fbwpx
"എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരും, മുഖ്യമന്ത്രി ആരാകണമെന്നത് തീരുമാനിക്കുക പാർട്ടി"
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Feb, 2025 09:47 PM

കേരളത്തിന്റെ വ്യവസായ വികസനത്തെ കുറിച്ച് ശശി തരൂർ എഴുതിയ ലേഖനത്തിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം അപക്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

KERALA


എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തും എന്നതിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്നത് താനല്ല പാർട്ടിയാണ് തീരുമാനിക്കുകയെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിന്റെ വ്യവസായ വികസനത്തെ കുറിച്ച് ശശി തരൂർ എഴുതിയ ലേഖനത്തിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം അപക്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പിണറായി വിജയൻ എൽഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും അധികാരത്തിലെത്തും എന്നതിൽ സംശയമില്ലെന്ന് വ്യക്തമാക്കിയത്. മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലെത്തുമോ എന്ന ചോദ്യത്തിന് പിണറായി വിജയൻ കൃത്യമായി മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക എന്റെ പാർട്ടിയാണെന്നും താനല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി പദത്തിലേക്ക് പാർട്ടി തീരുമാനിച്ചാൽ താൻ വീണ്ടുമെത്താനുള്ള സാധ്യത തള്ളിക്കളയാതെയാണ് പിണറായി വിജയന്റെ പ്രതികരണം.


വ്യവസായ വികസനം തുടരണമെങ്കിൽ ഇടതു മുന്നണി സർക്കാർ തുടരേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്ന മറുപടികളാണ് ഈ അഭിമുഖത്തിൽ ഉടനീളം അദ്ദേഹം നൽകുകയും ചെയ്തത്. കേരളത്തിന് അർഹമായ വ്യവസായ വികസനം നിർഭാഗ്യവശാൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ നിക്ഷേപം ലഭിക്കാത്തതാണ് വ്യവസായ വികസനത്തിന് തടസമായത്. 2016 മുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ പരിശ്രമം ആരംഭിച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


"ചില നിയമങ്ങളും നിയന്ത്രണങ്ങളും ഇതിന് തടസമാകുന്നുവെന്ന് കണ്ടാണ് അതിൽ മാറ്റം വരുത്തി നിക്ഷേപ സാഹചര്യം സൃഷ്ടിച്ചത്. ശരിയായ ട്രാക്കിലാണ് ഇപ്പോൾ കേരളം. മുതലാളിത്ത സംവിധാനത്തിലാണ് നമ്മുടെ രാജ്യമെന്നതിനാൽ വികസനത്തിനും തൊഴിലവസരത്തിനും സ്വകാര്യ നിക്ഷേപം അനിവാര്യമാണ്. സർക്കാരിന് മാത്രമായി അത് സാധ്യമല്ല. ഇത് പാർട്ടി തത്വശാസ്ത്രത്തിന് വിരുദ്ധമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. നിക്ഷേപക സംഗമത്തിൽ ഇത്തവണ പങ്കെടുത്തത് ഇത്തവണ യഥാർത്ഥ നിക്ഷേപകരാണ്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വ്യവസായ സംരംഭങ്ങളെ മാത്രമാണ് സ്വാഗതം ചെയ്യുന്നത്. ഭൂമിക്ക് പരിമിതിയുള്ള സംസ്ഥാനത്ത് ലാൻഡ് പൂൾ സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്," മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: 'കേരളത്തെ ഇൻവെസ്റ്റ്‌മെന്‍റ് ഹബ്ബാക്കാനാണ് ലക്ഷ്യം'; നിക്ഷേപങ്ങളുമായി ബന്ധപെട്ട നടപടിക്രമങ്ങൾ ലഘൂകരിച്ചതായി മുഖ്യമന്ത്രി


കേരളത്തിന്റെ വ്യവസായ വികസനത്തെ കുറിച്ചുള്ള തരൂരിന്റെ ലേഖനത്തെ വിമർശിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു. രേഖകളുടെ അടിസ്ഥാനത്തിലുള്ള ലേഖനമാണ് ശശി തരൂർ എഴുതിയതെന്ന് പറഞ്ഞ പിണറായി ഇതിൽ കോൺഗ്രസ് നേതാക്കൾ പ്രക്ഷുബ്ധരാകുന്നത് എന്തിനെന്ന് ചോദിച്ചു. സ്വന്തം സംസ്ഥാനത്തെ കുറിച്ച് ആശങ്കയുള്ള ദേശീയ നേതാവിന്റെ സാധാരണ പ്രതികരണം മാത്രമാണ് തരൂരിൻ്റേത്. തരൂരിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ അപക്വമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയെ വലിയ ഭീഷണിയായി കണ്ട് കോൺഗ്രസ് മറ്റ് പാർട്ടികളോടുള്ള മനോഭാവം ആദ്യം മാറ്റേണ്ടതുണ്ടെന്നും അഭിമുഖത്തിൽ പിണറായി വിജയൻ പറഞ്ഞു.

RANJI TROPHY FINAL
രഞ്ജി ട്രോഫി ഫൈനൽ: സൽമാൻ നിസാർ പൂർണ ആരോഗ്യവാൻ, ഭാഗ്യ ഗ്രൗണ്ടിൽ കന്നിക്കിരീടം തേടി കേരളം
Also Read
user
Share This

Popular

RANJI TROPHY FINAL
KERALA
കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചു; മരിച്ചത് വാത്തിക്കുളം സ്വദേശി ശ്രീലക്ഷ്മി