പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്നും എന്നാൽ താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും സാബു ഫോൺ സന്ദേശത്തിൽ പറയുന്നു
ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. സാബുവിനെ മുൻ ബാങ്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആർ. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്നും എന്നാൽ താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തൊണെന്ന് സജി ചേദിച്ചു. നിങ്ങൾ വിഷയം മാറ്റാൻ ശ്രമിക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നും സംഭാഷണത്തിൽ പറയുന്നു.
ALSO READ: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി
സിപിഎം നേതാവ് വി.ആർ. സജി ഭീഷണിപ്പെടുത്തിയെന്ന് മരിച്ച ഷാജിയുടെ ഭാര്യ മേരിക്കുട്ടിയും പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതിനാണ് പണം ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപയാണ് ഇനി ലഭിക്കാനുള്ളത്. കേസുമായി മുമ്പോട്ട് പോകും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ഭാര്യ മേരിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ സാബു ആത്മഹത്യ ചെയ്തത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ബാങ്കിൽ എത്തിയിരുന്നു. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തുക തിരികെ ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാൽ തുക നൽകാൻ ബാങ്ക് തയ്യാറായില്ലെന്നും തന്നോട് മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് സാബു ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)