2013ൽ അഴിമതിവിരുദ്ധ പ്രചാരകരായ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി പിന്നീട് അഴിമതി പാർട്ടിയായെന്ന് ഇതേ അണ്ണാ ഹസാരെ തന്നെ വിമർശിക്കുന്നതിനും കാലം സാക്ഷ്യം വഹിച്ചു
ഒരു പതിറ്റാണ്ട് കാലം ഡൽഹിയിൽ കോൺഗ്രസിനേയും ബിജെപിയേയും നിലം തൊടീക്കാത്ത കെജ്‌രിവാൾ മാജിക് അസ്തമിച്ചിരിക്കുകയാണ്. ആം ആദ്മി നേതാക്കളുടെ കൂട്ടത്തോൽവിക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. രണ്ട് വട്ടം മുഖ്യമന്ത്രിയായ ആം ആദ്മി പാർട്ടി കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാളിന് വരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. ഡൽഹി മദ്യനയം ഉൾപ്പെടെയുള്ള വിവാദങ്ങൾ പൊതുസമൂഹത്തിനിടയിൽ പാർട്ടിയുടെ സൽപ്പേര് ഇല്ലാതാക്കി എന്നതാണ് എന്നതാണ് ഈ തിരിച്ചടിക്ക് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.
2013ൽ അഴിമതിവിരുദ്ധ പ്രചാരകരായ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി പിന്നീട് അഴിമതി പാർട്ടിയായെന്ന് ഇതേ അണ്ണാ ഹസാരെ തന്നെ വിമർശിക്കുന്നതിനും കാലം സാക്ഷ്യം വഹിച്ചു. മദ്യത്തിനും പണത്തിനും അധികാരത്തിനും പിന്നാലെ പോയി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതൃത്വം മോശം പ്രതിച്ഛായ സമ്പാദിച്ചതാണ് ഈ തിരിച്ചടിക്ക് കാരണമെന്നാണ് അണ്ണാ ഹസാരെ വിമർശിച്ചത്. എന്നാൽ യഥാർഥത്തിൽ ആം ആദ്മികളുടെ രാഷ്ട്രീയ പാർട്ടിയെ ക്ഷീണിപ്പിച്ച ആ എക്സ് ഫാക്ടർ അഴിമതിയാരോപണങ്ങൾ മാത്രമായിരുന്നോ?
അല്ലെന്നതാണ് വസ്തുത... കാൽനൂറ്റാണ്ടിന് ശേഷം രാജ്യത്തെ ഭരണസിരാ കേന്ദ്രത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ ബിജെപിക്ക് കഴിയുമ്പോൾ സ്ഥാനാർഥികൾക്കും പാർട്ടിയുടെ അണികൾക്കും വോട്ടർമാർക്കും മാത്രം ബിജെപി നന്ദി പറഞ്ഞാൽ മതിയാകില്ല... എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനും സിബിഐക്കും ഡൽഹി പൊലീസിനും.. എന്തിന് ഡൽഹി ലഫ്റ്റനൻ്റ് ഗവർണർക്ക് വരെ ബിജെപിയുടെ ഈ ജയത്തിൽ പങ്കാളിത്തമുണ്ടെന്നാണ് ആം ആദ്മി കേന്ദ്രങ്ങളിൽ നിന്നുള്ള മുറുമുറുപ്പ്. ബിജെപിയുടേത് യഥാർഥ ജനാധിപത്യത്തിൻ്റെ വിജയമാകുമോ എന്നാണ് രാഷ്ട്രീയ വിദഗ്ധർ സംശയമുന്നയിക്കുന്നത്.
