മുംബൈ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, 2008 നവംബർ 16 നാണ് റാണ കൊച്ചിയിൽ എത്തിയത്
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകനായ തഹാവൂർ റാണ കേരളത്തിൽ എത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാനാണെന്ന് മൊഴി നൽകിയതായി സൂചന. കൊച്ചിയിലടക്കം ആരാണ് റാണയ്ക്ക് വെണ്ട സഹായം നല്‍കിയത് എന്ന് എൻഐഎ അന്വേഷിക്കും. ഇന്‍റലിജന്‍സ് ബ്യൂറോയുടേയും എന്‍ഐഎയുടേയും കേരള ഘടകമാകും ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുക.
മുംബൈ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, 2008 നവംബർ 16 നാണ് റാണ കൊച്ചിയിൽ എത്തിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ താമസിച്ച റാണ തന്ത്രപ്രധാന പലയിടങ്ങളും സന്ദർശിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ പ്രഥമിക കണ്ടെത്തല്‍. എന്നാല്‍ ആരൊക്കെയുമായാണ് റാണ കൂടിക്കാഴ്ച നടത്തിയതെന്നോ എന്തിനാണ് കൊച്ചിയില്‍ എത്തിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎക്കോ കേരളാ പൊലീസനോ കണ്ടെത്താനായിട്ടില്ല.
Also Read: രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; ഗവർണർമാർ അയയ്ക്കുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം
നിലവില്‍ തഹാവൂർ റാണ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയിലാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ 2023 മേയ് 18 ന് അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിനെതിരെ റാണ നടത്തിയത് ഒന്നരപ്പതിറ്റാണ്ട് കാലത്തെ നിയമയുദ്ധമാണ്. ഫെഡറല്‍ കോടതികളെല്ലാം തള്ളിയ റിട്ട് ഒടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയും തള്ളി.
Also Read: 'ഉപാധികളില്ലാതെ'; സ്റ്റാലിനെ എതിരിടാന്‍ ബിജെപിയുമായി വീണ്ടും കൈകോർത്ത് എഐഎഡിഎംകെ
2025 ജനുവരി 25 ന് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ സുപ്രീം കോടതി അനുമതിയും നല്‍കി. വിധി ചോദ്യം ചെയ്ത് റാണ അടിയന്തര അപേക്ഷയും തള്ളിയതോടെയാണ് റാണയെ ഇന്ത്യയില്‍ എത്തിച്ചത്. ഡല്‍ഹിയിലെത്തിച്ചതിനു പുറകെ റാണയെ പാട്യാല കോടതിയില്‍ ഹാജരാക്കി. ഡല്‍ഹിയിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവയാണ് റാണയ്ക്ക് നിയമസഹായം നല്‍കിയത്.