ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു
എഡിഎമ്മിന്‍റെ മരണത്തിൽ ആരോപണവിധേയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യക്കെതിരെ നിലവിൽ നടപടിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി. ദിവ്യക്കെതിരെ ഉടന്‍ നടപടിയെടുക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷം മാത്രമാകും നടപടിയെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ദിവ്യക്കെതിരായ ആരോപണങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ എതിർ പാർട്ടികൾ ആയുധമാക്കുന്ന സാഹചര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം 15നാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്, തലേ ദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രമേയം പാസാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് പ്രമേയം യോഗത്തിൽ പാസാക്കിയിട്ടുണ്ട്.
ALSO READ: എഡിഎമ്മിന്റെ മരണം: വിവാദ പെട്രോള്‍ പമ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ ശേഖരിച്ച് ഇഡി
എഡിഎമ്മിന്‍റെ മരണത്തിൽ ആരോപണവിധേയായ പി.പി. ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചനകളും പുറത്തുവന്നിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം മാത്രമെ പൊലീസിന് മുന്നിലെത്തൂവെന്ന് ദിവ്യയുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ദിവ്യ കീഴടങ്ങിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിന് വഴങ്ങില്ലെന്നറിയിച്ച് വാർത്ത പുറത്തുവന്നത്. ആരോപണവിധേയായ പി.പി. ദിവ്യക്ക് മേൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. പത്താം തരത്തിൽ പഠിക്കുന്ന മകളും രോഗിയായ പിതാവും ഉണ്ടെന്നും സ്ത്രീയെന്ന പരിഗണന നൽകി ജാമ്യം വേണമെന്നും ദിവ്യ വാദിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. ദിവ്യക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, ജാമ്യം നിഷേധിക്കുന്നത് അഴിമതിക്കെതിരെ പ്രതികരിച്ചാൽ ജയിലിൽ പോകേണ്ടിവരുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്ന് പ്രതിഭാഗവും കോടതിയിൽ ചൂണ്ടിക്കാട്ടി.