fbwpx
"ഐസിസിയുടെ പ്രവർത്തനം നിയമവിരുദ്ധം"; അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തി ട്രംപ്
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Feb, 2025 07:31 AM

അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നെതന്യാഹുവിൻ്റെ യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് ട്രംപിൻ്റെ നടപടിയെന്നതും ശ്രദ്ധേയമാണ്

WORLD


അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക്(ഐസിസി) ഉപരോധമേർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഉപരോധം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ഐസിസിയുടെ പ്രവർത്തനം നിയമവിരുദ്ധമായാണെന്നായിരുന്നു ഉത്തരവിൽ ഒപ്പുവെച്ച ശേഷമുള്ള ട്രംപിൻ്റെ പ്രസ്താവന. യുഎസിനെയും, ഇസ്രയേൽ പോലുള്ള സഖ്യകക്ഷികളെയും ഐസിസി ലക്ഷ്യമിടുന്നെന്ന് ആരോപിച്ചാണ് നടപടി.


അധികാരത്തിലെത്തിയതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് നടത്തുന്ന പ്രസ്താവനകളും, പ്രഖ്യാപനങ്ങളും, പ്രസിഡൻ്റ് ഒപ്പുവെച്ച ഉത്തരവുകളും വലിയ ചർച്ചയാവുകയാണ്. ഇതിനിടെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും പുതിയ ഉത്തരവ്. ഐസിസിയുടെ സമീപകാല നടപടികൾ, അമേരിക്കക്കാരെ പീഡനം, അധിക്ഷേപം, അറസ്റ്റ് എന്നിവയ്ക്ക് വിധേയമാക്കുന്ന "അപകടകരമായ മാതൃക സൃഷ്ടിച്ചു" എന്നാണ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നത്.


ALSO READ: "ഗാസ റിസോർട്ട് ബിസിനസിന് പറ്റിയ സ്ഥലം"; ട്രംപിൻ്റെ മരുമകൻ ജറേഡ് കുഷ്നറിൻ്റെ പരാമർശം വീണ്ടും ചർച്ചയാകുന്നു


അമേരിക്കൻ പൗരന്മാർ, അല്ലെങ്കിൽ സഖ്യകക്ഷികളുമായി ബന്ധപ്പെട്ട ഐസിസി അന്വേഷണങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളേയും ഉത്തരവ് ബാധിക്കും. ഇവർക്കും കുടുംബങ്ങൾക്കും സാമ്പത്തിക, വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. "ഐസിസിയുടെ നടപടികൾ യുഎസിൻ്റെ പരമാധികാരത്തിന് ഭീഷണിയാണ്. മാത്രമല്ല ഇവ യുഎസ് ഗവൺമെന്റിന്റെയും ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ ദേശീയ സുരക്ഷയെയും, വിദേശനയ പ്രവർത്തനങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു," ഉത്തരവിൽ പറയുന്നു. 


അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് ട്രംപിൻ്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. യുദ്ധ നിയമങ്ങൾ കർശനമായി പാലിക്കുന്ന സൈന്യങ്ങളുള്ള, അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യ രാജ്യങ്ങളാണ് യുഎസും ഇസ്രയേലും എന്നായിരുന്നു ട്രംപിൻ്റെ ഉത്തരവിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഗാസയിൽ നടന്ന യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിലാണ് ഐസിസി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹമാസ് കമാൻഡർക്കെതിരെയും ഐസിസി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.


ALSO READ: "വനിതകളെ പുരുഷന്‍മാര്‍ തോല്‍പ്പിക്കേണ്ട"; ട്രാൻസ്‌ യുവതികളെ വനിതാ കായികമത്സരങ്ങളിൽ നിന്ന് വിലക്കി ട്രംപ്


ഐസിസി അന്വേഷണം ഇസ്രയേലിനെ ലക്ഷ്യമിട്ടാണെന്ന ആരോപണമാണ് വൈറ്റ് ഹൗസ് ഉയർത്തുന്നത്. ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്മേൽ ഐസിസി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഇറാനെയും ഇസ്രയേൽ വിരുദ്ധ ഗ്രൂപ്പുകളെയും ഐസിസി മനപൂർവം അവഗണിച്ചെന്നും വൈറ്റ് ഹൗസ് ആരോപിച്ചു.

ഐസിസിയെ ആവർത്തിച്ച് വിമർശിച്ച ട്രംപ്, തന്റെ ആദ്യ ടേമിൽ തന്നെ ഐസിസിയെ ഉപരോധിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അന്ന് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ഐസിസി ഉദ്യോഗസ്ഥർക്ക് മേലായിരുന്നു ട്രംപ് ഉപരോധം ഏർപ്പെടുത്തിത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം പിന്നാലെ ഉപരോധങ്ങൾ നീക്കുകയായിരുന്നു.


ALSO READ: ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് മേരിലാൻഡ് കോടതി


ഒരു അവസാന ആശ്രയ കോടതിയാണ് ഐസിസി. ദേശീയതലത്തിലുള്ള അധികാരികൾക്ക് ശിക്ഷ വിധിക്കാൻ അല്ലെങ്കിൽ നടപ്പാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും ഐസിസിയുടെ ഇടപെടൽ. 2002ലാണ് ഐസിസി നിലവിൽ വരുന്നത്. അന്നത്തെ യുഗോസ്ലാവിയയുടെ പിരിച്ചുവിടൽ, റുവാണ്ടൻ വംശഹത്യ എന്നിവ അന്വേഷിക്കാനായാണ് ഐസിസി സ്ഥാപിതമായത്.


ഐസിസി രൂപീകരിച്ച റോം ചട്ടത്തിൽ 120-ലധികം രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. സമീപകാലത്ത് ഒപ്പുവെച്ച 34 രാജ്യങ്ങളെ കൂടി ഭാവിയിൽ അംഗീകരിച്ചേക്കാം. എന്നാൽ അമേരിക്കയോ ഇസ്രയേലോ റോം ചട്ടത്തിൽ ഒപ്പുവെച്ചിട്ടില്ല.




KERALA
വയനാട്ടിലെ യുഡിഎഫ് ഹർത്താൽ പൂർണം; പലയിടത്തായി വാഹനങ്ങൾ തടഞ്ഞു, നേരിയ സംഘർഷം
Also Read
user
Share This

Popular

KERALA
KERALA
ശരീരമാസകലം കോമ്പസ് കൊണ്ട് കുത്തി, കരയുന്ന വിദ്യാർഥിയുടെ വായിൽ ലോഷനൊഴിച്ചു; കോട്ടയം റാഗിങ് കേസിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്