ദിവ്യയെയോ നവീൻ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമല്ല ഇതെന്നും എന്നും ജയരാജൻ പറഞ്ഞു
നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമെന്ന് ആവർത്തിച്ച് പറയുമ്പോഴും എഡിഎം കൈക്കൂലി വാങ്ങിയോ എന്നതിൽ രണ്ടഭിപ്രായം ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ഒരുപക്ഷം പറയുന്നു. എഡിഎം കൈക്കൂലി വാങ്ങില്ലെന്ന് പറയുന്നവരുമുണ്ട്. സത്യം ജനങ്ങൾക്ക് അറിയണം. ഇതിന് സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാടെന്നും എം.വി. ജയരാജൻ പറഞ്ഞു.
ദിവ്യയെയോ നവീൻ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമല്ല ഇതെന്നും എന്നും ജയരാജൻ പറഞ്ഞു. പെരിങ്ങോം ഏരിയ സമ്മേളനത്തിലാണ് എം.വി. ജയരാജന്റെ പരാമർശം. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. ദിവ്യ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, തനിക്ക് പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ പറയുമെന്ന് പി.പി. ദിവ്യ. ജയിൽ മോചിതയായ ശേഷമായിരുന്നു ദിവ്യയുടെ പ്രതികരണം. തൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ലെന്നും അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളോടു പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ അഭ്യർത്ഥിച്ചു.