സത്യത്തിൽ ഫെഡറൽ ഘടനയുടെ സകലമാന ആധാരശിലകളേയും കാറ്റിൽപ്പറത്തി ബിജെപി ഒരുക്കിയ കെണിയിൽ ആം ആദ്മി വീഴുകയായിരുന്നു. ആപ്പിനെ മലർത്തിയടിക്കാനും ഇന്ദ്രപ്രസ്ഥത്തിൽ അധികാരം ഉറപ്പിക്കാനും ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വർഷങ്ങളായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ നിലം തൊടീക്കാതെ പറപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. അതിൻ്റെ ആവർത്തനം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും കണ്ടത്. ഇനിയങ്ങോട്ടേക്ക് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും, ബിജെപി തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതുന്നുവെന്നുമാണ് തോൽവിക്ക് ശേഷം മാധ്യമങ്ങളെ കണ്ട കെജ്‌രിവാൾ പറഞ്ഞത്.
2013ലെ കോൺഗ്രസിൻ്റെ പതനവും ആം ആദ്മി പാർട്ടിയുടെ ഉദയവും
രാജ്യത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ, കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറിച്ചാണ് അരവിന്ദ് കെജ്‌രിവാൾ ന്യൂ ഡൽഹി നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയത്. ഡൽഹിയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ വീഴ്ത്തി അധികാരത്തിലെത്തുമ്പോൾ കെജ്‌രിവാൾ ഒരിക്കലും കരുതിയിരുന്നില്ല തുടർച്ചയായ രണ്ടു ടേമുകളിൽ മുഖ്യമന്ത്രിയാകാനാകുമെന്ന്.
അതുവരെ ആരും പ്രതീക്ഷിക്കാത്തൊരു പുതിയ പാർട്ടിയുടെ ഉദയത്തിനും, രാജ്യത്തെ പ്രതിപക്ഷ നിരയിലേക്ക് പുതിയൊരു ദേശീയ പാർട്ടിയുടെ കടന്നുവരവിനും നാന്ദികുറിച്ചത് അന്നത്തെ ഷീലാ ദീക്ഷിത് സർക്കാരിൻ്റെ പതനമായിരുന്നു. നിർഭയ കൂട്ടബലാത്സംഗത്തിന് ശേഷം രാജ്യവ്യാപകമായി ഉയർന്ന കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ഷീലാ ദീക്ഷിതിനും കോൺഗ്രസ് പാർട്ടിക്കും അടിപതറിയപ്പോൾ, അഴിമതിക്കെതിരായ പ്രതിഷേധങ്ങൾ മുന്നിൽ നിന്ന് നയിച്ച അണ്ണാ ഹസാരെയുടെ വലംകയ്യായി കെജ്‌രിവാൾ എന്ന മുൻ സർക്കാർ ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു.
കോൺഗ്രസിന് തിരിച്ചടിയായത് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങൾ മാത്രമായിരുന്നില്ല. അതോടൊപ്പം ദേശീയതലത്തിൽ 2 ജി സ്പെക്ട്രം അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതി കഥകളുടെ കൂമ്പാരങ്ങൾക്കിടയിൽ മുങ്ങിക്കിടന്ന കോൺഗ്രസിനെ വീഴ്ത്താൻ ആം ആദ്മിയെ പോലൊരു പാർട്ടിക്ക് അനായാസം കഴിയുന്ന സാഹചര്യമായിരുന്നു അന്നത്തേത്. കോൺഗ്രസിനേയും ബിജെപിയേയും 'നമ്പാതെ' ഡൽഹി ജനത വോട്ടിങ് മെഷീനിൽ ആപ്പിനിട്ട് കുത്തിയപ്പോൾ അതുവരെ രാജ്യം കാണാത്തൊരു രാഷ്ട്രീയ ദിശാമാറ്റത്തിൻ്റെ തുടക്കമായാണ് കാണാനായത്.
