fbwpx
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എന്താണ് കമല ഹാരിസിൻ്റെയും ഡൊണാള്‍ഡ് ട്രംപിൻ്റെയും നയങ്ങൾ?
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Oct, 2024 03:17 PM

കമലയും ട്രംപും എന്തൊക്കെ ആശയങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും വ്യത്യസ്ത വിഷയങ്ങളില്‍ അവരുടെ നയങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിച്ചാല്‍ യുഎസിന്‍റെ ഭാവിയിലേക്കുള്ള രണ്ട് വാതിലുകള്‍ തെളിയും

US ELECTION


എന്താണ് തെരഞ്ഞെടുപ്പ്? ഒരേ പശ്ചാത്തലവും സമ്പത്തും രാഷ്ട്രീയ സ്വാധീനവും ഉന്നത സർവകലാശാലകളില്‍ പഠനവും ഒരേ രഹസ്യ സമൂഹത്തിൽ ചേർന്നു ഭരണാധികാരിയാകാൻ പരിശീലനവും ലഭിച്ച രണ്ടുപേർ ഒരേ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പണം ഉപയോഗിച്ച് മത്സരിക്കുന്നു - നോം ചോംസ്കി

ഭാഷാശാസ്ത്രജ്ഞനും രാഷ്ട്രീയ എഴുത്തുകാരനുമായ നോം ചോംസ്കിയുടെ പ്രസ്താവന ഏറക്കുറെ  ശരിവെയ്ക്കുന്നതാണ് യുഎസ് തെരഞ്ഞെടുപ്പും.  ഇത്തവണ അതിലുള്ള ഏക വ്യത്യാസം സ്ഥാനാർഥികളില്‍ ഒരാള്‍ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ,  ആഫ്രിക്കൻ-അമേരിക്കൻ വനിതയാണെന്നതാണ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രണ്ടാം വട്ട മത്സരത്തില്‍ നിന്നും പിന്മാറിയതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്‍റ് കൂടിയായ കമലയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഡാമേജ് കണ്‍ട്രോള്‍ എന്ന വിധത്തിലാണ് ഡെമോക്രാറ്റുകള്‍ കമലയെ അവതരിപ്പിച്ചതെങ്കിലും പ്രചരണം ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ മാറി. ശക്തമായ പോരാട്ടമാണ് കമല തെരഞ്ഞെടുപ്പില്‍ കാഴ്ചവെയ്ക്കുന്നത്.

നവംബർ 5ന് യുഎസ് ജനത വോട്ട് ചെയ്യാനായി തയ്യാറെടുക്കുമ്പോള്‍ അവരുടെ മുന്നില്‍ രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകില്‍ റിപ്പബ്ലിക്കന്‍ പാർട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് അല്ലെങ്കില്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസ്. രണ്ടു പേരും നിലപാടുകള്‍ കൊണ്ട് 'അമേരിക്കന്‍ സ്വപ്നത്തിന്‍റെ' വൈരുദ്ധ്യങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയവരാണ്. ഇവരില്‍ ആർക്കാണ് യുഎസില്‍ ജനപിന്തുണ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ തങ്ങളോട് ചേർന്ന് നില്‍ക്കുന്ന വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ആശയങ്ങളെ ഒന്നുകൂടി ദൃഢമായി പറഞ്ഞുവയ്ക്കുകയാണ് സ്ഥാനാർഥികള്‍.

കമലയും ട്രംപും എന്തൊക്കെ ആശയങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും വ്യത്യസ്ത വിഷയങ്ങളില്‍ അവരുടെ നയങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിച്ചാല്‍ യുഎസിന്‍റെ ഭാവിയിലേക്കുള്ള രണ്ട് വാതിലുകള്‍ തെളിയും.

വിലക്കയറ്റം

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ വിതരണ പ്രതിസന്ധിയും യുക്രെയ്‌ന്‍ യുദ്ധവും കാരണം ജോ ബൈഡന്‍റെ ഭരണകാലത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അത്തരം വെല്ലുവിളികള്‍ ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ വിലക്കയറ്റത്തെ വലിയ തോതില്‍ പ്രചരണ വിഷയം ആക്കാന്‍ ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റിക് ഭരണകൂടത്തെ പ്രതിരോധിക്കാനും പുതിയ വാഗ്ദാനങ്ങള്‍ നല്കാന്‍ കമലയും ശ്രദ്ധിച്ചിരുന്നു.

