fbwpx
"ഹോട്ടലുടമ നിരന്തരം ശല്യം ചെയ്യുമായിരുന്നു, രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്നും ചാടേണ്ടി വന്നു"; മുക്കത്തെ പീഡനശ്രമത്തെ കുറിച്ച് പ്രതികരിച്ച് അതിജീവിത
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Feb, 2025 01:50 PM

രക്ഷപ്പെടാനാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നും നിയമപപരമായി മുന്നോട്ടുപോകുമെന്നും അതിജീവിത പറഞ്ഞു

KERALA


മുക്കം പീഡനശ്രമ കേസിൽ പ്രതികരണവുമായി അതിജീവിത. അറസ്റ്റിലായ ഹോട്ടൽ ഉടമ ദേവദാസ് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾ മുറിയിലേക്ക് അതിക്രമിച്ച് കയറി തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ദേവദാസിന്റെ കയ്യിൽ മാസ്കിങ് ടേപ്പ് ഉണ്ടായിരുന്നു. രക്ഷപ്പെടാനാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും അതിജീവിത പറഞ്ഞു.


വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് അതിജീവിത പറഞ്ഞു. ഹോട്ടലുടമ ദേവദാസാണ് ആദ്യം മുറിയിലേക്ക് വന്നത്. ഇയാളുടെ കൈയ്യിൽ മാസ്‌കിംഗ് ടാപ്പ് ഉണ്ടായിരുന്നു. ഫോൺ പിടിച്ചുവാങ്ങിയ ശേഷവും അതിക്രമം തുടർന്നപ്പോഴാണ് പുറത്തേക്കോടിയത്. രക്ഷപ്പെടാനായാണ് കെട്ടിടത്തിൽ നിന്ന് ചാടേണ്ടി വന്നതെന്നും യുവതി പറഞ്ഞു.


ALSO READ: മുക്കം പീഡനശ്രമക്കേസ്: ഒന്നാം പ്രതിയായ സ്വകാര്യ ഹോട്ടലുടമ അറസ്റ്റില്‍


അതേസമയം, കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ദേവദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കുന്ദംകുളത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്നാണ് സൂചന. അതിക്രമിച്ചു കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മുക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.



ഈ മാസം ഒന്നിനാണ് മുക്കത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടി യുവതിക്ക് പരിക്കേറ്റത്. ഹോട്ടലിലെ ജീവനക്കാരിയായ യുവതിയെ ഹോട്ടലുടമ ദേവദാസും, റിയാസ്, സുരേഷ് എന്നീ ജീവനക്കാരും ചേർന്നാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോട്ടൽ ഉടമ അതിക്രമത്തിന് മുതിർന്നത്. ഈ സമയം ആക്രമണത്തിൻ്റെ ദൃശ്യം ഫോണിൽ പതിഞ്ഞിരുന്നു. ഇത് കേസിൽ നിർണായക തെളിവാകും.


ALSO READ: എലപ്പുള്ളി മദ്യക്കമ്പനി വിവാദം: കേരളത്തിൽ ആവശ്യത്തിന് മദ്യം ഉൽപാദിപ്പിക്കുന്നില്ല, ആവശ്യത്തിന് ഉൽപാദനമെന്നത് LDF നിലപാട്: ടി.പി. രാമകൃഷ്ണൻ


പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്കുചാടിയ യുവതിയുടെ നട്ടെല്ലിനും കൈമുട്ടിനും സാരമായി പരിക്കേറ്റു. കെട്ടിടത്തിൽ നിന്നും താഴെ വീണ അതിജീവിതയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പിന്നീട് ബന്ധുക്കൾ എത്തിയാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടയിൽ അതിജീവിതയുടെ അമ്മയെ സ്വാധീനിക്കാനും, കേസ് ഒത്തുതീർപ്പാക്കാനും പ്രതികളുടെ ബന്ധുക്കളുടെ ഭാ​ഗത്ത് നിന്ന് ശ്രമമുണ്ടായി.


മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രഹസ്യ മൊഴി എടുക്കാനിരിക്കെയാണ് ബന്ധുക്കൾ പെൺകുട്ടിയുടെ ഫോൺ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഹോട്ടൽ ഉടമയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളും കയ്യിലുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായാൽ നീതിക്കായി സമരം ചെയ്യാനുൾപ്പെടെ തയ്യാറാണെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അടിയന്തര അന്വേഷണം നടത്താനാണ് കമ്മീഷന്‍റെ ഉത്തരവ്.


Also Read
user
Share This

Popular

KERALA
KERALA
വയനാട്ടിലെ യുഡിഎഫ് ഹർത്താൽ പൂർണം; പലയിടത്തായി വാഹനങ്ങൾ തടഞ്ഞു, നേരിയ സംഘർഷം