ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് കേസ്.
ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന യുവാവിൻ്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസ്. കസബ പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 377 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം കോഴിക്കോടെത്തി യുവാവിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്‍റെ പരാതി. തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പറഞ്ഞിരുന്നു. യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.
ALSO READ: ലൈംഗികപീഡന പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമ സെറ്റിൽ ഷൂട്ടിംഗ് കാണാൻ പോയ സമയത്താണ് രഞ്ജിത്ത് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു. പരിചയപ്പെട്ടപ്പോൾ ഫോൺ നമ്പർ നൽകി. കുറച്ചു നാളുകൾക്കു ശേഷം ബാംഗ്ലൂരിൽ വരാൻ ആവശ്യപ്പെട്ടു. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ മദ്യം നൽകിയ ശേഷം വിവസ്ത്രനാക്കി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവാവ് ആരോപിക്കുന്നത്. പിറ്റേന്ന് രാവിലെ പണം തരാമെന്ന് പറഞ്ഞുവെന്നും യുവാവ് പറയുന്നു.
രഞ്ജിത് ദുരുപയോഗം ചെയ്‌തെന്ന് മെസ്സഞ്ചറിൽ പ്രമുഖ നടിക്ക് മെസേജ് അയച്ചിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. ഒൻപത് മാസം മുൻപ് ഇടവേള ബാബുവിന് മെസേജ് അയച്ച് അവസരം ചോദിച്ചിരുന്നു. സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയ കാര്യം അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ അത്തരം ഫോട്ടോകൾ അയക്കാൻ ഇടവേള ബാബുവും ആവശ്യപ്പെട്ടുവെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പരാതിയുണ്ട്.