തൊഴിലാളി കുടുംബങ്ങളുടെ ഭക്ഷണച്ചെലവും വീട്ടു ചെലവുകളും കുറയ്ക്കുന്നതിനായിരിക്കും ആദ്യ ദിവസം മുതല്‍ താന്‍ മുൻഗണന നല്‍കുകയെന്നായിരുന്നു കമല ഹാരിസിന്‍റെ പ്രഖ്യാപനം. പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റത്തിനു നിരോധനം ഏർപ്പെടുത്തുമെന്നും ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുമെന്നും ഭവന വിതരണം വർധിപ്പിക്കുന്നതിന് പ്രോത്സാഹനങ്ങൾ നൽകുമെന്നുമായിരുന്നു കമലയുടെ വാഗ്ദാനം.

പണപ്പെരുപ്പം അവസാനിപ്പിക്കുമെന്നും അമേരിക്കയെ പ്രാപ്തയാക്കുമെന്നുമാണ് ട്രംപിന്‍റെ പ്രചരണം. എണ്ണയ്ക്കായുള്ള ഖനനം ഊർജച്ചെലവ് കുറയ്ക്കുമെന്നും ട്രംപ് പറയുന്നു. കുറഞ്ഞ പലിശ നിരക്കുകള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഭവന നിർമാണത്തിലെ സമ്മർദം കുറയ്ക്കുമെന്നും അവകാശപ്പെട്ടു. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്നത് പ്രസിഡന്‍റിന്‍റെ നിയന്ത്രണത്തിലല്ല. മാത്രമല്ല, ഇറക്കുമതിക്ക് ഉയർന്ന നികുതി ചുമത്തുമെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന വില വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പും നൽകുന്നു.


നികുതി

വൻകിട ബിസിനസുകാർക്കും പ്രതിവർഷം $400,000 (£305,000) സമ്പാദിക്കുന്ന അമേരിക്കക്കാർക്കും നികുതി ഉയർത്തണമെന്നാണ് കമലയുടെ വാദം. ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിച്ച് കുടുംബങ്ങള്‍ക്ക് മേലുള്ള നികുതി ഭാരം കുറയ്ക്കാനുള്ള നടപടികള്‍ ആവിഷ്കരിക്കുമെന്നും കമല വെളിപ്പെടുത്തി. ബൈഡന്‍ ഭരണകൂടത്തിന്‍റെ ചില സാമ്പത്തിക നയങ്ങളില്‍ നിന്ന് വേറിട്ട നിലപാട് സ്വീകരിക്കാനും കമല മടിക്കുന്നില്ല. 2025 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റില്‍ ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്സ് 23.6 ശതമാനത്തില്‍ നിന്നും 39.6 ശതമാനം ആയി ഉയർത്തണമെന്ന നിർദേശമാണ് ബൈഡന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് മയപ്പെടുത്തിയ കമല 28 ശതമാനം നികുതി വർധനയാണ് മുന്നോട്ട് വെയ്ക്കുന്നത്.

മറുവശത്ത്, 2027ല്‍ പ്രസിഡന്‍റായിരിക്കെ അവതരിപ്പിച്ച നികുതിയിളവുകളെ വിപുലീകരിക്കുന്ന നയങ്ങളെപ്പറ്റിയാണ് ട്രംപ് നിർദേശിക്കുന്നത്. ട്രില്യണ്‍ കണക്കിനു നികുതിയിളവുകള്‍ കൊണ്ടുവരുന്ന ട്രംപിന്‍റെ നയങ്ങള്‍ സമ്പന്നരെ സഹായിക്കാനായി ലക്ഷ്യംവെച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. ഉയർന്ന വളർച്ചാ നിരക്കിലൂടെയും ഇറക്കുമതി ചുങ്കത്തിലൂടെയും യുഎസ് ഖജനാവിലേക്ക് പണം എത്തിക്കുമെന്നാണ് ട്രംപിന്‍റെ വാദം. എന്നല്‍ ഇതൊക്കെ ഊതി വീർപ്പിച്ച ബലൂണ്‍ പോലൊരു പ്രതിഭാസമാണെന്നും ഇതുവഴി ധന കമ്മി വർധിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.


