ഏതു പ്രായക്കാർക്കും മെനിഞ്ചൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്
കൊച്ചി കളമശേരിയിൽ മെനിഞ്ചൈറ്റിസ് രോഗബാധ റിപ്പോർട്ട് ചെയ്തതോടെ എന്താണ് ഈ രോഗം, എങ്ങനെയാണ് ഇത് പകരുന്നത്, ലക്ഷണങ്ങൾ എന്തൊക്കെ എന്നതിനെപ്പറ്റിയാണ് ചർച്ച.
എന്താണ് മെനിഞ്ചൈറ്റിസ്
തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകൾക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. കേന്ദ്ര നാഡീവ്യൂഹത്തെ സംരക്ഷിക്കുക എന്നതാണ് മെനിഞ്ചസുകളുടെ ധർമ്മം. ഏതു പ്രായക്കാർക്കും മെനിഞ്ചൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിൽ അണുബാധ മൂലമുള്ള മരണങ്ങളിൽ രണ്ടാം സ്ഥാനമാണ് മെനിഞ്ചൈറ്റിസ് മരണങ്ങൾക്കുള്ളത്. പ്രധാനമായും വൈറസുകളും ബാക്ടീരിയയും മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നതെങ്കിലും ഫംഗസ്, പാരസൈറ്റുകൾ, ചില ഔഷധങ്ങൾ എന്നിവ മൂലവും മെനിഞ്ചൈറ്റിസ് ഉണ്ടാകാം.
രോഗകാരണങ്ങൾ
ബാക്ടീരിയ, ഫംഗസ്, പ്രോട്ടോസോവ എന്നിവയുടെ ബാധ മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നത്. എന്നാൽ അണുബാധ മൂലമല്ലാതെയും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. ഇതിനെ അസെപ്റ്റിക് മെനിഞ്ചൈറ്റിസ് എന്നാണ് വിളിക്കുന്നത്. സാധാരണഗതിയിൽ ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ചികിത്സിച്ചു ഭേദമായതിനു ശേഷമാണ് അസെപ്റ്റിക് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നത്.
ശിശുക്കളിൽ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോക്കോക്കൈ, ഇ-കോളി എന്നീ ബാക്ടീരിയയാണ് പ്രധാനമായും മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും നീസീരിയ മെനിഞ്ചൈറ്റിഡിസ്, സ്ട്രെപ്റ്റോക്കോക്കസ് ന്യൂമോണിയേ എന്നീ രോഗകാരികളാണ് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. മെനിഞ്ചൈറ്റിസ് ബാധിക്കപ്പെടുന്ന 10ൽ ഒരാളെന്ന കണക്കിൽ മരണം സംഭവിക്കുന്നു. ബാധിക്കപ്പെടുന്ന അഞ്ചിലൊരാൾക്ക് ജീവിതകാലം മുഴുവൻ നീളുന്ന വൈകല്യം സംഭവിക്കാനും സാധ്യതയുണ്ട്.
അന്തരീക്ഷത്തിലെ ഫംഗസ്, പൊടികൾ എന്നിവ ഉള്ളിലെത്തുന്നത് മൂലമുണ്ടാകുന്ന ഫംഗൽ മെനിഞ്ചൈറ്റിസും അപൂർവമാണ്. എന്നാൽ അർബുദം, എച്ച്ഐവി, പ്രമേഹം എന്നിവയുള്ളവർക്ക് ഫംഗൽ മെനിഞ്ചൈറ്റിസ് വരാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ
അസഹ്യമായ തലവേദനയാണ് മെനിഞ്ചൈറ്റിസിന്റെ പ്രധാന രോഗലക്ഷണം. കഴുത്തിലെ പേശികളുടെ വലിവ്, തീവ്രമായ പനി, മാനസികവിഭ്രാന്തി, ഓക്കാനം, ഛർദ്ദി എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ. കുട്ടികളിൽ ഉറക്കക്കൂടുതൽ, അപസ്മാരം, സന്നിപാതം (Delirium) എന്നിവയും ഉണ്ടാകാറുണ്ട്.
ചികിത്സ
ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുള്ള മെനിഞ്ചൈറ്റിസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. മെനിഞ്ചൈറ്റിസ് ചികിത്സ ഇതിന്‍റെ കാരണത്തെ അടിസ്ഥാനമാക്കിയിരിക്കും. ഈ രോഗത്തിന്‍റെ മുഖ്യ കാരണങ്ങളാകാറുള്ള മെനിഞ്ചോകോക്കസ്, ന്യൂമോകോക്കസ് ബാക്ടീരിയകള്‍ക്കും ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സയ്ക്കും എതിരെ വാക്സീനുകള്‍ ഇന്ന് ലഭ്യമാണ്. വാക്സീനുകള്‍ മൂലം പ്രതിരോധിക്കാന്‍ കഴിയുന്ന ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് ബാധ 50 ശതമാനവും ഇത് മൂലമുള്ള മരണങ്ങള്‍ 70 ശതമാനവും 2030 ഓടെ കുറയ്ക്കണമെന്നാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. മെനിഞ്ചൈറ്റിസ് മൂലം മരണം വരെ സംഭവിക്കാവുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് പ്രധാനമാണ്.