"പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ"
വിവാദ പ്രസ്താവനയിൽ കാന്തപുരത്തെ തള്ളാതെ മുൻ ധനമന്ത്രി തോമസ് ഐസക്ക്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയിൽ സ്ത്രീപുരുഷ സമത്വം സംബന്ധിച്ച് കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിൽ. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലീം മത രാഷ്ട്രത്തിനു വേണ്ടി അദ്ദേഹം പറഞ്ഞിട്ടില്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത് മതത്തിൽ മാത്രമല്ല, സർവ തലത്തിലുമുണ്ട്. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധപൂർവ്വം തിരുത്താൻ ശ്രമിക്കുന്നുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
കഴിഞ്ഞ ദിവസം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരോക്ഷമായി വിമർശിച്ചിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണ്. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചിരുന്നു.
എന്നാൽ, ഇതിന് മറുപടിയായി ഇസ്ലാമിന്റെ നിയമം എന്താണ് വേണ്ടതെന്ന് പണ്ഡിതന്മാര്‍ പറയുമെന്ന് കാന്തപുരം പറഞ്ഞിരുന്നു. അത് അവര്‍ക്ക് വിട്ടു കൊടുക്കണം. എം.വി. ഗോവിന്ദന്റെ ജില്ലയില്‍ 18 ഏരിയ സെക്രട്ടറിമാരുള്ളതില്‍ ഒരാള്‍ പോലും സ്ത്രീ ഇല്ലെന്നും എന്തുകൊണ്ടാണ് അവിടെ ഒന്നും സ്ത്രീകളെ പരിഗണിക്കാത്തത് എന്നും കാന്തപുരം ചോദിച്ചു. തങ്ങളുടെ മേലേക്ക് കുതിര കയറാന്‍ വരേണ്ടെന്നും മതവിധി പറയുന്നത് മുസ്ലീങ്ങളോടാണ് എന്നും കാന്തപുരം വിമര്‍ശിച്ചു.
ALSO READ: പിപിഇ കിറ്റ് വിവാദം: സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് തോമസ് ഐസക്ക്
മെക് സെവൻ വ്യായാമത്തിനെതിരെ നേരത്തെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞിരുന്നു.