ഗർഭച്ഛിദ്രം

കമല ഹാരിസിന്‍റെ പ്രചരണത്തിന്‍റെ കേന്ദ്രമാണ് ഗർഭച്ഛിദ്ര അവകാശങ്ങൾ. രാജ്യവ്യാപകമായി പ്രത്യുൽപാദന അവകാശങ്ങൾ ഉൾക്കൊള്ളുന്ന നിയമനിർമാണത്തിനായാണ് കമല വാദിക്കുന്നത്. ഇത് വലിയ തോതിലുള്ള പിന്തുണയാണ് കമലയ്ക്ക് നേടി കൊടുക്കുന്നത്.

ഗർഭച്ഛിദ്രത്തെക്കുറിച്ച് ഒരു നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ ട്രംപിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രസിഡൻ്റായിരിക്കെ ട്രംപ് സുപ്രീം കോടതിയിലേക്ക് നിയമിച്ച മൂന്ന് ജഡ്ജിമാരും ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കിയ വിധിയില്‍ (1973 ലെ റോ vs വേഡ്) നിർണായക പങ്ക് വഹിച്ചവരായിരുന്നു.

കുടിയേറ്റം

യുഎസിന്‍റെ തെക്കന്‍ അതിർത്തിയിലെ പ്രതിസന്ധികളുടെ മൂലകാരണങ്ങള്‍ കൈകാര്യം ചെയ്യാനാണ് വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ കമല ഹാരിസിനെ ചുമതലപ്പെടുത്തിയിരുന്നത്. വടക്കോട്ടുള്ള ജനങ്ങളുടെ ഒഴുക്ക് തടയാൻ ലക്ഷ്യമിട്ട് പ്രാദേശിക നിക്ഷേപങ്ങള്‍ക്കായി ബില്യൺ കണക്കിന് ഡോളർ സ്വകാര്യ പണമാണ് കമല സ്വരൂപിച്ചത്.

2023 അവസാനത്തില്‍ മെക്‌സിക്കോയിൽ നിന്നുള്ള കുടിയേറ്റം റെക്കോർഡ് സംഖ്യയിലേക്ക് കടന്നിരുന്നു. എങ്കിലും കഴിഞ്ഞ നാലുവർഷമായി കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. ഇത്തവണത്തെ പ്രചരണത്തില്‍, തൻ്റെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കമല. കാലിഫോർണിയയിൽ മനുഷ്യക്കടത്തുകാർക്കെതിരെ പ്രവർത്തിച്ചിരുന്ന പ്രോസിക്യൂട്ടർ എന്ന നിലയിലുള്ള തൻ്റെ അനുഭവത്തെപ്പറ്റി കമല റാലികളില്‍ ഊന്നിപ്പറയുകയും ചെയ്തു.

തീവ്ര നിലപാടാണ് കുടിയേറ്റ വിഷയത്തില്‍ ട്രംപ് സ്വീകരിക്കുന്നത്. മെക്സിക്കന്‍ മതിലിന്‍റെ നിർമാണം പൂർത്തിയാക്കി മുദ്രവെയ്ക്കും എന്നായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. എന്നാൽ ഹാരിസിൻ്റെ പിന്തുണയുള്ള ക്രോസ്-പാർട്ടി ഇമിഗ്രേഷൻ ബില്ലിന് എതിരെയുള്ള കടുത്ത നിലപാടില്‍ നിന്നും പിന്‍മാറണമെന്ന് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ കുടിയേറ്റ ബില്ലിനെതിരെയുള്ള കരാർ പുനരുജ്ജീവിപ്പിക്കുമെന്നാണ് കമല പറയുന്നത്. അതേസമയം, യുഎസ് ചരിത്രത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ഏറ്റവും വലിയ കൂട്ട നാടുകടത്തലിനു മുന്‍കൈ എടുക്കുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.

