അങ്ങനെ സംശയിക്കുന്നവരെ തെറ്റുപറയാന്‍ കഴിയാത്ത വിവരങ്ങളാണ് ന്യൂസ് മലയാളം ഇന്നു പുറത്തുവിടുന്നത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ആരോപിക്കുന്നതുപോലെ ഡല്‍ഹി തെരഞ്ഞെടുപ്പിലും വോട്ടര്‍പട്ടികയില്‍ അട്ടിമറി നടന്നോ? അങ്ങനെ സംശയിക്കുന്നവരെ തെറ്റുപറയാന്‍ കഴിയാത്ത വിവരങ്ങളാണ് ന്യൂസ് മലയാളം ഇന്നു പുറത്തുവിടുന്നത്.
48 സീറ്റു നേടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ബിജെപിക്ക് ആകെ കിട്ടിയ വോട്ട് 43,23,110 വോട്ട്. രണ്ടാം സ്ഥാനത്ത് എത്തിയ ആംആദ്മി പാര്‍ട്ടിക്ക് 41,33,898 വോട്ട്.ബിജെപി ആംആദ്മി പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ നേടിയത് 1,89,212 വോട്ട് മാത്രം. ഓരോ മണ്ഡലവും എടുത്തു പരിശോധിച്ചാല്‍ അരവിന്ദ് കെജ്‌രിവാൾ തോറ്റ ന്യൂഡല്‍ഹി സീറ്റ് ഉള്‍പ്പെടെ ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ് ആറായിരം മുതല്‍ പതിനായിരം വരെ വോട്ടര്‍മാര്‍ കൂടുതല്‍ എത്തിയിരിക്കുന്നത്.
ഡല്‍ഹി വോട്ട്
ബിജെപി 43,23,110
ആംആദ്മി 41,33,898
വ്യത്യാസം 1,89,212)
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കള്ളവോട്ടോ?
ഡല്‍ഹിയില്‍ 2024 മേയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോള്‍ ചെയ്തത് 89,43,585 വോട്ട്. ഏതാനും മാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് 94,51,997. കൂടുതലായി പോള്‍ ചെയ്തത് അഞ്ചു ലക്ഷത്തിലധികം വോട്ടുകള്‍. ബിജെപി വെറും ഒരു ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം വോട്ട് മാത്രം കൂടുതല്‍ നേടിയാണ് ഭരണം പിടിച്ചത് എന്നറിയമ്പോഴാണ് സംശയം ഉദിക്കുന്നത്. ഇതു പക്ഷേ പോള്‍ ചെയ്ത വോട്ട് മാത്രമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ എത്തിയതല്ലേ എന്ന സംശയം സ്വാഭാവികമാണ്. അതിനുമുണ്ട് ഉത്തരം. സമാനമായ രീതിയില്‍ അത്ഭുതകരമായി വോട്ടര്‍മാരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു.
ഡല്‍ഹിയില്‍ 2024 മേയില്‍ ആകെ വോട്ടര്‍മാര്‍ ഒരു കോടി അന്‍പത്തിരണ്ടു ലക്ഷത്തി പതിനാലായിരത്തി അറുനൂറ്റി മുപ്പത്തിയെട്ട്. ഇപ്പോള്‍ 2025 ഫെബ്രുവരിയില്‍ ആകെ ഒരു കോടി അന്‍പത്തിയാറു ലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരത്തി നാല്‍പ്പത് വോട്ടര്‍മാര്‍. വ്യത്യാസം 3,99,302 വോട്ട്. ഡല്‍ഹിയില്‍ ഈ 10 മാസത്തിനിടെ പ്രായപൂര്‍ത്തിയായവരുടെ എണ്ണത്തിലെ വ്യത്യാസം നാല്‍പ്പതിനായിരം മാത്രമാണ്. അവിടെയാണ് 3,99,302 വോട്ടര്‍മാര്‍ കൂടുതലായി വോട്ടര്‍ പട്ടികയില്‍ എത്തിയത്. അഞ്ചുലക്ഷത്തിലധികം പേര്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടും ചെയ്തു.
Also Read: ഡൽഹിയിൽ വിധിയെഴുതിയ യഥാർത്ഥ ആം ആദ്മി
ഡല്‍ഹി അന്നും ഇന്നും
2024 മേയ് 89,43,585
2025 ഫെബ്രു 94,51,997
വ്യത്യാസം 5,08,412
ഡല്‍ഹി അന്നും ഇന്നും
2024 ആകെ 1,52,14,638
2025 ആകെ 1,56,13,940
വ്യത്യാസം 3,99,302)
മഹാരാഷ്ട്രയിലെ ദുരൂഹത
ഡല്‍ഹി പോലൊരു സംസ്ഥാനത്ത് വോട്ടര്‍മാരെ കൂടുതല്‍ എത്തിക്കാന്‍ എളുപ്പമാണ്. വിവിധ സെറ്റില്‍മെന്റുകളില്‍ വോട്ട് ചേര്‍ത്താല്‍ ഇതു സാധിക്കുന്നത്. ഇതു വ്യക്തമായി മനസ്സിലാക്കാന്‍ മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം നോക്കാം.
