തിരുവനന്തപുരം സമര വേദിയില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍ പിന്തുണയുമായി എത്തിയെങ്കിലും പാര്‍ലമെന്റില്‍ കേന്ദ്ര നിലപാടിന്റെ വഞ്ചന തുറന്നു കാട്ടപ്പെട്ടു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരുമാസത്തിലേറെയായി തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ ദേശാഭിമാനി മുഖപ്രസംഗം. കേന്ദ്ര സര്‍ക്കാരിനാണ് ഉത്തരവാദിത്തം എന്ന് അറിയാമായിരുന്നിട്ടും അതെല്ലാം മറച്ചു വെച്ചുകൊണ്ടാണ് ആശമാരുടെ സമരമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്.
സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നു. ഈ വിഷയത്തില്‍ സമര നേതൃത്വം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം മറച്ചു പിടിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
തിരുവനന്തപുരം സമര വേദിയില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍ പിന്തുണയുമായി എത്തിയെങ്കിലും പാര്‍ലമെന്റില്‍ കേന്ദ്ര നിലപാടിന്റെ വഞ്ചന തുറന്നു കാട്ടപ്പെട്ടു. കഠിനമായി പണിയെടുക്കുന്ന ആശമാര്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. ഈ ദിശയില്‍ ആദ്യം വേണ്ടത് ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക എന്നതാണ്. മിനിമം വേതനവും പെന്‍ഷനും ഉറപ്പാക്കാന്‍ ഈ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും ദേശാഭിമാനി പറയുന്നു.
ഇടതുപക്ഷത്തെ കരിവാരിത്തേക്കാന്‍ വഴിയില്‍ കിട്ടുന്ന എന്തും എടുത്ത് ഉപയോഗിക്കുന്നവര്‍ക്ക് ഇത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര നയം തിരുത്താന്‍ യോജിച്ച സമരത്തിന് എല്ലാവരും തയ്യാറാകണമെന്നും ലേഖനത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെയും ലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ആശമാര്‍ക്ക് പ്രതിമാസം നല്‍കുന്ന നിശ്ചിത പ്രതിഫലം 2000 രൂപയാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സമ്മതിച്ച കാര്യമാണ്. എന്നാല്‍ സ്വന്തം ഫണ്ടില്‍ നിന്ന് ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ ഓണറേറിയം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ കളവ് പറയുന്നവരായി ചിത്രീകിരക്കാന്‍ ശ്രമിച്ചുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ 6000 രൂപയാണ് നല്‍കുന്നതെന്ന് കേന്ദ്രം കണക്ക് വെച്ചതായും ലേഖനം പറയുന്നു.
എന്‍എച്ച്എം വിഹിതം പൂര്‍ണമായും കേരളത്തിന് നല്‍കിയെന്നും ഒരപു പൈസ കുടിശ്ശികയില്ലെന്ന് വിശദീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. 2023-24 വര്‍ഷത്തെ ആശമാരുടെ ഇന്‍സെന്റീവായ 100 കോടിയടക്കം 636.88 കോടി രൂപ കേന്ദ്രം നല്‍കാനുള്ളപ്പോഴാണ് ഈ അവകാശവാദം ജെ.പി. നദ്ദ ഉയര്‍ത്തിയത്. ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് നേരത്തെ അയച്ചുകൊടുത്തിട്ടും 'കോബ്രാന്‍ഡിങ്ങി'ന്റെ പേരിലാണ് കേന്ദ്രവിഹിതം തടഞ്ഞുവച്ചിരിക്കുന്നതെന്നും മുഖപത്രം വിമര്‍ശിക്കുന്നു.