ബിജെപിയുടെ തിരിച്ചുവരവും ആം ആദ്മിയുടെ പതനവും
2025ലേക്ക് വരുമ്പോൾ ആം ആദ്മി പാർട്ടിയുടെ തോൽവിയുടെ കാരണമായി ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്ന പ്രധാന ഘടകങ്ങളിലൊന്ന് മിഡിൽ ക്ലാസ് വോട്ടർമാരെ കയ്യിലെടുക്കാൻ ആം ആദ്മിക്ക് സാധിച്ചില്ലെന്നതാണ്. ഒടുവിലത്തെ കേന്ദ്ര ബജറ്റിൽ രാജ്യത്തെ ഇടത്തരം ജനവിഭാഗത്തെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ബിജെപി ആദായ നികുതി നൽകാനുള്ള വാർഷിക ശമ്പള പരിധി 12,75,000 ആയി പുനർ നിർണയിച്ചപ്പോഴേ മത്സരം കനത്തതാകുമെന്ന് പ്രതീക്ഷിച്ചതാണ്.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ മുന്നണിക്ക് ശേഷം ഡൽഹി രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിച്ചിരുന്നത് ഡൽഹിയിലെ ഇടത്തരക്കാരായ ജനങ്ങളായിരുന്നുവെന്ന് നിസംശയം പറയാം. 13 ശതമാനം മുസ്ലിം വോട്ടുകളും, 17 ശതമാനം ദളിത് വോട്ടുകളും, അഞ്ച് ശതമാനം സിഖ് വോട്ടുകളും ഇതിൽ നിർണായകമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം പരിശോധിക്കുമ്പോൾ ബിജെപി 46.39%, ആം ആദ്മി പാർട്ടി 43.47%, കോണ്‍ഗ്രസ് 6.38% എന്നിങ്ങനെയാണ് വോട്ട് നേടിയത്.
ആം ആദ്മി സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തിയതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയുടെ കരുത്തുകൂട്ടിയതും മൊഹല്ല ക്ലിനിക്കുകളിലൂടെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തിയതുമെല്ലാം ഇടത്തരം ജനവിഭാഗത്തെ ആകർഷിച്ചിരുന്നു. എന്നാൽ എഎപി നേതാക്കൾ അഴിമതി നടത്തിയെന്ന പ്രതീതി സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞതും, നേരത്തെ പ്രഖ്യാപിച്ചിരുന്ന പോലെ സുതാര്യമായ ഭരണം നടത്തുമെന്ന വാഗ്ദാനം പാലിക്കാനാകാതെ വന്നതും ആം ആദ്മിയെ തിരിച്ചടിച്ചെന്ന് വേണം വിലയിരുത്താൻ. ഇതിനിടയിൽ കെജ്‌രിവാളിൻ്റെ പാർട്ടി നടത്തിയ സൗജന്യ പ്രഖ്യാപനങ്ങളൊന്നും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. വായു മലിനീകരണം, റോഡുകളുടെ മോശം അവസ്ഥ, കുടിവെള്ള പ്രശ്നം, തൊഴിലില്ലായ്മ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത നിരവധി പ്രശ്നങ്ങളായിരുന്നു വോട്ടർമാരെ സ്വാധീനിച്ചത്.
ഡൽഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഫലപ്രദമായി തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കാൻ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരിന് കഴിഞ്ഞുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കോൺഗ്രസ്, എഎപി സർക്കാരുകളുടെ തുടർച്ചയായ ഭരണത്തിൽ മനംമടുത്ത ജനത ബിജെപിക്ക് ഒരവസരം നൽകുന്നതിൽ തെറ്റില്ലെന്ന് കരുതിയതാകാം ഭാരതീയ ജനതാ പാർട്ടിക്ക് ഡൽഹിയിൽ ഒരു അവസരം കൂടി സമ്മാനിച്ചത്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയെ ജയിപ്പിച്ചാൽ തങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ക്യാപിറ്റൽ സിറ്റിയിലെ ജനങ്ങൾക്ക് ഉറപ്പായും ലഭിക്കുമെന്ന് ഡൽഹിയിലെ വോട്ടർമാർ പ്രതീക്ഷിക്കുന്നുണ്ടാകും.