മിഹിർ ജീവനൊടുക്കാൻ കാരണക്കാർ മൂന്ന് സംഘങ്ങളെന്നായിരുന്നു കുടുംബം പൊലീസിന് നൽകിയ മൊഴി
തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂൾ വിദ്യാര്‍ഥി മിഹിർ അഹമ്മദ് റാഗിങ്ങിനെ തുടർന്ന് ജീവനോടുക്കിയ സംഭവത്തിൽ നേരിട്ട് അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍. ഇന്ന് എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിങ് നടക്കും. കുട്ടിയുടെ കുടുംബാംഗങ്ങളും സ്‌കൂള്‍ അധികൃതരും ഹാജരാകാൻ നിർദേശം നൽകി. ജനുവരി 15നാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് മരിച്ചത്.
മിഹിർ ജീവനൊടുക്കാൻ കാരണക്കാർ മൂന്ന് സംഘങ്ങളെന്നായിരുന്നു കുടുംബം പൊലീസിന് നൽകിയ മൊഴി. കുട്ടി റാഗിങ്ങിന് ഇരയായിട്ടും അറിയാതിരുന്ന ഗ്ലോബൽ സ്കൂൾ മാനേജ്മെൻ്റിനും അധ്യാപകർക്കും എതിരെ മൊഴിയിൽ ആരോപണമുണ്ട്. മിഹിറിൻ്റെ മരണത്തെ വാട്സ്ആപ്പിലൂടെ അധിക്ഷേപിച്ച് മെസേജ് ഇട്ട വിദ്യാർഥിക്കൾക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊച്ചിയിൽ എത്തിയാണ് കുടുംബം പൊലീസിന് മൊഴി നൽകിയത്. കുട്ടി മുൻപ് പഠിച്ച കാക്കനാട് ജംസ് ഇൻ്റർനാഷണൽ പബ്ലിക്ക് സ്കൂളിനെതിരെയും കുടുംബം മൊഴി നൽകി. സ്കൂളിലെ വൈസ് പ്രിൻസിപ്പലിന്റെ നടപടി കുട്ടിക്ക് മാനസികാഘാതം ഉണ്ടാക്കി. ബാസ്കറ്റ് ബോൾ ടീമിൽ നിന്ന് ഒഴിവാക്കി. സ്കൂൾ മാറേണ്ടി വരുന്ന തരത്തിൽ കുട്ടിയെ തളർത്തിയെന്നുമാണ് ആരോപണം. തുടർന്ന് ജംസ് വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് സസ്പെൻഡ് ചെയ്തു.
Also Read: തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ മരണം: ജംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ
26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടിയാണ് 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. മിഹിറിനെ സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പറഞ്ഞുകൊണ്ട് കുടുംബം പരാതി നൽകിയിരുന്നു. ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്തുവെന്നും, തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും പരാതിയുണ്ട്. സലീം റജീന ദമ്പതികളുടെ മകനാണ് മിഹിർ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)