കട ബാധ്യതയെ കുറിച്ച് സുഹൃത്ത് ഫർസാനയ്ക് അറിയാമായിരുന്നു എന്നാണ് പ്രതിയുടെ മൊഴി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡോക്ടർമാരുടെ അനുമതി ലഭിച്ചാല്‍ മെഡിക്കൽ കോളേജിൽ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാൻഡ് ചെയ്ത് ആശുപത്രിയിൽ തുടരും. വേണ്ടി വന്നാൽ 24 മണിക്കൂർ കസ്റ്റഡിയിൽ വച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രാഥമിക പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ശാരീരിക നില വിലയിരുത്താൻ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേർന്നു. രക്ത പരിശോധന ഫലങ്ങളിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കൂട്ടക്കൊലയിലെ പ്രധാന കാരണം കട ബാധ്യതയെന്നാണ് പ്രതിയുടെ മൊഴി. കുടുംബത്തിന് കടം ൽകിയവരുടെ വിവരം തേടുമെന്നും പൊലീസ് വ്യക്തമാക്കി. ആകെ എത്ര രൂപ കടമുണ്ടെന്ന് കണ്ടത്താനാണ് ശ്രമം. വല്ല്യുമ്മ സൽമാബീവിയെ കൊന്ന ശേഷം ഒരു മാല അഫാൻ കൈക്കാലാക്കിട്ടുണ്ട്. അത്പണയം വച്ച് കിട്ടിയ 74,000 രൂപയിൽ 40,000 രൂപ അഫാൻ കടക്കാർക്കു നൽകിയിട്ടുണ്ട്. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. അനുജൻ അഫ്സാനെ കൊലപ്പെടുത്തിയ ശേഷം കൈയിൽ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറിയെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
ALSO READ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു
കട ബാധ്യതയെ കുറിച്ച് സുഹൃത്ത് ഫർസാനയ്ക് അറിയാമായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. അതിനാലാണ് ഫർസാനയുടെ മാല പണയം വയ്കാൻ നൽകിയത്. വീട്ടിൽ അറിയാതിരിക്കാൻ ഡ്യൂപ്പിക്കേറ്റ് മാല ഫർസാനയ്ക്ക് വാങ്ങി നൽകിയെന്നും അഫാൻ മൊഴി നൽകി. കട ബാധ്യതയെക്കുറിച്ച് ഫർസാന അമ്മയോട് പറഞ്ഞിരുന്നു. അഫാനുമായി പ്രണയത്തിലാണെന്ന കാര്യം ഫർസാനയുടെ അച്ഛന് മാത്രമാണ് അറിയാത്തത്. ജോലി ലഭിച്ചശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാം എന്നാണ് പ്രതി പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.