രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്ന സമയത്താണ് വസതിയില്‍ സ്‌ഫോടനമുണ്ടായതെന്ന് ബിജെപി നേതാവ് തന്നെ പറഞ്ഞിരുന്നു.
ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയയുടെ പഞ്ചാബിലെ വസതിയില്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. അറസ്റ്റിലായ സീഷാന്‍ അക്തര്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗവും എന്‍സിപി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിലെ പ്രതിയാണെന്നും പൊലീസ് പറയുന്നു.
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്ന സമയത്താണ് വസതിയില്‍ സ്‌ഫോടനമുണ്ടായതെന്ന് ബിജെപി നേതാവ് തന്നെ പറഞ്ഞിരുന്നു. അദ്ദേഹം വീട്ടിലുണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞ കേസിലെ പ്രധാന പ്രതിയെ കസ്റ്റഡിയില്‍ എടുത്തെന്നും ആക്രമണത്തിനായി ഉപയോഗിച്ച ഇ-റിക്ഷയും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഭഗ്‌വന്ത് സിങ് മന്‍ സര്‍ക്കാരിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ ആക്രമണമാണിത്.
അതേസമയം സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പായ ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിരുന്നു. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ അമൃത്സറിലും ഗുര്‍ദാസ് പൂരിലുമായി നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു പ്രധാനപ്പെട്ട നേതാവിന്റെ വീട് കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നത് ആദ്യമായാണ്. മാര്‍ച്ചില്‍ അമൃത്സറിലെ ഒരു ക്ഷേത്രത്തിലും സ്‌ഫോടനം നടന്നിരുന്നു.
ഒക്ടോബര്‍ 12നാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മുംബൈ ബാന്ദ്രയിലെ നിര്‍മല്‍ നഗറിലുള്ള സീഷന്റെ ഓഫീസിന്റെ മുന്നില്‍വെച്ച് അക്രമി സംഘം ബാബയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കുപ്രസിദ്ധനായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ബാബയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് ബിഷ്‌ണോയ് ഗ്യാങ്ങിലെ ഒന്‍പതു പേരെ അറസ്റ്റ് ചെയ്തത്.
ഗുര്‍മൈല്‍ ബല്‍ജിത് സിംഗ് (23), ധര്‍മരാജ് കശ്യപ് (21), ഹരീഷ് കുമാര്‍ നിസാദ് (26), പ്രവീണ്‍ ലോങ്കര്‍ (30), നിതിന്‍ ഗൗതം സാപ്രെ (32), സംഭാജി കിസാന്‍ പര്‍ധി (44), പ്രദീപ് ദത്തു തോംബ്രെ (37), ചേതന്‍ ദിലീപ് പര്‍ധി, റാം ഫുല്‍ചന്ദ് കനൂജിയയും (43) എന്നിവരാണ് ബാബ സിദ്ദിഖി വധക്കേസിലെ പിടിയിലായ ഒമ്പത് പ്രതികള്‍. എന്നാല്‍ ഇതിലെ പ്രധാന പ്രതി ശിവകുമാര്‍ ഗൗതം, ശുഭം ലോങ്കര്‍, മുഹമ്മദ് സീഷന്‍ അക്തര്‍ എന്നിവര്‍ ഒളിവിലായിരുന്നു. മൂന്നുപേര്‍ക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സീഷന്‍ അക്തര്‍ ബിജെപി നേതാവിന്റെ കേസുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നത്.