ദ്രുതഗതിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ എൻ ഐ ടി കാലിക്കറ്റിനെ നിയോഗിച്ചു എന്നും മന്ത്രി
ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ഇതിനായി കൊല്ലം മുണ്ടയ്ക്കൽ വില്ലേജിൽ എട്ട് ഏക്കർ ഭൂമി വാങ്ങിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ദ്രുതഗതിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ എൻ ഐ ടി കാലിക്കറ്റിനെ നിയോഗിച്ചു എന്നും മന്ത്രി പറഞ്ഞു.
കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടിയതായും ആർ. ബിന്ദു പറഞ്ഞു. അധ്യാപകന്റെ ഭാഗത്തു നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി. പോലീസ് റിപ്പോർട്ട് ലഭ്യമാക്കേണ്ടതുണ്ട്. സർവകലാശാല നടപടി സ്വീകരിച്ചു. സർവ്വകലാശാല മൂന്നോളം നോട്ടീസ് അധ്യാപകന് നൽകിയിട്ടുണ്ട്. എന്നിട്ടും അധ്യാപകൻ മൗനം തുടർന്നു. സർവകലാശാല നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തൻ്റെ വിശദീകരണം. ഗൂഢാലോചന ഉണ്ടോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അധ്യാപകനുമായി താൻ സംസാരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
താൻ ബൈക്കിൽ പോകുമ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്ടമായത് എന്നും ഉടൻ തന്നെ പൊലീസിൽ പരാതി നൽകി എന്നും അധ്യാപകൻ പ്രതികരിച്ചിരുന്നു. താൻ 10- 12 കിലോമീറ്ററിന് ഉള്ളിൽ തന്നെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞുവെന്നും, തനിക്ക് ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളില്ല. എല്ലാ കടകളിലും മറ്റും ഉത്തരക്കടലാസ് കിട്ടാനുള്ള സാഹചര്യമുണ്ടോ എന്ന് അന്വേഷിച്ചു. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിൽ വിദ്യാർഥികളോട് ക്ഷമ ചോദിക്കുന്നുവെന്നും അധ്യാപകൻ പറഞ്ഞിരുന്നു. നിലവിൽ വീണ്ടും പരീക്ഷ നടത്താനാണ് സർവകലാശാലയുടെ തീരുമാനം. ഫീസ് വാങ്ങാതെ പരീക്ഷ നടത്തും. ഏഴാം തീയതി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.