ഗൈനക്കോളജി വിഭാഗത്തില്‍ നിലവില്‍ മൂന്ന് ഡോക്ടര്‍മാരുണ്ടെങ്കിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡും ലേബര്‍ റൂമും അടച്ചിട്ടിട്ട് ഒരു മാസം. ഡോക്ടര്‍മാര്‍ ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ മലയോര മേഖലകളില്‍ നിന്നുള്‍പ്പെടെയുള്ള സാധാരണക്കാര്‍ വന്‍ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ ഉള്‍പ്പെടെ സഹായിക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്.
മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയമായ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡും, ലേബര്‍ റൂമും അടച്ചു പൂട്ടിയിട്ട് മാസം ഒന്ന് കഴിഞ്ഞു. ജില്ലയില്‍ തന്നെ ഒരു ദിവസം ഏറ്റവും കുടുതല്‍ പ്രസവങ്ങള്‍ നടന്നിരുന്ന ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് അടച്ചുപൂട്ടലിന് കാരണമായത്.
ഗൈനക്കോളജി വിഭാഗത്തില്‍ നിലവില്‍ മൂന്ന് ഡോക്ടര്‍മാരുണ്ടെങ്കിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. അതും ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ മാത്രം. മറ്റ് രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ പ്രസവാവധിയിലാണ്. മറ്റൊരു ഡോക്ടര്‍ എവിടെയെന്നു പോലും അറിയില്ല. പരാതി ഉയര്‍ന്നപ്പോഴാണ് ഒരു ഗൈനക്കോളജിസ്റ്റിനെ താത്കാലികമായി നിയമിച്ചത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ പ്രസവ കേസുകള്‍ ഏറ്റെടുക്കാനാകില്ലെന്ന് ഡോക്ടര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
ജനുവരി മാസത്തില്‍ ഒരു പ്രസവം പോലും ഇവിടെ നടന്നിട്ടില്ല. പ്രതിമാസം എണ്‍പതിലേറെ പ്രസവങ്ങള്‍ നടന്നിരുന്ന ആശുപത്രിയിലാണ് ഈ അവസ്ഥ. ഒരു രൂപ പോലും ചെലവില്ലാതെ പ്രസവ ചികിത്സ ലഭിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ വന്‍ തുക ചിലവാക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.
മന്ത്രി വീണ ജോര്‍ജ്ജിനോടും സ്ഥലം എംഎല്‍എ എം.വി. ഗോവിന്ദനോടും പരാതി പറഞ്ഞെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് തളിപ്പറമ്പ് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ നബീസ പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി ഉള്‍പ്പെടെ സമീപത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നീക്കമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.