ആലപ്പുഴ ഹുസൂർ ശിരസ്തദാർ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് പരാതിയെ തുടർന്ന് കേസെടുത്തിരിക്കുന്നത്
പരാതിക്കാരന്‍റെ ഭാര്യ
ആലപ്പുഴ കളക്ടറേറ്റിലെ ജാതി അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ചൗക്കിദാർ തസ്തികയിലുള്ള ഉദ്യോഗസ്ഥനോട് മേലുദ്യോഗസ്ഥ ജാതി വിവേചനം കാണിച്ചെന്നാണ് പരാതി. പട്ടികജാതി ജീവനക്കാർക്കുവേണ്ടി മാത്രമായി പ്രത്യേക രജിസ്റ്റർ ഏർപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആലപ്പുഴ ഹുസൂർ ശിരസ്തദാർ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് പരാതിയെ തുടർന്ന് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ വള്ളികുന്നം സ്വദേശിയായ ചൗക്കീദാർ തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് ശിരസ്തദാറിന്റെ ഭാഗത്ത് നിന്ന് ജാതി വിവേചനം നേരിട്ടത്. മികച്ച സേവനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമതി മൂന്ന് തവണ നേടിയ വ്യക്തി കൂടിയാണ് പരാതിക്കാരൻ. 2009 മുതൽ ആലപ്പുഴ കളക്ടറിലെ ചൗക്കീദാർ തസ്തികയിൽ ജോലി ചെയ്ത് വരികയായിരുന്നു. 2025 ജനുവരി ഒന്ന് മുതൽ പുതിയ ഹുസൂർ ശിരസ്തദാറായിട്ടുള്ള ഉദ്യോഗസ്ഥ ചുമതലയേറ്റെടുത്ത ശേഷമാണ് ജാതി വിവേചനം നേരിട്ടതെന്നാണ് പരാതിക്കാരന്റെ കുടുംബം പറയുന്നത്.
പരാതിക്കാരനോട് പാർട്ട് ടൈം സ്വീപ്പർമാരുടെ രജിസ്റ്ററിൽ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ ഓഫീസ് ഓർഡറോ മറ്റ് ഉത്തരവുകളോ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നില്ല. വിവരാവകാശത്തിലൂടെ അന്വേഷിച്ചപ്പോഴും അത്തരത്തിൽ ഉത്തരവുകൾ ഇല്ലെന്ന മറുപടിയാണ് പരാതിക്കാരന് ലഭിച്ചത്. ഇത്തരത്തിൽ ഈ സംവിധാനത്തെ ചോദ്യം ചെയ്തതോടെ പട്ടികജാതി ജീവനക്കാർക്കുവേണ്ടി മാത്രമായി പ്രത്യേക രജിസ്റ്റർ ഏർപ്പെടുത്തി. 'പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ഇതൊക്കെ മതി' എന്ന തരത്തിലുള്ള വാക്കാലുള്ള പരാമർശങ്ങളും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നും ആരോപണമുണ്ട്. ജീവനക്കാരന്‍റെ പരാതിയിൽ സംസ്ഥാന പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 40 ദിവസം പിന്നിട്ടിട്ടും കളക്ടറുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. തഹസില്‍ദാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സമിതി കളക്ടർ രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ സമിതിയുടെയും ഹിയറിങ് ആരംഭിച്ചിട്ടില്ല.