ചരിത്രത്തിൽ ആദ്യമായി ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെയാണ് തമിഴ്നാട് പത്ത് നിയമങ്ങൾ പാസാക്കിയത്
സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രനീക്കവുമായി തമിഴ്നാട് സർക്കാർ. ചരിത്രത്തിൽ ആദ്യമായി ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെയാണ് തമിഴ്നാട് പത്ത് നിയമങ്ങൾ പാസാക്കിയത്. ഗവർണർമാർക്ക് ബില്ലുകൾ അനിശ്ചിതമായി വൈകിപ്പിക്കാനാകില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കണമെന്നുമുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് സർക്കാരിൻ്റെ ചരിത്രനീക്കം.
തമിഴ്നാട് സർക്കാർ പാസാക്കിയ ബില്ലുകൾ:
- തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2020
- തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2020
- തമിഴ്‌നാട് യൂണിവേഴ്‌സിറ്റി ലോസ് (ഭേദഗതി) നിയമം, 2022
- തമിഴ്നാട് ഡോ. അംബേദ്കർ നിയമ സർവകലാശാല (ഭേദഗതി) നിയമം, 2022
- തമിഴ്നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി, ചെന്നൈ (ഭേദഗതി) നിയമം, 2022
- തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2022
- തമിഴ് യൂണിവേഴ്സിറ്റി (രണ്ടാം ഭേദഗതി) നിയമം, 2022
- തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2023
- തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2023
നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവർണർക്ക് നൽകുന്നില്ലെന്നും കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണ് ഉളളത്. ബില്ലിന് അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നതിന് രാഷ്ട്രപതിക്കും സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ഡോ. ആര്‍.എന്‍. രവിക്കെതിരായ വിധിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഗവര്‍ണര്‍മാർ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കുള്ള സമയപരിധി മൂന്നാഴ്ചയായിരിക്കും. വിധിയുടെ പകർപ്പ് എല്ലാ ഹൈക്കോടതികള്‍ക്കും എല്ലാ ഗവർണർമാർക്കും അയച്ചു.