ഒരുമിച്ച് നിന്നില്ലെങ്കിൽ ബംഗ്ലാദേശിന് സമാനമായ സാഹചര്യം രാജ്യത്ത് ഉണ്ടാവുമെന്നായിരുന്നു യോഗി ആദിത്യനാഥിൻ്റെ വിവാദ പ്രസ്താവന
ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ ബംഗ്ലാദേശിന് സമാനമായ സാഹചര്യം രാജ്യത്തുണ്ടാവുമെന്ന വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പത്ത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആദിത്യനാഥിൻ്റെ പ്രസ്താവന. ഭൂരിപക്ഷ സമുദായത്തെ ഏകോപിപ്പിക്കാമെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രസ്താവനയ്ക്ക് പുറമെ പ്രതിപക്ഷത്തിന് എതിരെയുള്ള ആരോപണങ്ങളും ബിജെപി നേതാവ് ഉയർത്തി.
ആഗ്രയിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബിനോട് യുദ്ധം ചെയ്ത യോദ്ധാവ് ദുർഗാദാസ് റാത്തോഡിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലാണ് ആദിത്യനാഥിൻ്റെ പ്രസ്താവന. "ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത്? ആ തെറ്റുകൾ ഇവിടെ ആവർത്തിക്കപ്പെടരുത്. ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നാം കശാപ്പ് ചെയ്യപ്പെടും," നേതാവ് പറഞ്ഞു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന ആക്ഷേപവും ആദിത്യനാഥ് ഉയർത്തി. വോട്ട് ബാങ്ക് നഷ്ടപെടുമെന്ന് ഭയത്താലാണ് പ്രതിപക്ഷം വിഷയത്തിൽ മൗനം പാലിക്കുന്നത് എന്നായിരുന്നു ആദിത്യനാഥിൻ്റെ ആരോപണം.
"രാജ്യത്തേക്കാൾ വലുതായി ഒന്നുമില്ല. നമ്മൾ ചരിത്രത്തിൽ നിന്ന് പഠിക്കുകയും തെറ്റുകൾ വരുത്തുകയും വേണം.ഹസീന സർക്കാരിനെതിരായ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമത്തിന് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരുന്നു. അക്രമത്തിൽ നിരവധി ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും തകർന്നു. ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കോൺഗ്രസും മറ്റ് ചില പാർട്ടികളും ജാതി സെൻസസ് ആവശ്യപ്പെടുന്നതിനെ പരാമർശിച്ച് ആദിത്യനാഥ് പറഞ്ഞു. ഭിന്നിച്ചാൽ ഹിന്ദുക്കൾ ദുർബലരാകും," യുപി മുഖ്യമന്ത്രി പറഞ്ഞു.