റിപബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളായ മിസിസിപ്പി, ടെന്നസി, ജോർജിയ എന്നീ മൂന്ന് തെക്കന്‍ സ്റ്റേറ്റുകളിലെ 60ന് മുകളില്‍ പ്രായമുള്ള കറുത്തവംശജരായ വോട്ടർമാരുമായി റോയിട്ടേഴ്സ് നടത്തിയ അഭിമുഖം, ചരിത്രമെങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ്
അടിമത്തത്തില്‍ നിന്ന് മോചിതരായതിനുശേഷവും ദശാബ്ദങ്ങളോളും വിവേചനത്തിന്‍റെ ഇരകളായി കഴിഞ്ഞ അമേരിക്കയിലെ കറുത്തവംശജർക്ക് ഓരോ തെരഞ്ഞെടുപ്പ് കാലവും നിർണായകമാണ്. അടിച്ചമർത്തലുകളുടെ പഴയ കാലം തങ്ങളോട് ചെയ്ത നീതികേടുകള്‍ മറന്നിട്ടില്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് യുഎസിലെ 60ന് മുകളില്‍ പ്രായമുള്ള വോട്ടർമാർ ഈ തെരഞ്ഞെടുപ്പിനെയും കാത്തിരിക്കുന്നത്.
60 വർഷങ്ങള്‍ക്ക് മുന്‍പ് 1964ല്‍ കറുത്തവംശജരെ രണ്ടാംതരക്കാരായി കൈകാര്യം ചെയ്ത ജിം ക്രോ നിയമങ്ങളെ വലിച്ചെറിഞ്ഞുകൊണ്ട്, ലിൻഡൺ ജോൺസൺ എന്ന ഡെമോക്രാറ്റിക് പ്രസിഡന്‍റാണ് സിവില്‍ റൈറ്റ്സ് ആക്ട് ഒപ്പുവെച്ചത്. കമലാ ഹാരിസ് എന്ന മിശ്രവംശജയെ ഡെമോക്രാറ്റുകള്‍ പ്രസിഡന്‍റ് പദത്തിലേക്ക് മുന്നോട്ടുവയ്ക്കുമ്പോള്‍ ആ പൗരാവകാശ നിയമങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടികൂടിയായിരിക്കും വോട്ടവകാശം വിനിയോഗിക്കുക എന്ന് ഉറച്ചുപറയുകയാണ് വിവേചനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട ഒരുതലമുറ. റിപബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളായ മിസിസിപ്പി, ടെന്നസി, ജോർജിയ എന്നീ മൂന്ന് തെക്കന്‍ സ്റ്റേറ്റുകളിലെ 60ന് മുകളില്‍ പ്രായമുള്ള കറുത്തവംശജരായ വോട്ടർമാരുമായി റോയിട്ടേഴ്സ് നടത്തിയ അഭിമുഖം, ചരിത്രമെങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.
വംശ, നിറ, മത, ലിംഗ വിവേചനങ്ങളെ നിരോധിച്ചും, വിദ്യാഭ്യാസം, തൊഴില്‍, വോട്ട് അവകാശങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതുമായിരുന്നു 64ലെ പൗരാവകാശനിയമം. ഭൂരിപക്ഷമേഖയിലെ ന്യൂനപക്ഷ വിഭാഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച ഈ നിയമത്തിന് കീഴിലാണ്-1964ല്‍ കാലിഫോർണിയയില്‍ ജനിച്ച കമലാ ഹാരിസെന്ന ഇന്ത്യന്‍-വംശജ സ്കൂളിലെത്തിയത്. 1973 ല്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ കമ്പനിയായ ട്രംപ് മാനേജ്മെന്‍റ് കോർപ്പറേഷനെ വംശീയ വിവേചനത്തിന്‍റെ പേരില്‍ കോടതികയറ്റിയതും ഇതേനിയമം തന്നെ.
ALSO READ: കുടിയേറ്റം - അമേരിക്കൻ തെരഞ്ഞെടുപ്പിലെ 'ദി ഗ്രേറ്റ് ക്വസ്റ്റ്യൻ'
തീവ്ര കത്തോലിക്കരുടെ ഭൂരിപക്ഷമുള്ള ജോർജിയയിലെ പള്ളികളില്‍ റിപബ്ലിക്കന്‍ സ്ഥാനാർഥികള്‍ക്കുവേണ്ടി ഇടയലേഖനങ്ങള്‍ വായിക്കുന്നത് കേട്ടും, ടിവിയില്‍ ഡെമോക്രാറ്റിക് കണ്‍വെന്‍ഷനുകള്‍ കണ്ടുമാണ് അധ്യാപികയും മാധ്യമപ്രവർത്തകയുമായ പോളിൻ മോർഗൻ വൈറ്റ് തെരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്നത്. സത്യസന്ധരായ രാഷ്ട്രീയക്കാർ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം, വോട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കാനാകും എന്നാണ് 95 കാരിയായ പോളിന്‍റെ വിശ്വാസം.