വിദേശനയം

ഗാസ - ഇസ്രയേല്‍, യുക്രെയ്‌ന്‍-റഷ്യ സംഘർഷങ്ങളുടെ അലകള്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും കാണാന്‍ സാധിക്കും. യുക്രെയ്നെ എല്ലാക്കാലത്തും പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച കമല ഇസ്രയേലിനും പലസ്തീനുമിടയിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് ദീർഘകാലമായി വാദിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും കമല പറയുന്നു. അതേസമയം, കമല കൂടി ഭാഗമായ യുഎസ് ഭരണകൂടമാണ് അടുത്ത കാലംവരെ ഇസ്രയേലിനു ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നത്.

ഡോണാള്‍ഡ് ട്രംപിന്‍റേത് വേറിട്ട ഒരു വിദേശ നയമാണ്. എല്ലാ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ക്കും തന്‍റെ കയ്യില്‍ ഉടനടി പരിഹാരമുണ്ട് എന്ന നിലപാടാണ് ട്രംപിന്. ലോകത്തെ മറ്റിടങ്ങളിലെ സംഘർഷങ്ങളില്‍ നിന്നും യുഎസ് അകലം പാലിക്കണമെന്നാണ് ട്രംപിന്‍റെ നിലപാട്.

റഷ്യയുമായുള്ള ചർച്ചയിലൂടെ 24 മണിക്കൂറിനുള്ളിൽ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് പറയുന്നത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി ട്രംപ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പുടിന്‍റെ സ്വകാര്യ ഉപയോഗത്തിനായി കോവിഡ് കാലത്ത് ടെസ്റ്റിങ് കിറ്റുകള്‍ നല്‍കിയിരുന്നതായും മാധ്യമപ്രവർത്തകനായ ബോബ് വുഡ്‌വാർഡ് തന്‍റെ പുതിയ പുസ്തകത്തില്‍ (വാർ) എഴുതിയിരുന്നു.

ഗാസ വിഷയത്തില്‍ ഇസ്രയേല്‍ നിരയിലാണ് ട്രംപ് നിലയുറപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇസ്രയേല്‍-പലസ്തീന്‍ സംഘർഷങ്ങളെപ്പറ്റി അധികം പ്രസ്താവനകള്‍ ട്രംപ് നടത്തിയിട്ടുമില്ല.


ആരോഗ്യ പരിരക്ഷ

കമല ഹാരിസ് കൂടി ഭാഗമായ ബൈഡന്‍ ഭരണകൂടമാണ് പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ വില കുറയ്ക്കുകയും ഇൻസുലിൻ വില 35 ഡോളറായി പരിമിതപ്പെടുത്തുകയും ചെയ്തത്.

അഫോർഡബിള്‍ കെയർ ആക്ട് പൊളിച്ചെഴുതുമെന്ന് പലതവണ ആവർത്തിച്ചിരുന്ന ട്രംപ്, തെരഞ്ഞെടുക്കപ്പെട്ടാൽ നിയമം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ എങ്ങനെയാണ് ഇത് പ്രാവർത്തികമാക്കുക എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നതിന് നിർണായകമായത് ഈ നിയമമാണ്. നികുതിദായകരുടെ ധനസഹായത്തോടെ ഫെർട്ടിലിറ്റി ചികിത്സ ഉറപ്പാക്കുമെന്നും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻമാർ തന്നെ ഈ നയത്തെ എതിർത്തേക്കാം.

ക്രമസമാധാനം

ഒരു പ്രോസിക്യൂട്ടർ എന്ന നിലയിലുള്ള തന്‍റെ അനുഭവങ്ങളും കുറ്റവാളിയെന്ന നിലയിലുള്ള ട്രംപിന്‍റെ അനുഭവവും താരതമ്യപ്പെടുത്തി ക്രമസമാധാനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ വിലയിരുത്താനാണ് കമല ഹാരിസ് വോട്ടർമാരോട് അവശ്യപ്പെടുന്നത്.

