വ്യക്തത വരുത്തിയ കാര്യത്തിൽ സർക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കണ്ട ആവശ്യം ഇല്ല എന്നും മന്ത്രി പറഞ്ഞു
ടി പി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് നിയമസഭയിൽ എംബി രാജേഷ്. സർക്കാരിനെ കുഴപ്പത്തിലാക്കാൻ ശ്രമിച്ചത് ജയിൽ ഉദ്യോഗസ്ഥരാണ്. പ്രസക്തമല്ലാത്ത വിഷയമാണ് സഭയിൽ ഉന്നയിച്ചത്. ഈ പ്രശ്നം ഉയർന്ന വന്ന സമയത്ത് തന്നെ വ്യക്തത വരുത്തിയതാണെന്നും, വീണ്ടും ആ കാര്യത്തിൽ സർക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കണ്ട ആവശ്യം ഇല്ല എന്നും മന്ത്രി പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ശിക്ഷ ഇളവിന് ശുപാര്‍ശ ചെയ്ത സംഭവത്തിലാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്. ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് നല്‍കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
അതേസയമം ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ എതിർപ്പുമായി അസോസിയേഷൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സർക്കാർ തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് സസ്പെന്‍ഷനിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിൻ്റെ ചുമതലയുള്ള ജോയിൻ്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് അടക്കമുള്ളവർ പറഞ്ഞത്. അതേസമയം പരസ്യപ്രതികരണത്തിന് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.