1960കളില്‍ ടെന്നസി സർവ്വകലാശാല വിദ്യാർഥിയായിരിക്കെ നേരിട്ട വിവേചനമാണ് ജോർജിയയിലെ, ജെറാൾഡ് ഡർലിയെ ആക്ടിവിസ്റ്റാക്കി മാറ്റിയത്. നിമിഷനേരങ്ങള്‍ മാത്രം തന്‍റെ തലയിരുന്ന തൊപ്പി ഇനിയൊരു വെള്ളക്കാരനും വാങ്ങില്ല എന്ന് പരാതിപ്പെട്ട കടക്കാരന് പണമെറിഞ്ഞുകൊടുത്ത് ഇറങ്ങി വന്ന കാലം ജെറാൾഡ് മറന്നിട്ടില്ല. 1963 ല്‍ മാർട്ടിന്‍ ലൂഥർ കിംഗിന്‍റെ 'ഐ ഹാവ് എ ഡ്രീം' എന്ന ചരിത്രപ്രസംഗം നടത്തുമ്പോള്‍ കാണികളില്‍ അദ്ദേഹവുമുണ്ടായിരുന്നു. ആർക്ക് വോട്ടുചെയ്യും എന്ന ചോദ്യത്തിന് എല്ലാ തീരുമാനങ്ങള്‍ക്കും പിന്നില്‍ അതിലേക്ക് എത്താനുള്ള ഒരു കാരണവുമുണ്ടാകും എന്നാണ് ആ 82 കാരന്‍റെ മറുപടി.
ALSO READ: യുഎസ് പ്രസിഡന്‍റിനെ നിർണയിക്കുന്ന ഇലക്ട്രല്‍ കോളേജ് പ്രവർത്തിക്കുന്നത് എങ്ങനെ?
അമേരിക്കയെ വീണ്ടും മഹനീയമാക്കുന്നതിനല്ല, അമേരിക്കയെ വീണ്ടും വെളുത്തവരുടേതാക്കുന്നതിനുവേണ്ടിയാണ് ട്രംപ് മുദ്രാവാക്യമുയർത്തുന്നതെന്നാണ് 74കാരിയായ നാനെല്ല ഒ നീൽ ഗ്രഹാമിന്‍റെ അഭിപ്രായം. കറുത്തവരെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന ഒരു കാലത്തേക്ക് അമേരിക്കയെ തിരിച്ചുകൊണ്ടുപോകാനുള്ള ആ ആഹ്വാനത്തെ പിന്തുണയ്ക്കാന്‍ അവർ തയ്യാറല്ല.
മിസിസിപ്പിയിലെ മൗണ്ട് ബയൂ എന്ന ബ്ലാക്ക് മേഖലയില്‍ വോട്ടറായ ഹെർമോൺ ജോൺസൺ എന്ന 95 കാരനെ 1950കളിലുണ്ടായ രണ്ട് കൊലപാതങ്ങള്‍ ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. വെള്ളക്കാർ അടിച്ചുകൊന്ന എമ്മെറ്റ് ടിൽ എന്ന 14 കാരന്‍റെയും, ആ കൊലപാതകത്തില്‍ നീതിക്കുവേണ്ടി പോരാടിയ മെഡ്ഗർ എവേഴ്സ് എന്ന പൌരാവകാശ പ്രവർത്തകന്‍റെയും. തന്നെ സംബന്ധിച്ച് പ്രായമാകും തോറും ചരിത്രത്തിന്‍റെ പ്രാധാന്യമേറിവരുന്നതായി അദ്ദേഹം കരുതുന്നു.
തന്‍റെ സമൂഹത്തെ അടിമകളെന്ന ചാപ്പയില്‍ നിന്ന് മോചിപ്പിച്ചത് വിദ്യാഭ്യാസമാണെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് 65കാരിയായ ബ്രെൻഡ ലക്കറ്റ്. അന്നുവരെ ചിത്രപുസ്തകങ്ങള്‍ മാത്രം കാണാന്‍ കിട്ടിയ കറുത്തവംശജരായ കുട്ടികളെ വാക്കുകളുടെ ലോകത്തേക്ക് എത്തിച്ച ലിൻഡൺ ജോൺസന്‍റെ നിയമനിർമ്മാണമാണ് അധ്യാപികയായ ബ്രെൻഡയുടെയും അവളുടെ കുടുംബത്തിന്‍റെയും ഭാവി തിരുത്തിയതെന്ന് അവർ പറയുന്നു.
