fbwpx
'പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നു'; എമ്പുരാനെതിരെ വീണ്ടും ആരോപണങ്ങളുമായി RSS മുഖവാരിക
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Mar, 2025 07:21 PM

എമ്പുരാനെ വിമർശിക്കുന്ന ലേഖനത്തിന്റെ മുഖചിത്രത്തിൽ ബോയിക്കോട്ട് (ബഹിഷ്കരിക്കുക) എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം

MALAYALAM MOVIE


എമ്പുരാനെതിരെ വീണ്ടും ആരോപണങ്ങളുമായി ആർഎസ്എസ് മുഖവാരിക ഓര്‍ഗനൈസർ. ചിത്രം ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നാണ് പുതിയ ആരോപണം. പൃഥ്വിരാജിൻ്റെ സിനിമകളിൽ ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നുവെന്നും ഓർ​ഗനൈസർ വിമർശനം ഉന്നയിക്കുന്നു. സിനിമയെ തീവ്ര ദേശീയതയുടെ അടിസ്ഥാനത്തിൽ വിമർശിക്കുന്ന വിഷ്ണു അരവിന്ദിന്‍റെ ലേഖനത്തിന്റെ മുഖചിത്രത്തിൽ ബോയിക്കോട്ട് (ബഹിഷ്കരിക്കുക) എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം.

Also Read: എമ്പുരാനില്‍ പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍‌, പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജ്


നിരവധി അർത്ഥ തലങ്ങളുള്ള സിനിമയുടെ കഥ കണക്കുകൂട്ടി ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ അജണ്ടയാണ് പിന്തുടരുന്നതെന്നാണ് ഓർ​ഗനൈസറിലെ ലേഖനം പറയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നുമാണ് ലേഖനത്തിലെ നിരീക്ഷണം. സിനിമ ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഹിന്ദു വിഭാ​ഗത്തെ പ്രതിനായക സ്ഥാനത്ത് നിർത്തുന്നുവെന്നും ലേഖനം ആരോപിക്കുന്നു. ഇത് സാധൂകരിക്കാനായി ഓർ​ഗനൈസർ ചൂണ്ടിക്കാണിക്കുന്നത് സിനിമയിലെ ​ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള രം​ഗങ്ങളാണ്. ​ഗുജറാത്ത് കലാപം കാണിക്കുമ്പോഴും ​ഗോധ്രയിലെ സബൻമതി എക്സ്‌പ്രസ് കത്തിയ സംഭവം മറച്ചുവയ്ക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇത്തവണ ലൂസിഫർ സിനിമയിലേക്കും ഓർ​ഗനൈസറിന്റെ വിമർശനം നീളുന്നുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ വിദേശ ശക്തികൾ നിയന്ത്രിക്കുന്നുവെന്നാണ് ലൂസിഫർ പറഞ്ഞുവയ്ക്കുന്നുവെന്നാണ് ആരോപണം. രണ്ടാം ഭാ​ഗത്ത്, രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിന്‍റെ അഭിവാജ്യ ഘടകമായ കേന്ദ്ര അന്വേഷണ ഏജൻസികളെയാണ് ലക്ഷ്യവയ്ക്കുന്നതെന്നും ആർഎസ്എസ് മുഖവാരിക പറയുന്നു. 'എമ്പുരാനും' 'ലൂസിഫറും' അരാജകത്വവും നിരാശാജനകമായ രാഷ്ട്രീയ പരിതസ്ഥിതിയുമാണ് ചിത്രീകരിച്ചതെന്നും ഓർ​ഗനൈസർ പറയുന്നു.


