കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലാണ്
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹരികുമാറിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതിനാൽ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ഹരികുമാറിനെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
കുഞ്ഞിനെ കൊലപ്പെടുത്തിയത് ആരെന്നു തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് ഇനിയും വ്യക്തത വരാത്തത്. കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതി ഹരികുമാറിന് അരോചകമായെന്നാണ് കണ്ടെത്തല്‍. പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണമെന്നാണ് ഇനി അറിയേണ്ടത്. അതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റ നീക്കം.
Also Read: തീപ്പെട്ടി കൊടുക്കാത്തതിനാൽ വീട്ടിൽ കയറി ആക്രമണം; തിരുവനന്തപുരം സ്വദേശിക്ക് ഗുരുതര പരിക്ക്
അതെസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് സെക്ഷൻ ക്ലാർക്കാണെന്ന പേരിൽ ജോലി വാഗ്ദാനം ചെയ്ത്, പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന പരാതികളെ തുടർന്നാണ് നടപടി. ശ്രീതു തട്ടിപ്പ് നടത്തിയെന്ന് കാട്ടി ആറ് പരാതികളാണ് ബാലരാമപുരം പൊലീസിന് ലഭിച്ചത്. ബാലരാമപുരം അന്തിയൂർ സ്വദേശി ഷിജുവിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി ഡ്രൈവർ തസ്തികയിലേക്ക് വ്യാജനിയമന ഉത്തരവ് നൽകിയ കേസിലാണ് നിലവിൽ അറസ്റ്റിലായത്. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍.
പൊലീസ് അന്വേഷണത്തിൽ ശ്രീതു ദേവസ്വം ബോർഡിൽ ജോലി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ മകളായ ദേവേന്ദുവിന്റെ കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്നത് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരികയുള്ളൂ എന്നാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യക്തമാക്കുന്നത്. ശ്രീതുവിന്റെയും ജോത്സ്യൻ ദേവീദാസന്റെയും ബാങ്ക് അക്കൗണ്ടുകളും ഫോൺ സംഭാഷണവും പൊലീസ് പരിശോധിക്കുകയാണ്. കൊലയ്ക്ക് പിന്നിൽ ദേവീദാസന് പങ്കുണ്ടോയെന്ന് തെളിയിക്കാൻ ഇയാൾ നടത്തിയ സംഭാഷണങ്ങൾ സൈബർ പൊലീസിന്റെ സഹായത്തോടെ വീണ്ടെടുക്കും.