രാധാകൃഷ്ണൻ്റെ മൊഴി ഈ ആഴ്ച്ച രേഖപ്പെടുത്താനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്
പകുതിവില തട്ടിപ്പ് കേസിൽ മൊഴി എടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ദുബൈയിലേയ്ക്ക് പോയി. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാനുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് രാധാകൃഷ്ണൻ്റെ വിദേശയാത്ര. രാധാകൃഷ്ണൻ്റെ മൊഴി ഈ ആഴ്ച്ച രേഖപ്പെടുത്താനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്. തിരികെ നൽകാനുള്ള പണം കണ്ടെത്താനാണ് വിദേശയാത്രയെന്നാണ് വിഷയത്തിലുള്ളത് രാധാകൃഷ്ണൻ്റെ വിശദീകരണം.
അതേസമയം, കേസിൽ കൂടുതൽ പേരെ ഇന്നും നാളെയുമായി ചോദ്യം ചെയ്യും. കേസിലെ രണ്ടാം പ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ കഴിഞ്ഞദിവസം റിമാന്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ സബ്ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ആനന്ദകുമാറിനെ റിമാൻഡ് ചെയ്തത്. മാർച്ച് 26 വരെയാണ് റിമാൻഡ് കാലാവധി. 26ന് അകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവുണ്ട്.
ALSO READ: പാതിവില തട്ടിപ്പ്: സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ റിമാൻഡിൽ
പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതിയെ കോടതി കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്.