ലീഗ് ഉന്നത നേതാക്കളും, കസ്റ്റംസും ചേര്‍ന്നാണ് ഫൈസലിനെ രക്ഷപ്പെടുത്തിയതെന്നും ഏരിയ സെക്രട്ടറി
മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ നേതാവിനെതിരെ സ്വര്‍ണക്കടത്ത് ആരോപണവുമായി സിപിഎം. ജില്ലാ പഞ്ചായത്ത് അംഗവും, തിരുനാവായ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഫൈസല്‍ എടശ്ശേരിക്കെതിരെയാണ് ആരോപണം. ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി 50 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം കടത്തി എന്നാണ് തിരൂര്‍ ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസകുട്ടി ആരോപിക്കുന്നത്.
ലീഗ് ഉന്നത നേതാക്കളും, കസ്റ്റംസും ചേര്‍ന്നാണ് ഫൈസലിനെ രക്ഷപ്പെടുത്തിയതെന്നും ഏരിയ സെക്രട്ടറി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് ദുബായില്‍ നിന്നും എത്തിയ ഫൈസലില്‍ നിന്നും 932.6 ഗ്രാം തൂക്കം വരുന്ന 8 സ്വര്‍ണ ബിസ്‌കറ്റുകള്‍ കസ്റ്റംസ് പിടികൂടിയിരുന്നു. 48,27,725 രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. എന്നാല്‍, ലീഗ് നേതൃത്വം ഇടപെട്ട് സംഭവം പുറത്തറിയിക്കാതെ ഒതുക്കി. ജാമ്യം ലഭിക്കാന്‍ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള കേസാക്കി ഒതുക്കുകയായിരുന്നു.
Also Read: തൃശൂർ പൂര വിവാദം; വനം വകുപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ
സ്വര്‍ണക്കള്ളക്കടത്ത് നടത്തി മലപ്പുറം ജില്ലയെ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അപമാനിക്കുകയാണ് ലീഗ് നേതാക്കള്‍. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ഫൈസല്‍ എടശ്ശേരി ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് സിപിഎം നേതാക്കളായ അഡ്വ. പി. ഹംസക്കുട്ടി, അഡ്വ. യു. സൈനുദ്ദീന്‍, പി.പി. ലക്ഷ്മണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫൈസല്‍ എടശ്ശേരി പ്രതികരിച്ചു. നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.