സ്റ്റീഫന് നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയായി മോഹന്‍ലാലും സയീദ് മസൂദായി പൃഥ്വിരാജും എത്തിയാലും പിന്നെയും ഒരു ക്യാരക്ടര്‍ ബാക്കിയാണ്
എംപുരാന്റെ ക്യാരക്ടര്‍ പോസ്റ്ററിലെ നാലാമനായി ടോവിനോ തോമസിന്റെ ജതിന്‍ രാംദാസ് എത്തി. ലൂസിഫറില്‍ മോഹന്‍ ലാലിനൊപ്പം സീന്‍ ഇല്ലായിരുന്നെങ്കിലും, എംപുരാനില്‍ മികച്ചൊരു സീന്‍ ഉണ്ടെന്നാണ് ടോവിനോയുടെ വെളിപ്പെടുത്തല്‍. കഥയുടെ ടോട്ടാലിറ്റി അറിയില്ലെന്നും, ചിത്രം റിലീസ് ചെയ്യുന്നതിനായുള്ള കാത്തിരിപ്പിലാണെന്നും ടോവിനോയും കൂട്ടിച്ചേര്‍ക്കുന്നു. ജതിന്‍ രാംദാസിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവന്നതോടെ, ചിത്രത്തില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് ക്യാരക്ടറുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയായി മോഹന്‍ലാലും സയീദ് മസൂദായി പൃഥ്വിരാജ് സുകുമാരനും എത്തിയാലും പിന്നെയും ഒരു ക്യാരക്ടര്‍ ബാക്കിയാണ്. ആരാകും ആ മൂന്നാമന്‍ എന്നാണ് ആരാധകരുടെ ആകാംക്ഷ. അതൊരു പ്രതിനായകന്‍ ആകാനാണ് സാധ്യത. അബ്രാം ഖുറേഷിക്ക് ഒത്തൊരു പ്രതിനായകന്‍.
എംപുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ലെന്നും സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണെന്നുമാണ് കഥയെഴുതിയ മുരളി ഗോപി പറയുന്നത്. എംപുരാന് ഒരു അന്താരാഷ്ട്ര സ്വഭാവമുണ്ടെന്ന് മുരളിയും സംവിധായകനായ പൃഥ്വിരാജ് സുകുമാരനും ആവര്‍ത്തിക്കുന്നുമുണ്ട്. അങ്ങനെയെങ്കില്‍ ലൂസിഫറിന്റെ പ്രീക്വലും സീക്വലും എന്ന രീതിയിലാകും എംപുരാന്‍ എത്തുക. മോഹന്‍ലാലിന്റെ അബ്രാം ഖുറേഷിയെ കേന്ദ്രീകരിച്ചാകും ചിത്രം മുന്നോട്ടുപോകുക. അവിടെ, അബ്രാം ഖുറേഷിക്കൊത്തൊരു പ്രതിനായകന്‍ ആവശ്യമായി വന്നേക്കും. ലൂസിഫറില്‍ പ്രതിനായക വേഷത്തില്‍ വിവേക് ഒബ്റോയിയുടെ ബോബിയുണ്ടായിരുന്നു. ആദ്യ ഭാഗത്തില്‍ തന്നെ ബോബി കൊല്ലപ്പെടുന്നുണ്ട്. അതിനാല്‍ രണ്ടാം ഭാഗത്തില്‍ തീര്‍ച്ചയായും മറ്റൊരു പ്രതിനായകന്‍ വേണ്ടിവരും.
ALSO READ: സത്യാന്വേഷിയായ ഗോവർധൻ എമ്പുരാനിലും; കഥാപാത്രത്തെ പരിചയപ്പെടുത്തി ഇന്ദ്രജിത്ത്
അലക്സ് ഒ നെല്‍ അവതരിപ്പിച്ച റോബര്‍ട്ട് മക്കാര്‍ത്തി എന്ന കഥാപാത്രം, കംപ്യൂട്ടറില്‍ ആരെയോ തിരയുന്നതില്‍ നിന്നാണ് ലൂസിഫര്‍ ആരംഭിക്കുന്നത്. ഒടുവില്‍ അത് അബ്രാം ഖുറേഷിയെ ആണെന്ന് മനസിലാക്കുമ്പോള്‍, മിഷേല്‍ ഫ്ലാഗ് ഇറ്റ് ഓഫ്, ഇറ്റ് ഈസ് അബ്രാം ഖുറേഷി എന്ന് മറ്റൊരു കഥാപാത്രത്തിനോട് വിളിച്ചു പറയുന്നത് കാണാം. ഒറ്റ സീനില്‍ വന്നുപോകുന്ന അമേരിക്കന്‍ നടന്‍ അലക്സ് ഒ നെല്‍ എംപുരാനിലും ഭാഗമാണ്. എച്ച്ബിഒ നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിലെ താരങ്ങളിലൊരാളായ ഇംഗ്ലീഷ് നടന്‍ ജെറോ ഫ്ളിന്‍ ബോറിസ് ഒലിവര്‍ എന്ന കഥാപാത്രമായും, ഫ്രഞ്ച് നടന്‍ എറിക് എബൗണി കബൂഗ എന്ന കഥാപാത്രമായും ചിത്രത്തിലെത്തുന്നു. ഇത്തരത്തില്‍ മലയാള താരങ്ങള്‍ക്കൊപ്പം, ഒരുപിടി വിദേശ താരങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലേക്ക് ആര് എത്തുമെന്ന ആകാംക്ഷയാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ വളര്‍ത്തുന്നത്.
ALSO READ: സ്റ്റീഫന് ഒരു എതിരാളി കൂടി, കബൂഗ! എമ്പുരാനിൽ ഫ്രഞ്ച് നടൻ എറിക് എബൗണിയും
മാര്‍ച്ച് 27നാണ് എംപുരാന്റെ റിലീസ്. മോഹന്‍ലാലിനൊപ്പം ലൂസിഫറിലുണ്ടായിരുന്ന മഞ്ജു വാര്യർ, ടോവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ ഒരുപിടി പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിര്‍മാണം. ദീപക് ദേവ് ആണ് എംപുരാനും സംഗീതമൊരുക്കുന്നത്.ഛായാഗ്രഹണം സുജിത് വാസുദേവ്. അഖിലേഷ് മോഹൻ ആണ് എഡിറ്റിങ്.