ഇന്ത്യന്‍ വംശജരില്‍ 32 ശതമാനം മാത്രമാണ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്
ഡൊണാള്‍ഡ് ട്രംപ്, കമല ഹാരിസ്
യുഎസിലെ കുടിയേറ്റ ജനതയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. 52 ലക്ഷമാണ് യുഎസിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം. അവരില്‍ 26 ലക്ഷം പേരാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത്. ഇന്ത്യന്‍-ആഫ്രിക്കന്‍ വംശജയായ കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വത്തോടെ, ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. കാർനെഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റ്യൂഡ് സര്‍വേ പ്രകാരം, ഇന്ത്യന്‍ അമേരിക്കക്കാരില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയെയാണ്. വോട്ടര്‍മാരിലെ 61 ശതമാനം പേരാണ് കമല ഹാരിസിന് വോട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. അതേസമയം, മുന്‍കാലങ്ങളെ അപേക്ഷിച്ച് പാര്‍ട്ടിയോടുള്ള അനുഭാവത്തില്‍ പ്രകടമായ കുറവുണ്ടായിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള അടുപ്പത്തില്‍ അത്തരമൊരു ഇടിവ് വന്നിട്ടില്ലെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ വംശജരില്‍ 32 ശതമാനം മാത്രമാണ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 18നും ഒക്ടോബര്‍ 15നും ഇടയില്‍ നടത്തിയ സര്‍വേയില്‍ യുഎസ് പൗരത്വമുള്ള, വോട്ടവകാശമുള്ള 714 ഇന്ത്യന്‍ വംശജരാണ് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ പങ്കുവെച്ചത്.
സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍
സര്‍വേയോട് പ്രതികരിച്ചവരില്‍ 47 ശതമാനം പേര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നവരാണ്. 2020ലെ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന സര്‍വേയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികള്‍ 56 ശതമാനമായിരുന്നു. ഇക്കുറി അതില്‍ ഇടിവ് വന്നിട്ടുണ്ട്. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ 21 ശതമാനമായി തന്നെ തുടരുകയാണ്. സ്വതന്ത്ര രാഷ്ട്രീയ നിലപാടുള്ളവര്‍ 26 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.
61 ശതമാനം പേര്‍ കമല ഹാരിസിന് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അതായത് ഇന്ത്യന്‍ വംശജരില്‍ പത്തില്‍ ആറുപേര്‍ കമലയെയാണ് പ്രസിഡന്റായി ആഗ്രഹിക്കുന്നത്. 32 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷമായി ട്രംപിന് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വലിയ മാറ്റമില്ലാതെ തുടരുന്നതായും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്കാണ് കമലയോട് ഏറെ പ്രിയം. 67 ശതമാനം സ്ത്രീകളാണ് കമലയ്ക്ക് വോട്ട് ചെയ്യാനുള്ള താല്‍പ്പര്യം അറിയിച്ചത്. അതേസമയം, 53 ശതമാനം പുരുഷന്മാരാണ് കമലയെ പിന്തുണയ്ക്കുന്നത്. സ്ത്രീകളില്‍ 22 ശതമാനം പേര്‍ ട്രംപ് അനുകൂലികളാണ്. പുരുഷന്മാരില്‍ 39 ശതമാനമാണ് ട്രംപില്‍ പ്രതീക്ഷ വയ്ക്കുന്നത്. പ്രായമനുസരിച്ചും ഇവരുടെ രാഷ്ട്രീയക്കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ പ്രകടമാണ്. 40 വയസ് കഴിഞ്ഞവരില്‍, 70 ശതമാനം സ്ത്രീകളും 60 ശതമാനം പുരുഷന്മാരും കമലയ്ക്ക് വോട്ട് ചെയ്യാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. 40 വയസിനു താഴെയുള്ള സ്ത്രീകളില്‍ 60 ശതമാനം പേര്‍ കമലയെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്ക് കമലയോടും ട്രംപിനോടും ഒരേപോലെ പ്രിയമാണ്. യുവാക്കള്‍ക്കിടയില്‍ ട്രംപിന് സ്വാധീനം വര്‍ധിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു.
ALSO READ: അമേരിക്കയിലെ കറുത്തവംശജർക്ക് പറയാനുണ്ട്, തെരഞ്ഞെടുപ്പ് ചരിത്രത്തിൻ്റെ നീണ്ട കഥ!
ഇന്ത്യയുമായുള്ള ബന്ധം, വിദേശ നയം, കുടിയേറ്റം, ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെ വിഷയങ്ങളില്‍ സ്വീകരിക്കപ്പെടുന്ന നയങ്ങള്‍, നിലപാടുകള്‍ എന്നിവയാണ് ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. അമേരിക്കന്‍ ജനതയെപ്പോലെ, ഇന്ത്യന്‍ വംശജരും സമ്പദ്‌വ്യവസ്ഥയെയും, ഉയരുന്ന ജീവിതച്ചെലവിനെയും കുറിച്ച് ആശങ്കയുള്ളവരാണ്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ ഏറെപ്പേരും പണപ്പെരുപ്പം, ജോലി സാഹചര്യം, സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചാണ് കൂടുതലായി സംസാരിച്ചത്. ഗര്‍ഭച്ഛിദ്ര നയങ്ങളെക്കുറിച്ച് 13 ശതമാനം പേരാണ് സംസാരിച്ചത്. അതിനുശേഷമേ കുടിയേറ്റം, ഹെല്‍ത്ത് കെയര്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നുള്ളൂ. ഒമ്പത് ശതമാനം പേരാണ് ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് സംസാരിച്ചത്.