മയക്കുമരുന്ന് കാർട്ടലുകളെ തകർക്കുമെന്നും ഗുണ്ടാസംഘങ്ങളുടെ അക്രമം അവസാനിപ്പിക്കുമെന്നും കുറ്റകൃത്യങ്ങള്‍ നിറഞ്ഞിരിക്കുന്ന ഡെമോക്രാറ്റിക് നഗരങ്ങൾ പുനർനിർമിക്കുമെന്നുമാണ് ട്രംപിന്‍റെ വാഗ്ദാനം. 'അകത്തെ ശത്രു' എന്നും 'തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ' എന്നും റിപ്പബ്ലിക്കന്‍ സ്ഥാനാർഥി പരിഹസിക്കുന്ന എതിരാളികൾ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തിയാല്‍ അവരെ നേരിടാൻ സൈന്യത്തെയോ റിസർവ് ഫോഴ്‌സായ നാഷണൽ ഗാർഡിനെയോ ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.

തോക്കുകള്‍

സ്വരക്ഷയ്ക്കായി തോക്കുകള്‍ സൂക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളുള്ള ജനതയാണ് യുഎസിലേത്. തോക്കുകള്‍ കൊണ്ടുള്ള അക്രമവും പല സ്റ്റേറ്റുകളിലും പതിവാണ്. ഈ സാഹചര്യത്തില്‍ ഇത്തരം അക്രമങ്ങള്‍ തടയുന്നതിനായി ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണം എന്ന നിലപാട് സ്വീകരിക്കുന്നവരാണ് കമലയും വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായ ടിം വാള്‍ട്സും. തോക്ക് ഉടമകളുടെ പശ്ചാത്തല പരിശോധന വിപുലീകരിക്കുന്നതിനും അപകടകരമായ ആയുധങ്ങൾ നിരോധിക്കുന്നതിനും കോൺഗ്രസിൻ്റെ സഹായം ആവശ്യമാണെന്നാണ് കമലയുടെ നിലപാട്. കമലയും ടിമ്മും തോക്ക് ലൈസന്‍സുള്ളവരാണ്.

പൗരർക്ക് ആയുധം വഹിക്കാനുള്ള ഭരണഘടനയുടെ രണ്ടാം ഭേദഗതിയുടെ വക്താവാണ് ട്രംപ്. മേയിൽ നാഷണൽ റൈഫിൾ അസോസിയേഷനെ അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ് താൻ അവരുടെ ഉറ്റ സുഹൃത്താണെന്ന് പ്രഖ്യാപിച്ചിരുന്നു.

മരിജുവാന

വിനോദ ഉപയോഗത്തിനായി കഞ്ചാവ് (മരിജുവാന) ഡീക്രിമിനലൈസ് ചെയ്യണമെന്നാണ് കമല ഹാരിസിന്‍റെ ആവശ്യം. കഞ്ചാവ് കൈവശം വെച്ചതിന് നിരവധി ആളുകളെ ജയിലിലേക്ക് അയക്കുന്നതിലും കറുത്ത, ലാറ്റിനോ പുരുഷന്മാരുടെ ആനുപാതികമല്ലാത്ത അറസ്റ്റുകളിലേക്കും കമല വിരല്‍ചൂണ്ടുന്നു.

എന്നാല്‍ മയപ്പെടുത്തിയ സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത്. വ്യക്തിപരമായ ഉപയോഗത്തിനായി ചെറിയ അളവിൽ കഞ്ചാവ് ഉപയോഗിക്കുന്ന പ്രായപൂർത്തിയായവരുടെ 'അനാവശ്യമായ അറസ്റ്റുകളും തടവുകളും' അവസാനിപ്പിക്കേണ്ട സമയമാണിതെന്നാണ് ട്രംപിന്‍റെ നിലപാട്.

NATIONAL
DMK അധികാരത്തില്‍ നിന്നിറങ്ങാതെ ചെരുപ്പ് ധരിക്കില്ല, സ്വയം 6 തവണ ചാട്ടവാറടിക്കും, മുരുകനോട് പ്രാര്‍ഥിക്കും: കെ. അണ്ണാമലൈ
Also Read
user
Share This

Popular

NATIONAL
WORLD
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു