ട്രംപിൻ്റെ നീക്കം സംഘടനയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
യുഎസ് എയിഡ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ട്രംപ് ഭരണകൂടം. ആഗോള തലത്തിലെ 10,000ത്തോളം പേരിൽ 300ൽ താഴെ ജീവനക്കാരെ മാത്രമാണ് നിലനിർത്തുകയെന്നാണ് റിപ്പോർട്ട്. ട്രംപിൻ്റെ നീക്കം സംഘടനയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രകൃതി ദുരന്തങ്ങളും പട്ടിണിയും ജനാധിപത്യ ധ്വംസനങ്ങളും നേരിടുന്ന രാജ്യങ്ങളിൽ മാനുഷിക സഹായം ഉറപ്പുവരുത്തുന്ന അമേരിക്കൻ സംഘടനയാണ് യുഎസ് എയിഡ്. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അനാവശ്യ ചെലവുകളെന്ന പേരിൽ ലോകാരോഗ്യ സംഘടനയിൽ നിന്നടക്കം പിൻവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന യുഎസ് എയിഡിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്.
ALSO READ: "ഐസിസിയുടെ പ്രവർത്തനം നിയമവിരുദ്ധം"; അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തി ട്രംപ്
ദുരിതം അനുഭവിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം 9500ൽ അധികം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും 294 ജീവനക്കാരെ മാത്രമാകും നിലനിർത്തുകയെന്നുമാണ് ട്രംപ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിൽ ആഫ്രിക്കൻ ബ്യൂറോയിൽ 12 പേരും ഏഷ്യൻ ബ്യൂറോയിൽ എട്ട് പേരും മാത്രമാണുണ്ടാകുക.
അതേസമയം, ട്രംപ് ഭരണകൂടത്തിനെതിരെ യുഎസ് എയിഡ് കേസ് നൽകി. ഏജൻസിയെ പിരിച്ചുവിടാനും വിദേശ സഹായം മരവിപ്പിക്കാനുമുള്ള ശ്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്. യുഎസ് കോൺഗ്രസിന് മാത്രമേ ഏജൻസി പിരിച്ചുവിടാൻ കഴിയുകയുള്ളു. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും യുഎസ് എയിഡ് വിമർശിച്ചു.
യുഎസ് എയിഡിന്റെ പ്രവർത്തനങ്ങൾ നിർത്തലാക്കാനും ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിക്കാനുമുള്ള ശ്രമങ്ങൾ തടയണം. ധനസഹായം പുനഃസ്ഥാപിക്കണമെന്നും ഏജൻസിയുടെ ഓഫീസുകൾ വീണ്ടും തുറക്കണമെന്നുമാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.
ലക്ഷക്കണക്കിന് പേരെ സംരക്ഷിക്കുന്ന സംഘടനയെ ഇല്ലാതാക്കുന്ന നടപടിയാണ് ട്രംപിന്റേതെന്നാണ് ആറ് വർഷക്കാലം യുഎസ് എയിഡ് മേധാവിയായി പ്രവർത്തിച്ച ജെ. ബ്രെയ്ൻ ആറ്റ്‌വുഡ് പ്രതികരിച്ചത്. ദുരിതബാധിതർക്ക് അതിജീവിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ പല ജീവനക്കാരും ക്രിമിനലുകളാണെന്ന് മസ്ക് മുമ്പ് ആരോപിച്ചിരുന്നു. പല ജീവനക്കാരോടും അവധിയിൽ പ്രവേശിക്കാനും നിർദേശം നൽകിയിരുന്നു.