എമ്പുരാൻ സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിൻ്റെ ഇമേജ് വളരെ വലുതായിരുന്നുവെന്നും ഇന്ന് ഖേദം പ്രകടിപ്പിച്ചതോടെ നടൻ്റെ ഇമേജ് തകർന്നെന്നും ഡീൻ കുര്യാക്കോസ് എംപി. മോഹൻലാൽ എത്ര ചെറുതായിപ്പോയി. മോഹൻലാലിനെ പോലെ ആരാധിക്കപ്പെടുന്ന അഭിനേതാക്കൾ ആരെയാണ് ഭയപ്പെടുന്നത്? RSS എത്രത്തോളം മാനസികമായി പീഡിപ്പിക്കുന്നുവെന്നതും വ്യക്തം. അവർ ഇന്ദിരാ ഗാന്ധിയേയും ജവഹർലാൽ നെഹ്‌റുവിനേയും മോശമാക്കി എത്ര സിനിമകൾ ഉണ്ടാക്കി. അതേ ചൊല്ലി കോൺഗ്രസ് നേതാക്കൾ എത്രപേർ വിമർശനവുമായി രംഗത്ത് വന്നു," ഡീൻ കുര്യാക്കോസ് വിമർശിച്ചു.
ആർഎസ്എസിനെ അലോസരപ്പെടുത്തുന്നത് രാജ്യം മുഴുവൻ മറന്നുപോകണമെന്ന് അവർ ആഗ്രഹിക്കുന്ന ഗുജറാത്ത് കലാപമാണെന്നും, ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന മത-രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഈ ലോകം തിരിച്ചറിയുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകളാണ് അതിന് സഹായകമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
"കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന്റെ അഭിമാനമായ മോഹൻലാലിനും പൃഥ്വിരാജിനും എതിരായി അതിരൂക്ഷമായ സൈബർ അറ്റാക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ആർഎസ്എസിനെ സംബന്ധിച്ച് ചരിത്രം പറഞ്ഞാൽ ബുദ്ധിമുട്ടാണ്. ഗുജറാത്ത് കലാപസമയത്ത് മുഖ്യമന്ത്രിയുടെ പേര് നരേന്ദ്ര മോദി എന്നായിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട പൈശാചികമായ നരഹത്യയാണ് ഗുജറാത്ത് കലാപം. ഗുജറാത്ത് കലാപത്തെ പറ്റിയുള്ള പ്രസ്താവനകൾ എമ്പുരാൻ സിനിമയിൽ സൂചിപ്പിക്കുന്നുണ്ട്. ഇത് ആർഎസ്എസിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇതിന് മുന്നിൽ ഇപ്പോൾ കീഴടങ്ങിയാൽ പിന്നെ രാജ്യം ബാക്കിയുണ്ടാവില്ല. എമ്പുരാൻ സിനിമയ്ക്ക് നേരെയുള്ള അതിക്രമമായി മാത്രം ഇത് കാണാൻ പാടില്ല," വി.കെ. സനോജ് പറഞ്ഞു.
അതേസമയം, നുണ രാജ്യം ഭരിക്കുമ്പോൾ സത്യം സെൻസർ ചെയ്യപ്പെടുമെന്ന് സിപിഎം നേതാവ് എം. സ്വരാജ് പ്രതികരിച്ചു. ഫേസ്ബുക്കിൽ ഒറ്റവരി കുറിപ്പിലൂടെയായിരുന്നു സ്വരാജിൻ്റെ ഈ പ്രതികരണം.