Also Read: സ്‌കൂട്ടര്‍ ലാപ്‌ടോപ് തയ്യല്‍ മെഷീന്‍.. വയ് രാജാ വയ് !
മഹാരാഷ്ട്രയില്‍ 2024 മേയില്‍ വോട്ടര്‍മാര്‍ ഒന്‍പതു കോടി മുപ്പതു ലക്ഷത്തി അറുപത്തിയൊന്നായിരത്തി എഴുനൂറ്റി അറുപത്. അഞ്ചുമാസത്തിന് ശേഷം നവംബറില്‍ ആകെ വോട്ടര്‍മാര്‍ ഒന്‍പതു കോടി എഴുപതു ലക്ഷത്തി ഇരുപത്തിയയ്യായിരത്തി ഒരുനൂറ്റി പത്തൊന്‍പത്. കൂടുതല്‍ ചേര്‍ന്നത് മുപ്പത്തിയൊന്‍പതു ലക്ഷത്തി അറുപത്തി മൂവായിരത്തി മുന്നൂറ്റി അന്‍പത്തിയൊന്‍പതു പേരാണ്. എങ്ങനെ ഇത്ര വോട്ടര്‍മാര്‍ വര്‍ധിംച്ചു? സംസ്ഥാനത്ത് ജനസംഖ്യയില്‍ ഇക്കാലയളവില്‍ ഒന്‍പതു ലക്ഷം മാത്രം വര്‍ധനയുള്ളപ്പോള്‍ വോട്ടര്‍മാര്‍ 39 ലക്ഷം കൂടുതല്‍ ഉണ്ടായത് എങ്ങനെ എന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ഇത് സ്വാഭാവികമായ വര്‍ധനയാണെന്ന് ബിജെപിയും തെരഞ്ഞെടുപ്പു കമ്മിഷനും പറയുന്നു. ഇതില്‍ ചേര്‍ത്തുവയ്‌ക്കേണ്ട ഒരു കണക്കുണ്ട്.
അത് 2019 ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ വോട്ടര്‍മാര്‍ എട്ടു കോടി 98 ലക്ഷത്തി മുപ്പത്തിഎണ്ണായിരത്തി ഇരുനൂറ്റി അറുപത്തിയേഴ് ആയിരുന്നു. അഞ്ചുവര്‍ഷത്തിനു ശേഷം 2024 മേയില്‍ ഒന്‍പതു കോടി മുപ്പത്തു ലക്ഷത്തി അറുപത്തി ഒരായിരത്തി എഴുനൂറ്റിയറുപത് വോട്ടര്‍മാര്‍. വ്യത്യാസം 32,23,493. അതായത് അഞ്ചുവര്‍ഷം കൊണ്ടു മഹാരാഷ്ട്രയില്‍ കൂടിയത് 32,23,493 വോട്ട് മാത്രം. എന്നാല്‍ ഇപ്പോള്‍ അഞ്ചു മാസം കൊണ്ട് കൂടിയത് 39,63,359.
മഹാരാഷ്ട്ര മാറിയത്
ലോക്‌സഭ മേയ് 2024 9,30,61,760
നിയമസഭ നവം 2024 9,70,25,119
വ്യത്യാസം 39,63,359
മഹാരാഷ്ട്ര
2019 ഒക്ടോബര്‍ 8,98,38,267
2024 മേയ് 9,30,61,760
വ്യത്യാസം 32,23,493
പിന്നെയുമുണ്ട് മഹാരാഷ്ട്ര ദുരൂഹത
മഹാരാഷ്ട്രയില്‍ ഇതു സ്വാഭാവികമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുമ്പോള്‍ ചില അസ്വാഭാവികതകളുണ്ട്. അതിന് നമുക്ക് 2019ലെ വ്യത്യാസം നോക്കാം. 2019ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നത് ബിജെപി വിരുദ്ധ സഖ്യമാണ്. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നു ഭരിച്ചത്. അതാണ് പിന്നീട് എന്‍സിപിയേയും ശിവസേനയേയും പിളര്‍ത്തി അട്ടിമറിച്ചത്.
