവാതകത്തിന്റെ ഗന്ധമുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്യാസ് കുറ്റി തുറന്നുവിട്ടിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
അകത്ത് കയറിയപ്പോള്‍ വീടിന്റെ താഴത്തെ നിലയില്‍ തലയില്‍ നിന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു അഫാന്റെ അമ്മ ഷെമി കിടന്നിരുന്നത്. അവരുടെ കണ്ണിമ മാത്രം നേരിയതായി ചിമ്മുന്നുണ്ടായിരുന്നു. താഴത്തെ നിലയില്‍ തന്നെ ജീവനറ്റ് പതിമൂന്നുകാരനായ അനിയന്‍ അഹ്‌സനും, മുകളിലെ നിലയിലെ കസേരയില്‍ ഇരിക്കുന്ന നിലയില്‍ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ ശരീരവും കണ്ടെത്തി. പിന്നീടാണ് മറ്റ് മൂന്ന് കൊലപാതകങ്ങളുടെ വിവരം കൂടി പുറത്തുവന്നത്. മൂന്നിടങ്ങളിലായി അഫാന്‍ ആകെ നടത്തിയത് അഞ്ച് കൊലപാതകങ്ങളാണ്. പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി കണ്ട സുഹൃത്തിനോടും അഫാന്‍ താനൊരു കൂട്ടക്കൊല നടത്തിയിട്ടാണ് വരുന്നതെന്ന് പറഞ്ഞിരുന്നു.
പ്രതി അഫാന്‍ രാവിലെ പാങ്ങോട്ടെ തറവാട് വീട്ടിലെത്തി എണ്‍പത്തിയെട്ട് വയസുള്ള പിതൃമാതാവ് സല്‍മാ ബീവിയെ കൊന്നു. ശേഷം ചുള്ളാളത്തെ ബന്ധുവീട്ടിലെത്തി. പിതൃസഹോദരന്‍ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. പ്രതി രാസലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.