മലയാള സിനിയിലെ എക്കാലത്തേയും വലിയ ഇവൻ്റുകളിൽ ഒന്നായിരിക്കും മോഹൻലാൽ പൃത്ഥ്വിരാജ് മുരളി ഗോപി കൂട്ടുകെട്ടിൽ വരുന്ന എമ്പുരാൻ. റിലീസിന് മുമ്പ് 50 കോടി വിൽപ്പന പിന്നിട്ട ആദ്യ മലയാള ചിത്രമായി എംപുരാൻ ഇതിനകം മാറിക്കഴിഞ്ഞു. പ്രീ-സെയിൽ വെച്ച് നോക്കുമ്പോൾ എക്കാലത്തേയും വലിയ മലയാള ഓപ്പണർ ആണ് എമ്പുരാൻ. കേരളത്തില്‍ മാത്രം 750ലേറെ സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
ആദ്യദിനം തന്നെ 100 കോടി കടക്കുന്ന ഒരു മലയാളം സിനിമ സാധ്യമാണോ? ഒരുപക്ഷേ എംപുരാനിലൂടെ അത് സാധിച്ചേക്കും. സിനിമാത്തർക്കവും സമരാഹ്വാനവും നിഴൽ വീഴ്ത്തിയ സമയത്താണ് എമ്പുരാൻ്റെ മാസ് എൻട്രി. കളക്ഷനിൽ ഇതിനകം സിനിമ വൻ വിസ്മയമായി. ആദ്യ ദിനത്തിൽ എമ്പുരാന് 35 കോടിയിലധികം പ്രീ-സെയിൽ കിട്ടി. ഇന്നലെ രാവിലെ തന്നെ 63 കോടി പിന്നിട്ടു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സിനിമ റിലീസ് ചെയ്യുംമുമ്പേ ഇത്രയും ബിസിനസ് നടത്തുന്നത്.
എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമടക്കം നടന്നത് പൊടിപാറിയ പ്രൊമോഷൻ. ഫലം ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളുടെ സെർവർ തകർത്ത തള്ളിക്കയറ്റം. ഓരോ ഭാഷയിലും അതാതിടത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള ഇൻഫ്ലുൻസർമാരെ ഉപയോഗിച്ചാണ് സിനിമ പ്രൊമോട്ട് ചെയ്തത്. സാമൂഹിക മാധ്യമ ഫീഡുകൾ അബ്രാം ഖുറേഷി കീഴടക്കിയിരിക്കുന്നു. ഒരുപക്ഷേ ആദ്യ ഷോ നടക്കുംമുമ്പേ സിനിമ 100 കോടി ക്ലബ്ബിലെത്തിയാലും അത്ഭുതമില്ലെന്ന തരത്തിലായിരുന്നു ടിക്കറ്റ് വിൽപ്പന.
Also Read; ദൈവപുത്രന്‍മാരെ തകര്‍ത്തെറിയാന്‍ അവനെത്തി; 'എമ്പുരാന്‍' തിയേറ്ററില്‍
നല്ല പ്രതികരണങ്ങൾ ലഭിക്കുകയാണെങ്കിൽ, ആദ്യ ആഴ്ചയിൽ തന്നെ ഏറ്റവും വലിയ മലയാളം ഗ്രോസ് കളക്ഷൻ റെക്കോഡ് എമ്പുരാൻ പഴങ്കഥയാക്കും. സ്‌കൂള്‍ അടച്ചതും തുടര്‍ച്ചയായ അവധി ദിവസങ്ങൾ വരുന്നതും ചിത്രത്തിന് ഗുണം ചെയ്യും. രണ്ടാഴ്ചയെങ്കിലും ഹൗസ്ഫുൾ ഷോകൾ ഉണ്ടായാൽ എമ്പുരാനെ പിന്നെ പിടിച്ചാൽ കിട്ടില്ല.
വിദേശ ബോക്സ് ഓഫീസിൽ, എമ്പുരാന്റെ പ്രീ-സെയിൽസ് ഗ്രോസ് 4 മില്യൺ ഡോളറിനടുത്ത് , അതായത് 30 കോടിയിൽ ഇതിനകം എത്തി. ജർമനിയിൽ എമ്പുരാന്റെ അഡ്വാൻസ് സെയിൽസ് സമീപകാല മെഗാ ബ്ലോക്ക്ബസ്റ്റർ പുഷ്പ 2 ന്റെ ആകെ കളക്ഷനെ മറികടന്നതും ശ്രദ്ധേയം. 2025ലിറങ്ങിയ മലയാളം ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചതെന്നാണ് നിർമാതാക്കൾ പറയുന്നത്. എമ്പുരാൻ്റെ വൻ ബിസിനസ് തീയേറ്ററുകളെ വീണ്ടും സജീവമാക്കും. ഇത് വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾക്കും ഗുണം ചെയ്തേക്കും.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയും ആശിർവാദ് സിനിമാസിന്റെ ആൻ്റണി പെരുമ്പാവൂരും ശ്രീ ഗോകുലം മൂവീസിൻ്റെ ഗോകുലം ഗോപാലനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നുതുടങ്ങി വൻ താരനിരയാണ് സിനിമയിൽ. ഇനി കാത്തുവച്ച ഏതെങ്കിലും സർപ്രൈസ് ഹെവി വെയ്റ്റ് കാമിയോ റോളുകൾ കൂടിയുണ്ടോ എന്ന് കാത്തിരുന്ന് കാണാം.