അന്ന് 2019 ഒക്ടോബറില്‍ ആകെ വോട്ട് 8,98,38,267. അഞ്ചുമാസം മുന്‍പ് മേയില്‍ 8,86,76,946. വോട്ടര്‍മാരുടെ എണ്ണത്തിലെ സ്വാഭാവിക വര്‍ധന 11, 61,321 മാത്രം. ഒന്‍പതുകോടിക്കടുത്ത് വോട്ടര്‍മാരുള്ള മഹാരാഷ്ട്രയില്‍ പതിനൊന്നു ലക്ഷം ആറുമാസംകൊണ്ട് കൂടുന്നത് സ്വാഭാവികമാണ്. പക്ഷേ 2019ല്‍ നിന്ന് 2025 എത്തിയപ്പോള്‍ ആറുമാസം കൊണ്ട് 39 ലക്ഷം കൂടിയതാണ് വലിയ അസ്വാഭാവികത. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്നത് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻ്റെ അതേ കാലയളവിലാണ്. അവിടെ പോള്‍ ചെയ്ത വോട്ടര്‍മാര്‍ കുറയുകയാണ് ചെയ്തത്. ഉപതെരഞ്ഞെടുപ്പ് എന്ന നിലയില്‍ സ്വാഭാവികമായി ഉണ്ടായ താല്‍പര്യക്കുറവായിരിക്കാം പോളിങ് കുറഞ്ഞതിനു പിന്നില്‍. എന്നാല്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണത്തിലും ഇങ്ങനെ വ്യത്യാസം ഉണ്ടായിരുന്നില്ല. ഇന്ത്യയില്‍ മറ്റൊരിടത്തും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സംഭവിച്ചതുപോലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ അസ്വാഭാവികമായ വര്‍ധന ഉണ്ടായിട്ടില്ല.
മഹാരാഷ്ട്ര മാറിയത്
2019 ഒക്ടോബര്‍ 8,98,38,267
2019 മേയ് 8,86,76,946
വ്യത്യാസം 11,61,32)
തെളിയിക്കാന്‍ കഴിയാത്ത വോട്ടുകള്‍
വോട്ടര്‍ പട്ടികയില്‍ സംശയമുണ്ടെങ്കില്‍ അതുന്നയിക്കേണ്ടത് തെരഞ്ഞെടുപ്പിന് മുന്‍പാണ് എന്ന് കമ്മിഷന് പറയാം. ആ ഒരൊറ്റ വാചകത്തില്‍ തന്നെ ആ പരാതി മടക്കുകയും ചെയ്യും. രണ്ടാമതായി ഇങ്ങനെ കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ പരാതി പറയേണ്ടത് ബൂത്ത് ഏജന്റുമാരാണ് എന്നു പറയും. കാരണം കള്ളവോട്ടുകള്‍ നടന്നതു കണ്ടെത്തേണ്ടതും പരാതിപ്പെടേണ്ടതും ബുത്ത് ഏജന്റുമാരാണ്. തെരഞ്ഞെടുപ്പിന് ശേഷം ഇതുന്നയിച്ചാല്‍ കള്ളവോട്ടുകള്‍ പരിശോധിക്കാന്‍ വഴിയില്ല എന്നു കൈമലര്‍ത്തും. വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധന അതുകൊണ്ടുതന്നെ സ്വാഭാവികം എന്നു പറഞ്ഞൊഴിയാന്‍ എളുപ്പമാണ്. അറുപതിനായിരം മാത്രം ജനസംഖ്യ കൂടിയ ഡല്‍ഹിയില്‍ അഞ്ചുലക്ഷം വോട്ട് കൂടുതല്‍ പോള്‍ ചെയ്തത് അതിനാല്‍ ദുരൂഹതയാണെന്നു പോലും ബിജെപിയോ തെരഞ്ഞെടുപ്പു കമ്മിഷനോ സമ്മതിക്കില്ല. പക്ഷേ അപ്പോഴും രാഷ്ട്രീയമായ ഒരു ചോദ്യം കൂടി ബാക്കിയുണ്ട്. അത് ആംആദ് മി പാര്‍ട്ടി ഇന്‍ഡ്യ മുന്നണി വേണ്ടെന്നു വച്ചതിനെക്കുറിച്ചാണ്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്കു കിട്ടിയത് 41,33,898 വോട്ട്. കോണ്‍ഗ്രസിന് കിട്ടിയത് ആറു ലക്ഷത്തി ആയിരത്തി തൊള്ളായിരത്തി ഇരുപത്തിരണ്ട്. രണ്ടും ചേര്‍ന്നിരുന്നെങ്കില്‍ പോലും ബിജെപിയുടെ 43 ലക്ഷത്തിനു മുകളില്‍ ബഹുദൂരം എത്തുമായിരുന്നു. മഹാരാഷ്ട്ര പോലെ തന്നെ ഡല്‍ഹിയിലും ദുരൂഹമായി പോള്‍ ചെയ്ത അഞ്ചു ലക്ഷം വോട്ടുകളാണ് ആംആദ്മി പാര്‍ട്ടിയെ തോല്‍പിച്ചത്. ആ കുറവുപോലും മറികടന്ന് ജയിക്കാന്‍ കഴിയുമായിരുന്നു കോണ്‍ഗ്രസുമായി സഖ്യം ഉണ്ടായിരുന്നെങ്കില്‍. 18 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ വോട്ട് വ്യത്യാസത്തിലാണ് ആംആദ്മി പാര്‍ട്ടി ബിജെപിയോട് തോറ്റത്. ഇന്ത്യന്‍ ജനാധിപത്യ ക്രമത്തില്‍ തെളിയിക്കാന്‍ എളുപ്പമല്ലെങ്കിലും ദുരൂഹമാണ് മഹാരാഷ്ട്രയിലേയും ഡല്‍ഹിയിലേയും അധിക വോട്ടുകള്‍ എന്നു മാത്രം പറയുന്നു.