Also Read: 'സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നത്'; എമ്പുരാനെതിരായ സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി


സിനിമയ്ക്ക് വേണ്ട ഫണ്ട് എവിടെ നിന്നാണ് ലഭിച്ചത്? നിശബ്ദമായി ഈ സിനിമയെ പിന്തുണച്ചത് ആരായിരുന്നു? നിർമാതാക്കളിൽ ഒരാൾ എന്തുകൊണ്ടാണ് പദ്ധതിയിൽ നിന്ന് പിന്മാറിയത്? സംശയാസ്പദമായ രീതിയിൽ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുണ്ട് ലേഖനം. ആർ‌എസ്‌എസിനെയും സംഘപരിവാറിനെയും വ്യാപകമായി വിമർശിക്കുന്ന സിനിമകൾ നിർമിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ല. അതുപോലെ, സർക്കാരിനെയും ദേശീയ നേതൃത്വത്തിനുമെതിരായ വിമർശനം ജനാധിപത്യത്തിന്റെ അടിസ്ഥാന വശമാണെന്നും പറയുമ്പോഴും എമ്പുരാനിലെ വിമർശനങ്ങളെ രാഷ്ട്രത്തിന്റെ അഖണ്ഡതയുമായി ചേർത്തു വായിക്കാനാണ് ഓർ​ഗനൈസറിന്റെ ശ്രമം. 


മോഹൻലാലിനും പൃഥ്വിരാജിനും എതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ചു വരികയാണ് ആർഎസ്എസ് മുഖവാരിക. സിനിമയുടെ തിരക്കഥ വായിക്കാതെയാണ് മോഹൻലാൽ അഭിനയിച്ചത് എന്ന ചിലരുടെ അവകാശവാദം വിശ്വസിക്കാനാവില്ലെന്നായിരുന്നു മറ്റൊരു ലേഖനത്തിലെ പരാമർശം. 2022ല്‍ തിരക്കഥ പൃഥ്വിരാജിന് കൈമാറിയെന്നും മോഹൻലാൽ, നിർമാതാവായ ഗോകുലം ഗോപാലൻ, തിരക്കഥാകൃത്തായ മുരളി ഗോപി എന്നിവർക്ക് സിനിമയില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച്  അറിയില്ലായിരുന്നുവെന്ന സൈബർ ഇടങ്ങളിലെ വാദങ്ങളെയും ഈ ലേഖനം തള്ളിയിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ ഒന്നുകില്‍ പണത്തിനു പിറകെ പോകുന്നവരോ അല്ലെങ്കില്‍ വസ്തുതകളെ വളച്ചൊടിക്കുന്നതില്‍ ഏർപ്പെട്ടിരിക്കുന്നവരോ ആണെന്നായിരുന്നു ഈ ലേഖനത്തിലെ ആരോപണം.


Also Read: എമ്പുരാന്‍ വിവാദം: 'കലാകാരന്മാർക്ക് മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നു'; ഖേദപ്രകടനത്തില്‍ മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം


വലിയ തോതിലുള്ള സൈബർ ആക്രമണമാണ് മോഹന്‍ലാല്‍ അടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർ സംഘപരിവാർ ഗ്രൂപ്പുകളില്‍ നിന്ന് നേരിട്ടത്. സൈബർ ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രധാന കഥാപാത്രമായ മോഹൻലാൽ തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. പ്രിയപ്പെട്ടവർക്ക് ഉണ്ടായ വിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്ന് നടൻ അറിയിച്ചു. സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കുമെന്നും താരം അറിയിച്ചു. സംവിധായകന്‍ പൃഥ്വിരാജ് ഈ പോസ്റ്റ് ഷെയറും ചെയ്തു. 


എമ്പുരാൻ സിനിമയ്‌ക്കെതിരായ സംഘപരിവാർ ആക്രമണത്തിൽ അണിയറ പ്രവർത്തകരെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. രാജ്യം കണ്ട വലിയ വംശഹത്യ ചിത്രീകരിച്ചതിന്റെ പേരിൽ കലാകാരന്മാരെ നീചമായി ആക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമക്കെതിരായ സംഘപരിവാർ ആക്രമണങ്ങളെ പ്രതിപക്ഷ നേതാവും അപലപിച്ചു.

MALAYALAM MOVIE
'സ്വയം' റദ്ദാക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യം; എമ്പുരാ‍ന് നിർമാതാക്കൾ കൊടുക്കുന്ന 24 വെട്ട്
Also Read
user
Share This

Popular

MALAYALAM MOVIE
KERALA
'സ്വയം' റദ്ദാക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യം; എമ്പുരാ‍ന് നിർമാതാക്കൾ കൊടുക്കുന്ന 24 വെട്ട്