ഒൻപതു മാസം മുൻപ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹി സംസ്ഥാനത്തെ ആകെ വോട്ടർമാർ 1,47,18,119 ആയിരുന്നു
രാജ്യം ഉറ്റു നോക്കുന്ന ഡൽഹി തെരഞ്ഞെടുപ്പ് അവസാനലാപ്പിലേക്ക് കടക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ കണക്ക് പരിശോധിക്കുമ്പോൾ വലിയ നേട്ടമാണ് ഡൽഹിക്ക് ഉള്ളത്. ആദ്യമായി ഡൽഹിയിലെ വോട്ടർമാരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. അതിൽ ഒന്നേകാൽ കോടിയും ഹിന്ദുക്കളാണ്. ഈ കണക്ക് മുന്നിൽ വെച്ചാണ് ബിജെപിയും ആംആദ്മി പാർട്ടിയും ഹിന്ദുവോട്ടുകൾ മാത്രം ലക്ഷ്യമിട്ട് തന്ത്രങ്ങൾ പയറ്റുന്നത്.
ഒൻപതു മാസം മുൻപ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹി സംസ്ഥാനത്തെ ആകെ വോട്ടർമാർ 1,47,18,119 ആയിരുന്നു. ഒന്നരക്കോടി തികയാൻ മൂന്നുലക്ഷം പേരുടെ കുറവ്. ഒൻപതുമാസത്തിനു ശേഷം എട്ടു ലക്ഷം വോട്ടർമാരാണ് കൂടുതലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,55,24,858 ആണ് വോട്ടർമാരുടെ എണ്ണം. അതിൽ 83 ലക്ഷം പുരുഷന്മാരും 72 ലക്ഷം സ്ത്രീകളുമാണ്. പക്ഷേ ഹിന്ദുവോട്ടുകളുടെ മഹാഭൂരിപക്ഷമാണ് ഡൽഹിയെ വ്യത്യസ്തമാക്കുന്നത്.
2011-ലെ സെൻസസ് അനുസരിച്ച് 81.67 ശതമാനം പൗരന്മാരും ഹിന്ദുക്കളാണ്. ഒരു കോടി 55ലക്ഷം വോട്ടർമാരിൽ ഒരു കോടി 25 ലക്ഷവും ഹിന്ദുക്കളായിരിക്കും എന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഈ വോട്ട് മുന്നിൽ കണ്ടാണ് ആംആദ്മി പാർട്ടി സനാതന ധർമ സംരക്ഷണ യജ്ഞവും പൂജാരിമാർക്കുള്ള ദക്ഷിണയും പ്രഖ്യാപിച്ചത്. ഹനുമാൻ ചാലിസയും ക്ഷേത്രദർശനങ്ങളും ഇതിന്‍റെ കൂടി ഭാഗമായി കാണവുന്നതാണ്.
ഡൽഹിയിലെ രണ്ടാമത്തെ വലിയ വിഭാഗമായ മുസ്ലീങ്ങൾ 12.85 ശതമാനം മാത്രമാണ്. ഏകദേശം 19 ലക്ഷം മുസ്ലീം വോട്ടു മാത്രമാണ് സംസ്ഥാനത്തുള്ളത്. 3.39 ശതമാനമുള്ള സിഖുകാർ അഞ്ചേകാൽ ലക്ഷവും മാത്രമേ വരൂ. ജയിൻ, ക്രിസ്ത്യൻ വോട്ടുകൾ ഏകദേശം ഒന്നരലക്ഷം വീതമാണ് ഉള്ളത്. ഹിന്ദുവോട്ടുകൾ ഇരുപക്ഷത്തുമായി വിഭജിക്കപ്പെടുമ്പോൾ മുസ്ലീം വോട്ടുകളുടെ ബലത്തിൽ ആംആദ്മി പാർട്ടി അധികാരത്തിൽ വരുന്നതാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും കണ്ടത്. ഇത്തവണ മുസ്ലീം വോട്ടുകളിൽ നല്ലൊരു പങ്ക് കോൺഗ്രസിന് പോകും എന്ന പ്രവചനം ശരിയായാൽ ഡൽഹി ഫലവും മാറിമറിയും.