ഷോൺ ജോർജ് ഉൾപ്പെടെയുള്ള പുതുമുഖങ്ങളെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കാനാണ് രാജീവ് ചന്ദ്രശേഖറിൻ്റെ തീരുമാനം
സംസ്ഥാനത്തെ ബിജെപി ഭാരവാഹികളെ അടിമുടി മാറ്റാനൊരുങ്ങി പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അപ്രതീക്ഷിത നേതാക്കൾ സംസ്ഥാന തല ഭാരവാഹികളാകുമെന്നും സൂചന. ഷോൺ ജോർജ് ഉൾപ്പെടെയുള്ള പുതുമുഖങ്ങളെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കാൻ രാജീവ് ചന്ദ്രശേഖർ തീരുമാനിച്ചു. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർഎസ്എസ് പ്രചാരകനെ തിരികെ കൊണ്ടുവരാനും ധാരണയായി.
തൃശൂരിൽ പാർട്ടിക്ക് പാർലമെന്ററി വിജയം സമ്മാനിച്ചതിൽ നേതൃപങ്കു വഹിച്ച ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിനെയും ജനറൽ സെക്രട്ടറിയാക്കുമെന്നാണ് വിവരം. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവ വിഭാഗം വലിയ പങ്കുവഹിച്ചിരുന്നു. പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജിനെ ജനറൽ സെക്രട്ടറിയാക്കുന്നത് വഴി ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ക്രൈസ്തവ സമൂഹത്തെ കൂടെ നിർത്തി തൃശൂരിന് സമാനമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
പാർട്ടിയിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ന്യൂസ് മലയാളത്തോട് സംസാരിക്കവെ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. വ്യക്തികളുടെ ടീം അല്ല, മറിച്ച് യുവാക്കളടങ്ങിയ ബിജെപിയുടെ ടീം കേരളത്തിലുണ്ടാകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ്റെ പ്രസ്താവന. ബിജെപിയിൽ ഇനി ഗ്രൂപ്പിസം ഉണ്ടാകില്ലെന്നും ഒരു നേതാവിനെയും മാറ്റി നിർത്തില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും രണ്ട് പേരുകളാണ് ഉയർന്നുകേൾക്കുന്നത്. മുൻ ജില്ലാ പ്രസിഡൻ്റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എസ്. സുരേഷ് കുമാർ, മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ് എന്നിവരെ നേതൃസ്ഥാനത്തെത്തിക്കുമെന്നാണ് സൂചന. പാലക്കാട് നിന്നുള്ള കൃഷ്ണകുമാറിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നും വിവരങ്ങളുണ്ട്.
അതേസമയം ആർഎസ്എസ് പ്രചാരകൻമാരെ ബിജെപി ജനറൽ സെക്രട്ടറിയായി തിരികെ കൊണ്ടുവരാൻ തീരുമാനമായി. ആർഎസ്എസ് പ്രവർത്തകൻ എ. ജയകുമാറിനെ തിരികെ കൊണ്ടുവരാനാണ് സാധ്യത. എ. ജയകുമാർ ബിജെപിയിലെക്ക് വരാൻ താൽപര്യം കാണിച്ചില്ലെങ്കിൽ, പാർട്ടി ജനറൽ സെക്രട്ടറി എം.ടി രമേശിന് കൂടുതൽ ചുമതലകൾ നൽകും.