മോഷ്ടാക്കളെ പേടിച്ചാണ് സ്വർണാഭരണം കുക്കറിൽ സൂക്ഷിച്ചതെന്നാണ് സുഭദ്ര പറയുന്നത്
മോഷ്ടാക്കളെ ഭയന്ന് വീട്ടമ്മ കുക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ലഭിച്ചത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എന്നതിയ വ്യക്തിക്ക്. സത്യസന്ധനായ മഹേഷ് എന്ന് തമിഴ്നാട് സ്വദേശി ഏറെ പണിപെട്ട് ഉടമയെ കണ്ടെത്തി സ്വർണാഭരണങ്ങൾ തിരികെ നൽകി. കൊല്ലം അഞ്ചൽ പുഞ്ചക്കോണത്താണ് സംഭവം.
ഒരാഴ്ച മുൻപാണ് അഞ്ചൽ പുഞ്ചക്കോണത്ത് വീടുകളിൽ ആക്രി സാധനങ്ങൾ എടുക്കാനായി മഹേഷ് എത്തിയത്. സുഭദ്രയുടെ വീട്ടിലെത്തിയപ്പോൾ സുഭദ്രയും മകളും ചേർന്ന് വീട്ടിലെ വേണ്ടാത്ത സാധനങ്ങളൊക്കെ മഹേഷിന് കൈമാറി. ഇതിനൊപ്പം ഒരു പഴയ കുക്കറും ഉണ്ടായിരുന്നു. ആക്രിസാധനങ്ങളുമായി നിലമേലിലെ താമസ സ്‌ഥലത്തേക്ക് പോയ മഹേഷ് രണ്ടു ദിവസം കഴിഞ്ഞ് ആക്രിവസ്തുക്കൾ വേർതിരിക്കുമ്പോഴാണ് കുക്കറിനുളളിലെ സ്വർണാഭരണം കണ്ടത്. ആരുടെ പൊന്നാണെന്ന് അറിയാതെ വിഷമിച്ച് അന്വേഷണം തുടങ്ങി. അങ്ങനെ പുഞ്ചക്കോണം വാർഡ് മെമ്പർ ഷൈനിയുടെ മൊബൈൽ ഫോൺ നമ്പർ കണ്ടെത്തി വിവരം പറഞ്ഞു. പിന്നീട് ഷൈനി നടത്തിയ അന്വേഷണത്തിലാണ് സ്വർണാഭരണം സുഭദ്രയുടെതെന്ന് കണ്ടെത്തിയത്. പഞ്ചായത്തംഗം ഷൈനിയുടെ വീട്ടിലേക്ക് സുഭദ്രയെ വിളിച്ചു വരുത്തി മഹേഷ് സ്വർണം കൈമാറി. ഒരു സെറ്റ് കമ്മലും ഒരു മാലയും ഉൾപ്പെടെ ഒന്നര പവൻ സ്വർണാഭരണമായിരുന്നു ഉണ്ടായിരുന്നത്. മഹേഷിന് ആക്രിയായി കൊടുത്ത കുക്കറിലാണ് സ്വർണാഭരണം സൂക്ഷിച്ചതെന്ന് സുഭദ്രയും ഓർത്തില്ല.
സ്വർണാഭരണം കാണാനില്ലെന്ന് കാട്ടി സുഭദ പൊലീസിൽ പരാതി നൽകിയിരുന്നു. മോഷ്ടാക്കളെ പേടിച്ചാണ് സ്വർണാഭരണം കുക്കറിൽ സൂക്ഷിച്ചതെന്നാണ് സുഭദ്ര പറയുന്നത്. മഹേഷിൻ്റെ സത്യസന്ധതയ്ക്ക് സുഭദ്ര നന്ദി പറയുന്നതിനൊപ്പം നാടും പങ്കുചേർന്നു. ഇരുപതുവർഷത്തിലേറെയായി പ്രദേശത്തു നിന്ന് ആക്രിസാധനങ്ങൾ ശേഖരിക്കുന്നയാളാണ് മഹേഷ്.