പദ്ധതിക്കായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അറിയിച്ചതായി എംഎൽഎ സനീഷ് കുമാർ ജോസഫ് വ്യക്തമാക്കി
തൃശൂർ ജില്ലക്ക് പ്രതീക്ഷയേകുന്ന പുതിയ ടൂറിസം വികസന പദ്ധതികൾ സർക്കാർ പരിഗണനയിൽ. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിയെ കുറിച്ചാണ് സർക്കാർ ആലോചന. പദ്ധതിക്കായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അറിയിച്ചതായി എംഎൽഎ സനീഷ് കുമാർ ജോസഫ് വ്യക്തമാക്കി.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റുകളെയും വിദേശികളെയും ഒരു പോലെ ആകർഷിക്കാൻ കഴിയുന്ന പദ്ധതിയാണ് ഇത്. കേരള ടൂറിസത്തിനും തൃശൂരിനും ഒരുപോലെ മുതൽക്കൂട്ടാകുന്ന പ്രത്യേക പദ്ധതി പരിഗണനയിലാണെന്നും ഇതിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചതായും എംഎൽഎ പറഞ്ഞു.
ALSO READ: അമരക്കുനിയിലെ ജനവാസമേഖലയിലിറങ്ങിയ കടുവ കാപ്പിത്തോട്ടത്തിൽ; മയക്കുവെടി ഉടൻ വെച്ചേക്കും
വനംവകുപ്പ് നിയമസഭാ സമിതിയുടെ സിറ്റിങ്ങിന്റെ ഭാഗമായി, വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ തൃശൂർ ചാലക്കുടിയിൽ എത്തിയപ്പോളാണ് മന്ത്രി പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചത്. പ്ലാൻ്റേഷൻ കോർപറേഷന് പാട്ടത്തിന് നൽകിയ വനം വകുപ്പിൻ്റെ രണ്ടര ഹെക്ടർ സ്‌ഥലം ഇതിനായി ഏറ്റെടുക്കും. അതിരപ്പിള്ളിയിലെത്തുന്ന വിനോദയാത്രികരുടെ സൗകര്യാർഥം പിള്ളപ്പാറയിൽ പാർക്കിങ്ങിന് പുതിയ സംവിധാനവും സൗകര്യങ്ങളുമൊരുക്കും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വനം വകുപ്പ് രണ്ടര കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എംഎൽഎ അറിയിച്ചു.
പ്രദേശത്ത് സന്ദർശനം നടത്തി പദ്ധതിയെ കുറിച്ച് പഠിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കും. എംഎൽഎമാരായ സനീഷ്കുമാർ ജോസഫ്, സി.കെ. ഹരീന്ദ്രൻ, സണ്ണിജോസഫ്, ഡിഎഫ്ഒ ആർ. ലക്ഷ്മി തുടങ്ങിയവരും മന്ത്രിക്കൊപ്പം വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.