കോടാനുകോടി യാത്രക്കാരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഹരിത് സച്ച്‌ദേവയുടെ വാക്കുകള്‍. അജ്ഞാതവും വിദൂരവുമായ സ്ഥലത്തേക്ക് കാരണമറിയാതെ വഴി തിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാരുടെ നിരാശയും ഉത്കണ്ഠയും സച്‌ദേവയുടെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായിരുന്നു. കമ്പിളി പുതച്ച്, ഭയം വിറങ്ങലിച്ച കണ്ണുകളോടെ, കാനഡയിലെ ഒരു ഉള്‍പ്രദേശമായ ഇക്ക്വാലിത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും, യാത്രക്കാര്‍ ഇറങ്ങി വരുന്ന കാഴ്ചയായിരുന്നു അത്. ഒക്ടോബര്‍ 15ന് മുംബൈയില്‍ നിന്നും ചിക്കാഗോയിലേക്ക് പറന്ന ബോയിങ് 777 വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ദിശ മാറി പറന്ന് യാത്രക്കാരെ കാനഡയില്‍ ഇറക്കുകയായിരുന്നു. 211 യാത്രക്കാരാണ് ആ വിമാനത്തില്‍ ഉണ്ടായിരുന്നത്.
'രാവിലെ അഞ്ച് മണി മുതല്‍ ഞങ്ങള്‍ 200ഓളം യാത്രക്കാര്‍ ഈ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്നോ, ഇനി എന്ത് ചെയ്യണമെന്നോ ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ' വിമാനത്തിലെ യാത്രക്കാരനായ ഹരിത് സച്ച്‌ദേവ സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു. എയര്‍പോര്‍ട്ട് ജീവനക്കാരുടെ മികച്ച ഇടപെടലിനെ പ്രശംസിച്ച ഹരിത് സച്ച്‌ദേവ, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ എത്തിക്കാത്തതിനെയും വിമര്‍ശിച്ചു.
കോടാനുകോടി യാത്രക്കാരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഹരിത് സച്ച്‌ദേവയുടെ വാക്കുകള്‍. അജ്ഞാതവും വിദൂരവുമായ സ്ഥലത്തേക്ക് കാരണമറിയാതെ വഴി തിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാരുടെ നിരാശയും ഉത്കണ്ഠയും സച്‌ദേവയുടെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം സച്ച്‌ദേവയുടെയും മറ്റ് യാത്രക്കാരുടെയും ആകുലതകള്‍ക്ക് വിരാമമിട്ടുകൊണ്ട്, കനേഡിയന്‍ എയര്‍ ഫോഴ്‌സ് പ്ലെയിന്‍ യാത്രക്കാരെ ചിക്കാഗോയിലെത്തിച്ചു. സുരക്ഷാ ഭീഷണി കാരണമാണ് പ്ലെയിന്‍ ഗതി തിരിച്ചുവിട്ടതെന്ന് എയര്‍ ഇന്ത്യ വിശദീകരിക്കുകയും ചെയ്തു.
ALSO READ: ബോംബ് ഭീഷണി അവസാനിക്കുന്നില്ല; ഇന്ന് മാത്രം ഇന്ത്യയില്‍ ഭീഷണി നേരിട്ടത് 80 വിമാനങ്ങള്‍
ഇന്ത്യയിലെ വിമാനങ്ങള്‍ക്ക് നേരെ ഉയരുന്ന വ്യാജ ബോംബ് ഭീഷണികള്‍ തുടര്‍ക്കഥകളാവുകയാണ്. വ്യാഴാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന 80 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി വന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച മാത്രം, 90 ബോംബ് ഭീഷണികളാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ ഉയര്‍ന്നത്. എത്രയോ തവണ വിമാനം ദിശ മാറ്റി ഓടിക്കുകയും, റദ്ദാക്കുകയും, വൈകുകയും ഉണ്ടായി. ജൂണില്‍ ഒരു ദിവസം മാത്രം 41ഓളം വിമാനത്താവളങ്ങളിലേക്കാണ് ഇമെയില്‍ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്.
