ബിജെപിയും സിപിഐഎമ്മും തമ്മിൽ ആശയപരമായുള്ള അകലം കുറഞ്ഞിരിക്കുന്നുവെന്ന് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു
വി.എം. സുധീരന്‍
ബിജെപിയുടേത് ഫാസിസ്റ്റ് നിലപാട് അല്ല 'നവ ഫാസിസ്റ്റ്' നിലപാടാണെന്ന സിപിഐഎമ്മിന്റെ വ്യാഖ്യാനം ആത്മ വഞ്ചനയെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പാർട്ടിയിലെ അണികളെ ക്രൂരമായി കബളിപ്പിക്കുന്ന നിലപാടാണിതെന്നും മാർക്സിസ്റ്റ് പാർട്ടി കൂടുതൽ ഫാസിസ്റ്റ് ലൈനിലേക്ക് വന്നിരിക്കുന്നുവെന്നും വി.എം. സുധീരൻ പറഞ്ഞു.
ബിജെപിയും സിപിഐഎമ്മും തമ്മിൽ ആശയപരമായുള്ള അകലം കുറഞ്ഞിരിക്കുന്നുവെന്ന് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. സിപിഐഎം നവ മുതലാളിത്തത്തിൻ്റെ പാതയിലേക്കാണ് പോകുന്നത്. ആശാ വർക്കർമാരുടെ സമരം അടിച്ചമർത്താൻ ശ്രമിക്കുന്നു. ഇതാണോ പ്രകാശ് കാരാട്ട് വിഭാവനം ചെയ്യുന്ന മാതൃകാ ഭരണമെന്നും സുധീരൻ ചോദിച്ചു. ജനദ്രോഹ ഭരണമാണ് പിണറായി സർക്കാർ നടത്തുന്നത്. കേരളം മുഴുവൻ ലഹരി വ്യാപനം നടത്തുകയാണ് പിണറായി സർക്കാർ. കേരളത്തിൽ എവിടെ നോക്കിയാലും മദ്യശാലകളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒറ്റു കൊടുത്ത പാരമ്പര്യമാണ് സിപിഐഎമ്മിനുളളതെന്നും സുധീരൻ കൂട്ടിച്ചേർത്തു.
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇന്ത്യയിലെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ 'നവ ഫാഷിസത്തിൻ്റെ' രൂപമായാണ് പാർട്ടി കാണുന്നതെന്ന് പറഞ്ഞിരുന്നു. 24-ാം പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിലും ബിജെപി സർക്കാരിനെ സിപിഐഎം 'നവ ഫാഷിസ്റ്റ് ഭരണകൂടം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സമ്മേളനത്തിലും 'ഫാഷിസത്തിൽ' പാർട്ടി നിലപാട് പിബി കോർഡിനേറ്റർ ആവർത്തിച്ചത്. ബിജെപിയുടെ നവ ഫാഷിസത്തെ പ്രതിരോധിച്ചില്ലെങ്കിൽ അത് പൂർണമായും ഫാഷിസമായി മാറുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഫാഷിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ പ്രകടിപ്പിക്കുന്ന ഹിന്ദുത്വ എന്നായിരുന്നു ഹൈദരാബാദ് പാർട്ടി കോൺഗ്രസിൻ്റെ വിലയിരുത്തലെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചു.
പ്രകാശ് കാരാട്ടിന്റെ പ്രസ്താവന വലിയ തമാശയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. സിപിഐഎമ്മിന്റെ നയരേഖ അവസരവാദപരമാണ്. ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചു കൊടുക്കുന്ന കേരളത്തിലെ സിപിഐഎം നേതൃത്വത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ലെന്നും സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.