പൊതുപ്രവർത്തകരുടെ ഇടപെടൽ മൂലമാണ് പിതാവിൻ്റെ യാത്രാരേഖകൾ ശരിയായത്
വെഞ്ഞാറമൂട് കുട്ടക്കൊലയിൽ നിർണയകമാകുന്ന പ്രതി അഫാൻ്റെ മാതാവിൻ്റെ മൊഴി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തും. കൂടാതെ അഫാൻ്റെ പിതാവ് നാട്ടിലെത്തി. രാവിലെ 7.40ഓടെയാണ് അബ്ദുൾ റഹീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പൊതുപ്രവർത്തകരുടെ ഇടപെടൽ മൂലമാണ് പിതാവിൻ്റെ യാത്രാരേഖകൾ ശരിയായത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിലാണ് പൊതുപ്രവർത്തകരുടെ ഇടപെടൽ നിർണായകമായത്.
കേരളത്തെയാകെ ഞെട്ടിച്ച കൂട്ടക്കുരുതിയാണ് വെഞ്ഞാറമൂടിൽ നടന്നത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണത്തിലേക്ക് എത്താൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് പ്രതിയുടെ മാതാവിൻ്റെ മൊഴി നിർണായകമാകാൻ പോകുന്നത്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംഭവത്തിൽ പിതാവിൻ്റെ മാതാവിനെ കൊന്ന കുറ്റത്തിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്ക്ക് പ്രധാന കാരണം കട ബാധ്യത ആണെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
വല്ല്യുമ്മ സൽമാബീവിയെ കൊന്ന ശേഷം അഫാൻ ഒരു മാല കൈക്കലാക്കുകയും അത് പണയം വച്ച് കിട്ടിയ 74,000 രൂപയിൽ 40,000 രൂപ അഫാൻ കടക്കാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. പെൺസുഹൃത്തായ ഫർസാനയ്ക്ക് കടബാധ്യതകളെ പറ്റി അറിയാമായിരുന്നു എന്നും, അതിനാലാണ് പണയം വയ്ക്കാൻ അവൾ മാല തന്നതെന്നും പ്രതി പറഞ്ഞു. പകരം അവൾക്ക് ഡ്യൂപ്ലിക്കേറ്റ് മാല നൽകിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അഞ്ച് പേരെയാണ് പ്രതി നിഷ്ക്രൂരമായി കൊന്നത്. കൊലപാതകശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മാതാവ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. നില അൽപ്പെ മെച്ചപ്പെട്ടതിനെ തുടർന്ന് മൊഴി രേഖപ്പെടുത്താനെത്തിയ അന്വേഷണസംഘത്തോട് താൻ കട്ടിലിൽ നിന്ന് വീണാണ് തല തറയിലിടിട്ടതെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ പൂർണമായും സംസാരിക്കാൻ പറ്റുന്ന സ്ഥിതിയിലേക്ക് എത്താത്തതിനെ തുടർന്നാണ് വിശദമായ മൊഴിയെടുപ്പ് മാറ്റിവച്ചത്.