അതേസമയം, 81 കാരനായ ലോറെൻസോ വാഷിംഗ്ടണ് സംഗീതമാണ് സ്വാതന്ത്രം നല്‍കിയത്. കറുത്തവർ കാറുവാങ്ങുന്നതിനെ പുച്ഛത്തോടെ കണ്ട തന്‍റെ പഴയ മുതലാളിയെയും- മോഹിച്ചുവാങ്ങിച്ച കാറില്‍ ടെന്നസിയിലെ ജെഫേഴ്സൺ സ്ട്രീറ്റിലെ ബ്ലാക്ക് ബാന്‍ഡുകളെ പരിചയപ്പെട്ട കൌമാരകാലത്തെയും ലോറെൻസോ മറവിക്ക് വിട്ടില്ല. മ്യൂസിക് പ്രൊഡ്യൂസറായി കരിയർ കെട്ടിപ്പടുത്ത അദ്ദേഹം ഹൈവേയുണ്ടാക്കാന്‍ പൊളിച്ചുമാറ്റിയ ജെഫേഴ്സൺ സ്ട്രീറ്റിനുവേണ്ടി 2010 ല്‍ മ്യൂസിയമുണ്ടാക്കി.
നിയമം എങ്ങനെയാണ് കറുത്തവരെയും വെളുത്തവരെയും വിവേചിക്കുന്നതെന്ന് നേരിട്ടറിഞ്ഞയാളാണ് ജോർജിയയിലെ വനേസ സ്റ്റാന്‍ലി. വഴിനടക്കുമ്പോള്‍, വെള്ളക്കാരിയായ ഒരു കുട്ടിയുമായി കൂട്ടിയിടിച്ചതിന്‍റെ പേരില്‍ എല്‍പി ക്ലാസ് വിദ്യാർഥിയായിരുന്ന വനേസയെ തേടി പോലീസ് എത്തിയത് അവർ ഓർക്കുന്നു. മകളെ പോലീസുകാരില്‍ നിന്ന് രക്ഷിക്കാന്‍ അവരുടെ മുന്നിലിട്ട് തന്നെ തല്ലിയ മാതാപിതാക്കളുടെ ദയനീയതയാണ് വംശീയവിവേചനത്തിന്‍റെ തെളിവെന്ന് 71കാരിയായ അവർ പറയുന്നു.
അതേസമയം, വിവേചനങ്ങളുടെ കഴിഞ്ഞകാലത്തില്‍ നിന്ന് മുന്നോട്ടുപോയെന്ന് വിശ്വസിക്കുന്നയാളാണ് 64 കാരനായ കാൾട്ടൺ വിൽക്കിൻസൺ. ജോർജിയന്‍ വോട്ടറായ കാൾട്ടൺ പൌരാവകാശ നിയമങ്ങള്‍ നിലവില്‍ വന്നതിനുശേഷമുള്ള ആദ്യ തലമുറയില്‍പ്പെട്ടവരിലൊരാളാണ്. കറുത്തവരും വെളുത്തവരും തമ്മിലെ വിടവില്ലാതാക്കാന്‍ ജീവിതകാലം മുഴുവന്‍ പ്രവർത്തിച്ചുവന്നയാള്‍. എന്നാലിന്നും ചെറിയ ഒരുവിഭാഗം താനുള്‍പ്പെടുന്ന കറുത്തവംശജരെ നുഴഞ്ഞുകയറ്റക്കാരായി കാണുന്നു എന്ന ബോധ്യമുള്ളയാള്‍.
പരുത്തി ഇറുത്ത് അടിമകള്‍ വാങ്ങിയ നിലങ്ങള്‍ മുതല്‍ മാറ്റിനിർത്തലുകളുടെ കാലത്ത് തന്‍റെ പിതാവ് കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം വരെ- കറുത്തവർ സമ്പാദിച്ചതെല്ലാം കാത്തുസൂക്ഷിക്കുമെന്നും അടുത്തതലമുറയിലേക്ക് കെെമാറുമെന്നുമാണ്, മിസിസിപ്പിയിലെ മാർട്ടിന്‍ ലൂഥർ കിംഗ് അവന്യുവില്‍ താമസിക്കുന്ന ജോണി ന്യൂസണ്‍ പറയുന്നത്. തന്‍റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ജോണിയെപ്പോലെയുള്ള വോട്ടർമാർ എന്ത് വിലകൊടുത്തും ആ പാരമ്പര്യത്തെ സംരക്ഷിക്കുമെന്ന നിലപാടോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.