2014നും 2017നും ഇടയില്‍ ഡല്‍ഹി, മുംബൈ ഉള്‍പ്പെടുന്ന രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍, 120 ബോംബ് ഭീഷണികള്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതും വര്‍ധിച്ചു വരുന്ന ഇത്തരം ഭീഷണികളാണ്. എന്നാല്‍, ഈ വര്‍ഷത്തെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. പ്രതിദിനം നിരവധി വിമാനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണികളുയരുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ ഉയരുന്ന ഈ വ്യാജ ഭീഷണി സന്ദേശങ്ങള്‍ ആശങ്കാജനകമാണെന്നും, ആഭ്യന്തര, അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് ഇതെന്നും വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യോമയാന മേഖലയുടെ സുരക്ഷ, പ്രവര്‍ത്തന സമഗ്രത എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള ശ്രമങ്ങളില്‍ അപലപിക്കുന്നുവെന്നും രാം മോഹന്‍ നായിഡു കൂട്ടിച്ചേര്‍ത്തു.
എന്താണ് ഈ വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ സംഭവിക്കുന്നത്?
യാത്രക്കാരെ ഭയപ്പെടുത്തുക, ശ്രദ്ധ നേടുക, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുക തുടങ്ങിയ ഉദ്ദേശങ്ങള്‍ക്കോ, അല്ലെങ്കില്‍ തമാശയ്ക്കായോ ഒക്കെയാണ് സാധാരണയായി ഇത്തരം ബോംബ് ഭീഷണികള്‍ ഉയരാറുള്ളത്. 2018ല്‍, വിമാന യാത്രക്കാരുടെ ഇത്തരം തമാശകള്‍ ഇന്തോനേഷ്യയില്‍ വലിയ തോതില്‍ വിമാന തടസമുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം, ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതിരുന്ന ഒരു യാത്രികന്‍, അതിലുള്ള ദേഷ്യത്തില്‍ വിമാനം വൈകിപ്പിക്കാനായി ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയിരുന്നു.
ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന മേഖലയിലാണ് ഈ സംഭവങ്ങളിപ്പോള്‍ വലിയ നഷ്ടം വിതച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 150 മില്യണിലേറെ യാത്രക്കാരാണ് ഇന്ത്യയില്‍ വിമാനമാര്‍ഗം ആഭ്യന്തര യാത്രകള്‍ നടത്തിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ദിവസേന 33 അന്താരാഷട്ര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ, 150ഓളം വിമാനത്താവളങ്ങളില്‍ നിന്നായി, 3000ത്തോളം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരികയും പോകുകയും ചെയ്യുന്നുണ്ട്.
തുടര്‍ച്ചയായി വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍, കഴിഞ്ഞ ആഴ്ച പൊലീസ്, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശമയച്ച ഒരു 17 വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പിന്നിലെ പ്രേരണ അവ്യക്തമാണെങ്കിലും, ലക്ഷ്യമിട്ടത് മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെ, നാല് വിമാനങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. എന്നാല്‍, മറ്റ് ചില ഐപി അഡ്രസുകള്‍ പരിശോധിച്ചപ്പോള്‍, സന്ദേശത്തിന്റെ ഉത്ഭവം ലണ്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണെന്നും കണ്ടെത്തിയിരുന്നു.
വ്യാജ സന്ദേശമയക്കുന്നവരെ കൃത്യമായി കണ്ടെത്തുക എന്നത് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും വലിയ വെല്ലുവിളിയാണ്. എന്നാല്‍, വിമാനത്താവള സുരക്ഷ, അല്ലെങ്കില്‍ സേവന തടസം ഉണ്ടാക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ഭരണഘടന അനുശാസിക്കുന്നത്. വ്യാജ കോളുകള്‍ക്ക് ഈ ശിക്ഷ വളരെ കഠിനമാണെന്നതിനാല്‍, അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.