ലോകത്തെ 180 രാജ്യങ്ങളിലേയും പ്രദേശങ്ങളിലേയും അഴിമതി നിലവാരം വിലയിരുത്തുന്ന ട്രാൻസ്പരൻസി ഇന്‍റർനാഷണൽ 2024ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സിലാണ് കണക്കുകൾ പുറത്തുവന്നത്
ലോകത്തെ അഴിമതി നിറഞ്ഞ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അഴിമതി സൂചികയിൽ 96ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ 180 രാജ്യങ്ങളിലേയും പ്രദേശങ്ങളിലേയും അഴിമതി നിലവാരം വിലയിരുത്തുന്ന ട്രാൻസ്പരൻസി ഇന്‍റർനാഷണൽ 2024ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സിലാണ് കണക്കുകൾ പുറത്തുവന്നത്.
സിപിഐ ഓരോ രാജ്യങ്ങൾക്കും 0 മുതൽ 100 വരെയുള്ള സ്കോർ നൽകും. 0 ലഭിക്കുന്നത് ഏറ്റവും അഴിമതി നിറഞ്ഞ രാജ്യത്തിനാണ്. 100 സ്കോർ ലഭിക്കുന്ന രാജ്യങ്ങൾ അഴിമതി കുറഞ്ഞ രാജ്യങ്ങളുമാണ്. അഴിമതി സൂചികയിൽ വെറും എട്ട് പോയിൻ്റോടെ ദക്ഷിണ സുഡാനാണ് ഒന്നാമത്. സൊമാലിയ, വെനസ്വേല, സിറിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ തൊട്ടു പിറകിലുണ്ട്. ഏറ്റവും കുറഞ്ഞ അഴിമതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്ക് ഒന്നാമതെത്തി, തൊട്ടുപിന്നിൽ ഫിൻലാൻഡും സിംഗപ്പൂരുമുണ്ട്.
ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിൽ; തുൾസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യ 38 സ്കോറോടെയാണ് പട്ടികയിൽ 96ആമത് എത്തിയത്. 2023 ൽ ഇന്ത്യയുടെ റാങ്ക് 93 ആയിരുന്നുവെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ 27 സ്കോറുമായി 137 -ാം സ്ഥാനത്താണ്. ചൈന 42 സ്കോറുമായി 76-ാം സ്ഥാനം നേടി. 23 സ്കോറുമായി 151ാം സ്ഥാനത്ത് ബംഗ്ലാദേശും, 32 പോയിന്‍റുമായി 121ാം സ്ഥാനത്ത് ശ്രീലങ്കയുമുണ്ട്. അഫ്ഗാനിസ്ഥാൻ 17 സ്കോറുമായി 165ാം സ്ഥാനത്താണ്.
അതേസമയം, ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലായതിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി ശിവസേന ഉദ്ദവ് പക്ഷം രംഗത്തെത്തി. പാർട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് ഉദ്ദവ് പക്ഷം വിമർശനം ഉന്നയിച്ചത്. രാജ്യത്ത് നിന്ന് അഴിമതി ഇല്ലാതാക്കുമെന്ന കേന്ദ്ര വാഗ്ദാനം പൊള്ളയാണെന്ന് ശിവസേന കുറ്റപ്പെടുത്തി.